Sathyadarsanam

കണ്ണീരില്‍ കുതിര്‍ന്ന കുടുംബങ്ങള്‍

മനുഷ്യദുഃഖത്തിന്റെ ആഴവും പരപ്പും വെളിപ്പെടുത്തുന്ന അതിസുന്ദരമായ ഒരു കാവ്യം ബൈബിളിലുണ്ട്‌. അതാണ് വിലാപങ്ങളുടെ പുസ്തകം.ജറമിയാപ്രവാചകന്റെ പുസ്തകത്തിനു ശേഷമാണ് അത് കത്തോലിക്കാ ബൈബിളില്‍ ചേര്‍ത്തിരിക്കുന്നത്. പരമ്പരാഗതമായി ഈ പുസ്തകത്തിന്റെ കര്‍ത്താവ് ജറമിയാ ആണെന്നു കരുതിയിരുന്നു.ആധുനിക പഠനമനുസരിച്ച് ജറമിയായല്ല, ജറുസലേമിന്റെ പതനത്തിനു സാക്ഷ്യം വഹിച്ച മറ്റേതോ വ്യക്തിയാണ് ഈ പുസ്തകം രചിച്ചത്. സപ്തതി വിവര്‍ത്തനത്തില്‍ ‘തെണോയി’ എന്നാണ് ഈ പുസ്തകത്തിന്റെ ശീര്‍ഷകം. ഇതില്‍ നിന്നാണ് വിലാപങ്ങള്‍ എന്ന മലയാള നാമത്തിന്റെ നിഷ്പത്തി. ഹീബ്രു ബൈബളില്‍ ‘ഏക്കാ’ എന്നാണ് ഈ ഗ്രന്ഥത്തിന്റെ നാമധേയം. ഏക്കാ എന്നതിന്റെ അര്‍ത്ഥം ‘എങ്ങനെ’ എന്നാണ്. ഈ പുസ്തകത്തിലെ ഒന്നാമത്തെയും രണ്ടാമത്തെയും നാലാമത്തെയും കാവ്യങ്ങള്‍ ‘ഏക്കാ’ എന്ന വാക്കിലാണ് ആരംഭിക്കുന്നത്. ദൈവശാസ്ത്രപരമായ അര്‍ത്ഥം ഈ വാക്കിനുണ്ട്‌. അതിമനോഹരമായ ജറുസലേം നഗരം ഈവിധം തകര്‍ന്ന് തരിപ്പണമായതെങ്ങനെയെന്ന ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് ഗ്രന്ഥകാരന്‍. ദൈവത്തില്‍ നിന്നകലുന്ന വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും നഗരങ്ങള്‍ക്കും വന്നുഭവിക്കുന്ന ദുരന്തമാണിത്. കുടുംബം ദൈവത്തില്‍ നിന്നകലുമ്പോഴും ഇത്തരമൊരു അവസ്ഥയിലാകും എത്തിപ്പെടുന്നത്. അഞ്ച് കാവ്യങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ജറുസലേം നഗരത്തിന്റെ ദാരുണമായ പതനവും ഇസ്രായേല്‍ ജനത്തിനുണ്ടായ ദുഃഖദുരിതങ്ങളുമാണ് ഈ കാവ്യങ്ങളുടെ പ്രമേയം. അതിപ്രധാനമായൊരു രചനാസങ്കേതം ഗ്രന്ഥകാരന്‍ ഉപയോഗിക്കുന്നു.അക്ഷരമാലയുടെ പ്രാസവിന്യാസമാണത്. ഹീബ്രുവില്‍ 22 അക്ഷരങ്ങളാണുള്ളത്. ആദ്യത്തെ നാലു കാവ്യങ്ങളുടെ വരികള്‍ ഹീബ്രു അക്ഷരമാല ക്രമത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓരോ കാവ്യവും ‘ആലപ്പ്’ എന്ന ആദ്യ അക്ഷരത്തില്‍ ആരംഭിച്ച് ‘താവ്’ എന്ന അന്ത്യാക്ഷരത്തില്‍ അവസാനിക്കുന്നു. എന്നാല്‍ അഞ്ചാമത്തെ കാവ്യത്തില്‍ 22 വാക്യങ്ങളുണ്ടെങ്കിലും അക്ഷരമാലപ്രാസം പിന്തുടരുന്നില്ല.

ഈ പ്രത്യേക രചനാസങ്കേതത്തിന്റെ അര്‍ത്ഥമെന്ത്?

