Sathyadarsanam

കാള പെറ്റു: പോസ്റ്റിട്ടു

കാള പെറ്റു എന്ന് കേട്ടാൽ കയറെടുക്കുക എന്ന പഴഞ്ചൊല്ല് ഈ കാലഘട്ടത്തിനനുസൃതമായി പരിഷ്കരിക്കപ്പെട്ടത് കുറച്ചു നാളുകൾക്ക് മുൻപ് കാണാനിടയായി. കാള പെറ്റു എന്നു കേട്ടാൽ പോസ്റ്റിടും എന്നായിരുന്നു അത്. ഇനി ഇങ്ങനെ ഇടുന്ന പോസ്റ്റുകളെ മുൻപിൻ നോക്കാതെ കുറേ പേർ ഷെയർ ചെയ്യും. കുറച്ചു കഴിയുമ്പോൾ കാളപ്രസവിച്ചു എന്നത് തെളിയിക്കേണ്ടത് പോസ്റ്റിട്ടവന്റെയും ഷെയറിയവരുടെയും ആവശ്യമായിത്തീരുകയും അവർ അത് ഏത് വിധേനയും സമർത്ഥിക്കാൻ ശ്രമിക്കുകയും ചെയ്യും. ഇതിനെയും പിന്താങ്ങാൻ ധാരാളം പേർ കാണും. സമൂഹമാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വാർത്തകളും, വിവാദങ്ങളും ഏറെ വിശകലനം ചെയ്തതിനു ശേഷം മാത്രമേ മറ്റുള്ളവരുമായി പങ്കു വയ്ക്കാറുള്ളു. പ്രത്യേകിച്ച് വിവാദങ്ങളും, ആരോപണങ്ങളും പ്രത്യാരോപണങ്ങളുമൊക്കെ.

ആരോപണമുന്നയിക്കുന്നവരെല്ലാം ശരിയും ആരോപണ വിധേയരാകുന്നവരൊക്കെ കുറ്റക്കാരുമായിരിക്കും എന്നൊരു പൊതു ധാരണ ഇപ്പോൾ മലയാളികളുടെ ബോധ്യതലത്തിൽ കുത്തിവയ്ക്കപ്പെട്ടോ എന്നൊരു സംശയം കുറേക്കാലമായി തോന്നാറുണ്ട്.ഇത് വളരെ അപകടകരമായ ഒരു പ്രവണതയാണ് എന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് പലപ്പോഴും പല വൈറൽ ആ രോപണങ്ങളുടെയും ന്യൂസുകളുടെയുമൊക്കെ മറുപുറവും യാഥാർത്ഥ്യവുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെയ്ക്കാൻ ശ്രമിക്കാറ്.

