ശാസ്ത്രവും ബൈബിളും തമ്മില്‍ പൊരുത്തക്കേടുണ്ടാകേണ്ടതില്ല. പ്രപഞ്ചത്തിലൂടെയുള്ള ദൈവത്തിന്റെ വിനിമയമാണ് ശാസ്ത്രം. തിരുവെഴുത്തിലൂടെയുള്ള ദൈവത്തിന്റെ വിനിമയമാണ് ബൈബിള്‍. ശാസ്ത്രജ്ഞര്‍ പ്രപഞ്ചത്തിന്റെ ചുരുളഴിക്കുമ്പോള്‍ അതിലൂടെയും സ്രഷ്ടാവ് നമ്മോട് വിനിമയം നടത്തുകയാണ്. ശാസ്ത്രീയ അന്വേഷണങ്ങളെയും ദൈവവിശ്വാസത്തെയും പരസ്പര വിരുദ്ധ സമീപനമായി കാണേണ്ടതില്ല. ഭൗതികശാസ്ത്രവും വേദശാസ്ത്രവും ഒരേ യാഥാര്‍ത്ഥ്യത്തോടുള്ള വ്യത്യസ്ത സമീപനങ്ങളാണ്. രണ്ടിനെയും ദൈവിക രേഖകളായി പരിഗണിക്കാം. ശാസ്ത്രത്തിന്റെയും ബൈ ബിളിന്റെയും രചയിതാവ് അപ്രമാദിത്യമുള്ള ദൈവമാണ്.
ശാസ്ത്രവും ബൈബിളും
ബൈബിള്‍ രചയിതാക്കള്‍ പ്രപഞ്ചത്തെ പരാമര്‍ശിക്കുന്ന ഭാഷ എല്ലാവര്‍ക്കും മനസിലാകുന്ന വിധത്തിലാണ്. ശാസ്ത്രത്തെയും ബൈബിളിനെയും വ്യാഖ്യാനിക്കുന്ന മനുഷ്യന് തെറ്റുപറ്റാന്‍ ഇടയുള്ളതുകൊണ്ട് ഭൗതിക ശാസ്ത്രജ്ഞരെയും വേദശാസ്ത്രജ്ഞരെയും ഓരോ കാലത്ത് വാക്ക് മാറ്റിപ്പറയുന്നവരായി കണ്ട് വിമര്‍ശിക്കാന്‍ കഴിഞ്ഞേക്കാം. വ്യാഖ്യാനിക്കുന്ന മനുഷ്യന്റെ പക്വതയില്ലായ്മയാണ് അതിന് കാരണം.
ഉദാഹരണത്തിന്, ഭൂമി പരന്നതാണെന്ന് പറഞ്ഞ ശാസ്ത്രം പിന്നീട് തിരുത്തിപ്പറഞ്ഞു. ആറ്റത്തിന്റെ അപ്പുറത്ത് ഒന്നുമില്ലെന്നും അതിനെ വിഭജിക്കുവാന്‍ സാധ്യമല്ലെന്നും പറഞ്ഞ ശാസ്ത്രം ആറ്റത്തെ വിഭജിക്കാമെന്നും ആറ്റത്തിനപ്പുറത്തും ഘടകങ്ങള്‍ ഉണ്ടെന്നും തിരുത്തി. ഇപ്പോള്‍ ഇതാ കണികാസിദ്ധാന്ത പ്രകാരം ക്വാര്‍ക്കുകളും ഗ്ലുവോണുകളുമായ കണികകളുടെ വിവരങ്ങള്‍ പ്രപഞ്ചോല്പത്തിയെ ലക്ഷ്യംവച്ചുകൊണ്ടുള്ള പരീക്ഷണങ്ങളുമായി ബന്ധപ്പെടുത്തിയ (കണികകളെക്കുറിച്ചുള്ള) അറിവുകള്‍ ലഭ്യമാക്കിത്തരുന്നു.