പരിപൂര്‍ണ്ണമായ ദുഃഖത്തിന്റെ കവിഞ്ഞൊഴുകലുകളാണ് ഈ ഗ്രന്ഥത്തില്‍ വെളിപ്പെടുന്നതെന്നു സ്ഥാപിക്കാനാണ് ആദ്യത്തെ നാലു കാവ്യങ്ങളില്‍അക്ഷരമാല പ്രാസം ഉപയോഗിച്ചിരിക്കുന്നത്. അഞ്ചാമത്തെ കാവ്യത്തില്‍ പ്രാസം ഉപേക്ഷിച്ചതിലൂടെ സര്‍വ്വത്ര തകര്‍ച്ചയും ക്രമരാഹിത്യവും സമൂഹത്തില്‍ നടമാടുന്നു എന്നു സൂചിപ്പിക്കുന്നു. അങ്ങനെ അക്ഷരമാല പ്രാസം തന്നെ ദൈവികവെളിപാടിന്റെ മാധ്യമമായി ഗ്രന്ഥകാരന്‍ ഉപയോഗിച്ചിരിക്കുന്നു. കുടുംബങ്ങളുടെ കണ്ണുനീര്‍ ഇന്ന് കുടുംബം അനേകം വെല്ലുവിളികള്‍ നേരിടുന്നു. സാമ്പത്തിക പരാധീനതകള്‍ മാത്രമല്ല, സാമൂഹികമായും മാനസികമായും ആത്മീയവുമായ പ്രശ്‌നങ്ങളും നിരന്തരം കുടുംബങ്ങളെ വേട്ടയാടുന്നു. ബന്ധങ്ങളുടെ തകര്‍ച്ചയും ഭാവിയെപ്പറ്റിയുള്ള ആശങ്കകളും മത്സരഭ്രാന്തില്‍ തിരക്കു പിടിച്ച ആധുനിക സമൂഹത്തിന്റെ സമ്മര്‍ദ്ദങ്ങളും കുടുംബങ്ങളെ കണ്ണീര്‍ക്കടലിന്റെ മധ്യത്തിലേക്ക് വലിച്ചെറിയുന്നു. വിശ്വാസ ചൈതന്യത്തില്‍ വെല്ലുവിളികള്‍ നേരിടാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന കൃതിയാണ് വിലാപങ്ങളുടെ പുസ്തകം. ജറുസലെമിന്റെ നാശത്തില്‍ പൊഴിയുന്ന കണ്ണുനീര്‍ കുടുംബങ്ങളുടെ തകര്‍ച്ചയില്‍ നിന്നൊഴുകുന്നകണ്ണുനീര്‍ തന്നെയാണെന്ന് ഈ പുസ്തകം വായിക്കുമ്പോള്‍ നമുക്ക് ബോധ്യമാകും.ഈ കാവ്യങ്ങളില്‍ രണ്ട്‌ കഥാപാത്രങ്ങളുണ്ട്‌. തകര്‍ന്നു കിടക്കുന്ന ജറുസലം നഗരത്തെ അടുത്തുനിന്ന് നോക്കിക്കാണുന്ന രചയിതാവ്, അപമാനവും അവഹേളനവും സഹിച്ച് വാവിട്ടു കരയുന്ന സീയോന്‍പുത്രി. അവള്‍ അമ്മയാണ്. അവളുടെ വിലാപമാണ് ഈ കാവ്യങ്ങളില്‍ മുഴങ്ങുന്നത്.

കാവ്യ വിശകലനം

ഒന്നാമത്തെ കാവ്യം (1 : 1-22) ആരംഭിക്കുന്നത് ജറുസലേമിന്റെ വീഴ്ചയെ പരാമര്‍ശിച്ചുകൊണ്ടാണ്. “ഒരിക്കല്‍ ജനനിബിഡമായിരുന്ന നഗരം ഇന്ന് എത്ര ഏകാന്തമായിരിക്കുന്നു; ജനതകളില്‍ ഉന്നതയായിരുന്നവള്‍ ഇന്നിതാ വിധവയെപ്പോലെ ആയിരിക്കുന്നു. നഗരങ്ങളുടെ റാണിയായിരുന്നവള്‍ ഇന്നിതാ കപ്പം കൊടുത്തു കഴിയുന്നു” (വിലാ. 1:1). സീയോന്‍ പുത്രിയായ അമ്മ ഹൃദയം നുറുങ്ങി വിലപിക്കുന്നു. താന്‍ അതികഠിനമായ ദുഃഖം അനുഭവിക്കുന്നു. തന്റെ അകൃത്യങ്ങളുടെ നുകം കര്‍ത്താവ് തന്റെ കഴുത്തില്‍ വച്ചിരിക്കുന്നു. ദിവസം മുഴുവന്‍ താന്‍ ബോധം കെട്ടു കിടക്കുന്നു. തന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. തന്നെ ആശ്വസിപ്പിക്കാന്‍ ആരുമില്ല. താന്‍ കര്‍ത്താവിന്റെ വചനം ധിക്കരിച്ച് പാപം ചെയ്തതിനാലാണ് ഈ നാശം സംഭവിച്ചത്. തന്റെ എണ്ണമറ്റ തെറ്റുകളാണ് ഈ പതനത്തിനു കാരണം.