മാധ്യമങ്ങളിലൂടെയും അല്ലാതെയുമൊക്കെ ആരോപണങ്ങളുന്നയിക്കുന്നവരിൽ സത്യസന്ധമായതും അല്ലാത്തവയും ഉണ്ടാവും എന്ന് നമ്മൾ മറന്നു പോകുന്നു. മറ്റുള്ളവരെ തകർക്കാനും, അസൂയ മൂലവും ആരോപണങ്ങളും അപവാദങ്ങളും ഉന്നയിക്കപ്പെടാം എന്ന വസ്തുത സൗകര്യപൂർവം അവഗണിക്കുന്നു.
മറ്റൊരു പ്രധാനപ്പെട്ട കാര്യം, ആരോപണമുന്നയിക്കുന്നവരുടെ മാനസികാരോഗ്യമാണ്. ഒന്ന് രണ്ടോ ആഴ്ചകൾക്ക് മുൻപ് fb യിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിൽ, സമൂഹത്തിൽ വളരെ പ്രമുഖനായ ഒരു വ്യക്തിയെക്കുറിച്ച് അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത് കണ്ടു. ആ വ്യക്തിക്ക് ഒരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നും ആ ബന്ധത്തിൽ മക്കളുണ്ടെന്നു മൊക്കെയായിരുന്നു ആരോപണം.
ആരോപണ വിധേയനായ വ്യക്തിയെയും, ഈ സ്ത്രീയെയും നേരിട്ടറിയാമായിരുന്നത് കൊണ്ട് പെട്ടെന്ന് തന്നെ അത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചു.
ഇതിൽ പരാമർശിക്കപ്പെട്ട സ്ത്രീ Schizophrenia എന്ന ഗുരുതരമായ മാനസിക രോഗം ഉള്ള വ്യക്തിയായിരുന്നു. ഈ രോഗത്തിന്റെ ഭാഗമായി അവർക്ക് Delusion of grandiosity എന്ന മാനസികാവസ്ഥയുമുണ്ടായിരുന്നു. Delusion of grandiosity യെക്കുറിച്ച് വളരെ ലളിതമായി ചുരുക്കിപ്പറയാം. തന്നെക്കുറിച്ചു തന്നെ, യഥാർത്ഥ്യത്തിന് നിരക്കാത്തതും, അവാസ്തവും, ഊതിപ്പെരുപ്പിച്ചതുമായ വിശ്വാസങ്ങളും ചിന്തകളുമാണത്. ഉദാഹരണത്തിന് – താൻ അമേരിക്കൻ പ്രസിഡന്റാണെന്നോ, അദ്ദേഹത്തിന്റെ ഭാര്യയാണെന്നോ, ഏതെങ്കിലും പ്രമുഖ സിനിമാ താരമോ, കോടീശ്വരനോ ആണെന്നോ ഒക്കെ ഇക്കൂട്ടർക്ക് തോന്നുകയും ആ വിശ്വാസത്തിൽ പ്രവർത്തിക്കുകയും ചെയ്യും. ചിലർ, തങ്ങൾ ഉണ്ണീശോയെ അല്ലെങ്കിൽ ഉണ്ണിക്കൃഷ്ണനെ ഗർഭം ധരിച്ചിരിക്കുന്നു എന്ന് അവകാശപ്പെടും. തങ്ങൾക്ക് അസാമാന്യമായ ബുദ്ധിയും കഴിവുമാണെന്നും , ചിരഞ്ജീവി കളാണെന്നും ലോകത്തെ മുഴുവൻ നിയന്ത്രിക്കാൻ കഴിയുമെന്നുമൊക്കെ ഇവർക്ക് തോന്നും. പുറമെ നിന്ന് നോക്കുന്നവർക്ക് അവരുടെ ചിന്തകളും വിശ്വാസങ്ങളും വിഢിത്തമായി തോന്നിയാലും അനുഭവിക്കുന്നവർക്ക് അത് യാഥാർത്ഥ്യമായാണ് തോന്നുക.
മേൽ പറഞ്ഞ സ്ത്രീയും ഇങ്ങനെയൊരു Delusion ഉള്ളയാളായിരുന്നു. അവർ ഒരു പ്രശസ്തനും പ്രമുഖനുമായ ഒരു വ്യക്തിയുടെ ഭാര്യയാണ് എന്ന വിശ്വാസം. ഒടുവിൽ നാട്ടുകാർ തന്നെ അവരെ ഒരു ചികിൽസാ കേന്ദ്രത്തിലാക്കുകയായിരുന്നു. ഒരു മാനസിക രോഗിയുടെ ജല്പനങ്ങളും വിശ്വാസങ്ങളും തങ്ങൾക്കിഷ്ടമില്ലാത്ത ഒരു വ്യക്തിയെ നശിപ്പിക്കാനുള്ള ആയുധമായി സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടതു കണ്ടപ്പോൾ അമർഷം തോന്നി.