ബൈബിള്‍ മാറ്റമില്ലാത്ത ദൈവവചനമാണ്. അത് ഭൗതികശാസ്ത്ര പുസ്തകങ്ങള്‍ പോലെയല്ല. എന്നാല്‍ ബൈബിളില്‍ നാം അര്‍പ്പിക്കുന്ന വിശ്വാസത്തിന് സ്ഥിരത നല്‍കുന്നത് ചരിത്രം, ദൈവിക വെളിപാട്, യുക്തിഭദ്രത, വ്യക്തിപരമായ അനുഭവം എന്നീ ഘടകങ്ങളാണ്. ഒരു ഇരിപ്പിടത്തിന്റെ നാല് കാലുകള്‍ അതിന് സ്ഥിരത നല്‍കുംവിധം ഈ നാല് ഘടകങ്ങള്‍ നമ്മുടെ വിശ്വാസത്തെ യുക്തിക്ക് നിരക്കുന്നതാക്കുന്നു. ബൈബിളില്‍ വളരെ ചുരുക്കമായെങ്കിലും കാണുന്ന ഭൗതിക ശാസ്ത്രം സംബന്ധിച്ച കാര്യങ്ങള്‍, ഇതുവരെ തെളിയിക്കപ്പെട്ട ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ യുക്തിക്ക് നിരക്കുന്നതാണ്. എന്നാല്‍ യാതൊരു ശാസ്ത്ര സിദ്ധാന്തത്തെയും രൂപപ്പെടുത്തുന്നതിന് ബൈബിള്‍കൊണ്ട് ഉദ്ദേശിച്ചിട്ടില്ലതാനും.
ആരംഭവും അവസാനവും
ആരംഭമുള്ളതിനെല്ലാം അവസാനവുമുണ്ട്. എന്നെന്നേക്കും നിത്യതയില്‍ വസിക്കുന്ന ദൈവത്തിന് ആരംഭവുമില്ല, അവസാനവുമില്ല. പ്രപഞ്ചം നിത്യമായി നിലനില്‍ക്കുന്നുമെന്ന് പല ശാസ്ത്രജ്ഞന്മാരും വിചാരിച്ചിരുന്നതായി ചരിത്രത്തില്‍ സൂചനകളുണ്ട്. എന്നാല്‍ അന്നും നിശ്ചിതമായ ഭൂതകാലത്തിലെവിടെയോ പ്രപഞ്ചത്തിന് ഒരു തുടക്കം ഉണ്ടായിരിക്കേണ്ടതുണ്ടെന്ന് ചിന്തിച്ച ശാസ്ത്രജ്ഞന്മാരും ഉണ്ടായിരുന്നു. പ്രപഞ്ചത്തിന് ഒരു ആരംഭമുണ്ടെന്നും രണ്ടായിരം കോടി വര്‍ഷംമുമ്പാണ് തുടക്കമെന്നും അതിനുശേഷം 1500 കോടി വര്‍ഷം മുമ്പാണെന്നും ഇപ്പോള്‍ ഏകദേശം 1360 കോടി വര്‍ഷംമുമ്പാണ് പ്രപഞ്ചാരംഭമെന്നും പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാത്തില്‍ പറയുന്നു. പ്രപഞ്ചാരംഭം സംബന്ധിച്ച പരീക്ഷണങ്ങള്‍ ആധുനികകാലത്ത് നടക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരു പരീക്ഷണമാണ് 2007 ജൂലൈ മാസത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ അമ്പത് മീറ്ററിനും 150 മീറ്ററിനും താഴ്ചയില്‍ 27 കിലോമീറ്റര്‍ ചുറ്റളവിലുള്ള ലാര്‍ജ് ഹെഡ്രോണ്‍ കൊളൈസര്‍ എന്ന തുരങ്കം നിര്‍മിച്ച് നടത്തിയ പരീക്ഷണം.
കണികാസിദ്ധാന്ത പ്രകാരം കണികകള്‍ (വിവിധതരം ക്വാര്‍ക്കുകളും ഗ്ലുവോണുകളും മറ്റും) പിണ്ഡം പ്രാപിച്ച് ദ്രവ്യമാനമുണ്ടായി പദാര്‍ത്ഥങ്ങള്‍ രൂപംകൊണ്ടുവെന്ന നിഗമനം തെളിയിക്കുന്നത് സംബന്ധിച്ച പരീക്ഷണമായിരുന്നു അത്. ചൈനയിലും അപ്രകാരമുള്ള പരീക്ഷണം താമസിയാതെ നടത്തുവാന്‍ പദ്ധതിയിട്ടിരിക്കുന്നതായും വാര്‍ത്തയില്‍ വായിക്കുകയുണ്ടായി. പ്രപഞ്ചം നിത്യമായി നിലനില്‍ക്കുന്നതല്ലെന്നും ആരംഭം ഉണ്ടെന്നുമുള്ള അഭിപ്രായം ഇതു സംബന്ധിച്ച ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരില്‍ പ്രബലപ്പെട്ടുകൊണ്ടിരിക്കുകയാണ്.