രണ്ടാമത്തെ കാവ്യത്തില്‍ (2 : 1-22) രചയിതാവ് സീയോന്‍പുത്രിയുടെ കഷ്ടതകള്‍ വിവരിക്കുന്നു. അവസാനം സീയോന്‍ പുത്രി നേരിട്ട് കര്‍ത്താവിനോട് പരാതി പറഞ്ഞ് വിലപിക്കുന്നു (വിലാ. 2 :20-22). മതനേതൃത്വത്തിന്റെ പരാജയമാണ് നാശം വിളിച്ചുവരുത്തിയത് (വിലാ 2 : 14).

മൂന്നാമത്തെ കാവ്യത്തില്‍ (3 : 1-66) ധീരനായ ഒരു വിശ്വാസിയാണ് സംസാരിക്കുന്നത്. പ്രത്യാശയുടെ പ്രഘോഷണമാണ് ഈ കാവ്യം. പ്രത്യാശയ്ക്കു കാരണങ്ങള്‍ അദ്ദേഹം ക്രമബദ്ധമായി വര്‍ണ്ണിക്കുന്നു. “കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; ഓരോ പ്രഭാതത്തിലും അത് പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ്. കര്‍ത്താവാണ് എന്റെ ഓഹരി. അവിടുന്നാണ് എന്റെ പ്രത്യാശ. കര്‍ത്താവ് നല്ലവനാണ്. അവിടുത്തെ രക്ഷയെ ശാന്തമായി കാത്തിരിക്കുക. കര്‍ത്താവ് ജനത്തെ എന്നേക്കുമായി ഉപേക്ഷിക്കുകയില്ല; അവിടുന്ന് വേദനിപ്പിച്ചാലും തന്റെ കാരുണ്യത്തിനനുസൃതമായി ദയ കാണിക്കും. അവിടുന്ന് മനഃപൂര്‍വ്വം മനുഷ്യമക്കളെ പീഡിപ്പിക്കുന്നില്ല. അനീതിയുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ത്താവ് അംഗീകരിക്കുന്നില്ല. അത്യുന്നതനില്‍ നിന്നാണ് നന്മയും തിന്മയും വരുന്നത്. പാപത്തിനു കിട്ടിയ ശിക്ഷയെപ്പറ്റി മനുഷ്യന്‍ പരാതിപ്പെടുന്നതെന്തിന്? നമുക്ക് അനുതപിച്ച് കര്‍ത്താവിങ്കലേക്ക് തിരിയാം. നമ്മുടെ ഹൃദയം ദൈവത്തിലേക്ക് ഉയര്‍ത്താം. നാംപാപം ചെയ്തു; ധിക്കാരം കാണിച്ചു. അതിനാലാണ് നാം ശിക്ഷിക്കപ്പെടുന്നത് (3 : 22-43). ദൈവത്തിന്റെ അനന്തസ്‌നേഹവും വിശ്വസ്തതയുമാണ് പ്രത്യാശയുടെ അടിസ്ഥാനം. പ്രത്യാശയില്‍ ജീവിതം ഉറപ്പിച്ച് അനുതാപത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കാനാണ് വിലാപക്കാരന്‍ നമ്മോട് ആവശ്യപ്പെടുന്നത്.

നാലാമത്തെ കാവ്യത്തില്‍ (4 : 1-22) ജറുസലമിന്റെ നാശത്തെ തുടര്‍ന്നുണ്ടായ ദുരിതങ്ങള്‍ ഗ്രന്ഥകാരന്‍ വിവരിക്കുന്നു. ‘മുലകുടിക്കുന്ന കുഞ്ഞിന്റെ നാവ് അണ്ണാക്കില്‍ ഒട്ടിയിരിക്കുന്നു; കുട്ടികള്‍ ഭക്ഷണം ഇരക്കുന്നു’ (4 : 4). കരുണാമയികളായ സ്ത്രീകളുടെ കൈകള്‍ സ്വന്തം മക്കളെ വേവിച്ചു (4 : 10). പ്രവാചകരുടെയും പുരോഹിതരുടെയും രാജാക്കന്മാരുടെയും തിന്മകള്‍ നിമിത്തമാണ് ഇവയൊക്കെ സംഭവിച്ചത് (4 : 13). അടിമത്തത്തില്‍ കഴിയുന്ന ജനത്തിന്റെ വ്യഥകളാണ്