മറ്റൊരു സംഭവം ഓർമ്മയിലുണ്ട്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ office staff ആയിരുന്ന കുട്ടിക്ക് ചെറിയൊരപകടം പറ്റി. അധികൃതർ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചു. വേണ്ടതെല്ലാം ചെയ്തു.നെറ്റിയിൽ ചെറിയൊരു മുറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു.stich ഇടാൻ പോലുമുള്ള ആഴമില്ല. എങ്കിലും തലയ്ക്ക് പറ്റിയ ക്ഷതമായതുകൊണ്ട് ഡോക്ടേഴ്സ് ഒരു ദിവസം observation ൽ കിടത്തി. വിവരമറിഞ്ഞ് അമ്മയും സഹോദരനും ആശുപത്രിയിലെത്തി. അല്പസമയം കഴിഞ്ഞപ്പോൾ, അവർ ആശുപത്രി അധികൃതർ, ഡോക്ടേഴ്സ്, ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ അധികൃതർ – എല്ലാവർക്കുമെതിരെ പരാതി പറയാനും ബഹളം വയ്ക്കാനും തുടങ്ങി. മുറിവ് വളരെ ഗുരുതരമാണെന്നും ശരിയായ പരിചരണം ലഭിച്ചില്ലെന്നും പറഞ്ഞായിരുന്നു ബഹളം. വളരെ ചെറിയ മുറിവാണെന്നും, പേടിക്കാനില്ലെന്നും ഡോക്ടേഴ്സ് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അവർ സമ്മതിച്ചില്ല. അവിടെ നിന്നും discharge വാങ്ങി മറ്റൊരു ആശുപത്രിയിലെത്തിച്ചു. അവിടെയും ഡോക്ടർമാർ പറഞ്ഞത് അംഗീകരിക്കാതെ പ്രശ്നമുണ്ടാക്കി, discharge ചെയ്തു. പെൺകുട്ടിയുടെ സഹോദരൻ , ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെത്തി, അധികൃതരെ ചീത്ത വിളിച്ചു. നാടു മുഴുവൻ മോശമായ കാര്യങ്ങൾ പറഞ്ഞു പരത്തി. അന്വേഷണത്തിൽ മനസ്സിലായത്, ആ കുടുംബത്തിൽ അമ്മയ്ക്കും മൂന്ന് മക്കൾക്കും മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു എന്നതാണ്. Paranoia എന്ന മാനസികാവസ്ഥയായിരുന്നു അവർക്കുണ്ടായിരുന്നത്. എല്ലാവരും തങ്ങൾക്കെതിരാണെന്നും, ഗൂഢാലോചന നടത്തുന്നുവെന്നും, ഉപദ്രവിക്കാൻ ശ്രമിക്കുന്നുവെന്നുമൊക്കെ അവർക്ക് തോന്നുകയും, അത് മറ്റുള്ളവരുടെ മേൽ ആരോപിക്കുകയും, പ്രശ്നമുണ്ടാക്കുകയും ചെയ്യും. സംശയ രോഗികളായ ദമ്പതികൾ തങ്ങളുടെ പങ്കാളികളെക്കുറിച്ച് ആരോപിക്കുന്ന കാര്യങ്ങൾ കേട്ടാൽ, മനശ്ശാസ്ത്രപരമായ അറിവില്ലാത്ത ഒരാളാണെങ്കിൽ, അവ സത്യമാണെന്ന് വിശ്വസിച്ചു പോയേക്കാം.

നെഗറ്റിവ് പബ്ലിസിറ്റി ആഗ്രഹിക്കുന്നവരും, പല തരത്തിലുള്ള സ്ഥാപിത താൽപര്യങ്ങളുള്ളവരും ആരോപണങ്ങളുമായിറങ്ങിയേക്കാം.
ഇത്രയും പറഞ്ഞത് ആരോപണങ്ങളും, ആരോപിക്കുന്നവരും ഒരിക്കലും ശരിയല്ല എന്ന് പറയാനല്ല മറിച്ച് എല്ലായ്പോഴും ശരിയാവണം എന്ന് നിർബന്ധമില്ല എന്ന് പറയാനാണ്. വിമർശനാത്മകമായി വിലയിരുത്താനും സത്യം അന്വേഷിച്ചറിഞ്ഞ് മാത്രം പ്രതികരിക്കാനും നമുക്ക് കഴിയണം. ഇല്ലെങ്കിൽ, നാളെ ഒരു മാനസിക രോഗിയുടെ ഭ്രമ കല്പനകളോ ജല്പനങ്ങളോ മതിയാകും ആർക്കും ആരെയും തകർക്കാൻ . എന്നെയും ഇത് വായിക്കുന്ന നിങ്ങളെയും

നിഷാ ജോസ്‌

Leave a Reply

Your email address will not be published. Required fields are marked *