അഞ്ചാമത്തെ കാവ്യത്തിന്റെ മുഖ്യ പ്രമേയം (5 :1-22). കര്‍ത്താവേ ഞങ്ങള്‍ക്കു സംഭവിച്ചതെന്തെന്ന് ഓര്‍ക്കണമേ… ഞങ്ങള്‍ക്കു നേരിട്ട അപമാനം കാണണമേ (5 : 11). തങ്ങള്‍ പാപം ചെയ്തതാണ് ഇതിനൊക്കെ കാരണം (5 : 16). തങ്ങള്‍ക്ക് അനുതാപം നല്‍കണമേ. കര്‍ത്താവേ ഞങ്ങള്‍ മടങ്ങി വരേണ്ടതിന് ഞങ്ങളെ അങ്ങയിലേക്ക് തിരിക്കണമേ. ഞങ്ങളുടെ ദിനങ്ങള്‍ പïത്തേതുപോലെ ആക്കണമേ (5 : 21). കണ്ണീരിന്റെ ആത്മീയത വിലാപങ്ങള്‍ സത്യസന്ധമായ പ്രാര്‍ത്ഥനയാണ്. സങ്കീര്‍ത്തനപ്പുസ്തകത്തില്‍ ഇവയ്ക്കു സമാനമായ വിലാപ പ്രാര്‍ത്ഥനകളുണ്ട്‌. ദൈവസന്നിധിയില്‍ ആത്മാര്‍ത്ഥമായി ഹൃദയം തുറന്ന് നിലകൊള്ളേണ്ട
തെങ്ങനെയെന്ന് നമ്മെ പഠിപ്പിക്കുന്ന പ്രാര്‍ത്ഥനകളാണവ. വിലാപങ്ങളുടെ പുസ്തകത്തിലെ അഞ്ചു കാവ്യങ്ങളും ഇപ്രകാരമുള്ള വിലാപ പ്രാര്‍ത്ഥനകളാണ്. കണ്ണീരും സങ്കടവും ദൈവസന്നിധിയില്‍ കോരിച്ചൊരിഞ്ഞ്, ദൈവത്തില്‍ നിന്ന് മറുപടി പ്രതീക്ഷിച്ചു കൊണ്ടുള്ള തീവ്രമായ ആത്മവിലാപങ്ങളാണ് അവ. ഈ പ്രാര്‍ത്ഥനകളിലൂടെ ഹൃദയത്തിന് ശുദ്ധീകരണവും സമാശ്വാസവും ലഭിക്കും. അനീതിപരമായ വ്യവസ്ഥിതികളോടും പ്രവര്‍ത്തനരീതികളോടുമുള്ള ശക്തമായ പ്രതിഷേധം പ്രതിഫലിക്കുന്ന പ്രാര്‍ത്ഥനകളാണവ. സാമൂഹിക പരിവര്‍ത്തനത്തിന്റെ ബീജങ്ങള്‍ ഈ പ്രാര്‍ത്ഥനകളിലുണ്ട്‌. മുറിവേറ്റ ലോകത്തിനു സൗഖ്യം ലഭിക്കാനുള്ള പ്രാര്‍ത്ഥനകളാണ് അവ. കഷ്ടപ്പാടിന്റെ മധ്യേ ഹൃദയമുരുകി വിലപിച്ചു പ്രാര്‍ത്ഥിക്കുന്നതിലൂടെ മാത്രമേ കുടുംബങ്ങള്‍ക്ക് ആശ്വാസവും വിടുതലും ലഭിക്കൂ. കുടുംബത്തെ വിശ്വാസത്തിലുറപ്പിക്കാനുള്ള ദൈവത്തിന്റെ ഇടപെടലുകളാണ് വിലാപ പ്രാര്‍ത്ഥനയിലേക്ക് നയിക്കുന്ന സഹനങ്ങള്‍.കുടുംബത്തെ പ്രത്യാശയിലുറപ്പിക്കുന്നതാണ്

കണ്ണീരിന്റെ ആത്മീയത.

അസ്തമിക്കാത്തതും ഓരോ പ്രഭാതത്തിലും പുതിയതുമായ ദൈവസ്‌നേഹമാണ് എല്ലാ തകര്‍ച്ചകള്‍ക്കുമുള്ള അന്തിമമായ പരിഹാരം (3 : 22-24). ഒരിക്കലും അവസാനിക്കാത്തതാണ് ദൈവത്തിന്റെ കാരുണ്യം. ദൈവമാണ് നമ്മുടെ ഓഹരി. സങ്കടങ്ങളെല്ലാം സന്തോഷമായി മാറ്റാന്‍ അവുടുത്തേക്കാകും. സങ്കടങ്ങളുടെ മധ്യത്തില്‍ പ്രത്യാശയോടെ നിലകൊള്ളാന്‍ കുടുംബങ്ങളെ സഹായിക്കുന്ന ദര്‍ശനമാണത്. അതിനാല്‍ വിലാപങ്ങളുടെ പുസ്തകം പ്രത്യാശയുടെ ഗ്രന്ഥമാണ്.നാം അനുഭവിക്കുന്ന പ്രശ്‌നങ്ങളും തകര്‍ച്ചകളും മിക്കപ്പോഴും നമ്മുടെ പാപകരമായ ജീവിതശൈലിയില്‍ നിന്ന് സ്വാഭാവികമായി ഉരുത്തിരിയുന്നവയാണ്. അതിനാല്‍ രക്തം ചൊരിഞ്ഞും പാപത്തോടു പോരാടണം. മാനസാന്തരത്തിന്റെ മാര്‍ഗ്ഗത്തില്‍ ചരിക്കണം. കുടുംബശാന്തിക്കുള്ള സിദ്ധൗഷധമാണ് മാനസാന്തര ചൈതന്യം. മറ്റുള്ളവരുടെ വേദനയില്‍ പങ്ക് ചേരുന്നതാണ് കണ്ണീരിന്റെ ആത്മീയത. ഇതിനെയാണ് കരുണയെന്ന് വിളിക്കുന്നത്. വേദനിക്കുന്ന മനുഷ്യരോടൊപ്പമായിരിക്കുകയും അയാള്‍ക്ക് ആശ്വാസം പകരുകയും ചെയ്യുന്നതാണ് കരുണ. വിലാപക്കാരന്റെ പരാതി അവളെ ആശ്വസിപ്പിക്കാന്‍ അവളുടെ പ്രിയന്മാരാരുമില്ല (1 : 96). സീയോന്റെ വിലാപം ‘എനിക്കു ധൈര്യം പകരാന്‍ ഒരു ആശ്വാസകന്‍ അടുത്തില്ല’ (1 : 16). സീയോന്‍ കൈനീട്ടുന്നു; അവളെ ആശ്വസിപ്പിക്കാന്‍ ആരുമില്ല (1 : 17). കുടുംബങ്ങളില്‍ വിഷാദത്തിലും നിരാശയിലും കഴിയുന്നവരുടെ പ്രതിനിധിയാണ് സീയോന്‍ പുത്രി എന്ന അമ്മ. അവളുടെ കൂടെയിരുന്ന് അവളെ ആശ്വസിപ്പിക്കാന്‍ ധാരാളം കരുണയുടെ ശുശ്രൂഷകര്‍ കടന്നുവരണം. തക്കസമയത്ത് കുടുംബങ്ങള്‍ക്കു ലഭിക്കുന്ന താങ്ങാണ് തകര്‍ച്ചകളില്‍ നിന്ന് കുടുംബങ്ങളെ രക്ഷിക്കുന്നത്. കരയുന്നവര്‍ക്ക് ആശ്വാസകരാകാനുള്ള ആഹ്വാനമാണ് വിലാപപ്പുസ്തകം പഠിപ്പിക്കുന്ന ആത്മീയത. ദൈവസ്‌നേഹത്തില്‍ ഉറപ്പിക്കപ്പെട്ട പ്രത്യാശയോടെ പ്രശനങ്ങള്‍ നേരിടാനും പാപത്തെ സര്‍വ്വാത്മനാ പരിത്യജിക്കാനും സത്യസന്ധമായ ഹൃദയത്തോടെ ദൈവസന്നിധിയില്‍ വിലാപപ്രാര്‍ത്ഥനകള്‍ ഉയര്‍ത്താനും മറ്റുള്ളവരുടെ വേദനയില്‍ ആശ്വാസം പകരാനും കഴിയുമ്പോഴാണ് നാം കണ്ണീരിന്റെ ആത്മീയതയില്‍ വളരുന്നത്. അതാണ് ആധുനിക ലോകത്തില്‍ കുടുംബങ്ങള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം.

ഡോ. തോമസ് വള്ളിയാനിപ്പുറം

Leave a Reply

Your email address will not be published. Required fields are marked *