അനന്തമായ സാന്ദ്രതയുള്ളതും അതേസമയം ത്രിമാന ഇടത്തെ ഒരു പൂജ്യം വലിപ്പത്തിലേക്ക് ചുരുക്കപ്പെട്ടതുമായ ‘സിംഗുലാരിറ്റി’ എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്ന ഒരു ബിന്ദുവിലാണ് പ്രപഞ്ചത്തിന്റെ ആരംഭമെന്നതാണ് നിഗമനം. ചുരുക്കത്തില്‍ ഒന്നുമില്ലായ്മയില്‍നിന്ന് ഉണ്മയിലേക്ക് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടുവെന്ന് പറയാം. ഭൗതികമായ ഒരു വസ്തു ഒന്നുമില്ലായ്മയില്‍നിന്ന് ഉണ്ടാകില്ല. നിത്യമായി സ്വയം നിലനില്‍ക്കുന്ന ഒരു ഉണ്മയാകണം പ്രപഞ്ചത്തിന്റെ കാരണഹേതു.
പ്രപഞ്ചസൃഷ്ടിയുടെ ശാസ്ത്രീയ തെളിവുകള്‍
ദൈവമാണ് ആദിയില്‍ പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്ന് ബൈബിള്‍പ്രകാരം നാം വിശ്വസിക്കുന്നു. ബൈബിളിന്റെ ഈ പ്രഖ്യാപനത്തെ ഏകദേശം അറുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് സമുന്നതരായ ശാസ്ത്രജ്ഞരില്‍ കുറെപ്പേര്‍ വിവാദപൂര്‍ണമാക്കി തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് ദശകങ്ങള്‍ക്കുള്ളില്‍ ശാസ്ത്രം നടത്തിയിട്ടുള്ള അതിമഹത്തായ കണ്ടുപിടുത്തങ്ങള്‍ ബൈബിളിലെ ഉല്‍പത്തി പുസ്തകം തറപ്പിച്ചു പറയുന്നതുപോലെ പ്രപഞ്ചം പ്രകൃത്യാതീതനായ ഒരു സ്രഷ്ടാവിനാല്‍ സൃഷ്ടിക്കപ്പെട്ടു എന്നതിന് അനിഷേധ്യമായ തെളിവുകളാണ് പ്രദാനം ചെയ്യുന്നത്. അസ്‌ട്രോഫിസിക്‌സ്, കോസ്‌മോളജി, മോളിക്കുലാര്‍ ബയോളജി, വിവര സാങ്കേതികവിദ്യ എന്നീ പഠനമേഖലകളിലെ മുന്നേറ്റവും പ്രപഞ്ചത്തിന്റെ അതിരുകളെയും സവിശേഷതകളെയും നൂതനമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് അളക്കുവാനുള്ള സാധ്യതകളും ഇപ്രകാരമുള്ള തെളിവുകള്‍ ശേഖരിക്കുന്നതിന് സഹായകരമായി. കിറുകൃത്യതയോടെയാണ് ഈ പ്രപഞ്ചം രൂപകല്പന ചെയ്തിരിക്കുന്നതെന്ന് മനസിലാക്കാം.
ഭൗതികശാസ്ത്രത്തിലെ സുസ്ഥിര പ്രമാണങ്ങള്‍, പ്രകൃതിശക്തികള്‍, ജീവന് അനുപേക്ഷണീയമായ മറ്റ് ഭൗതിക നിയമങ്ങള്‍ ഇവയെല്ലാംതന്നെ ജീവന്‍ നിലനിര്‍ത്തുന്ന ഒരു പ്രപഞ്ചത്തിന്റെ വിശിഷ്ടമായ ക്രമീകരണത്തെയാണ് വിശദമാക്കുന്നത്. പ്രകൃതിനിയമങ്ങള്‍ അവിശ്വസനീയമായവിധം നമ്മുടെ ഭൂവാസത്തെ സാധ്യമാക്കുന്നതിനായി അളക്കാന്‍ കഴിയുന്ന 150-ലധികം ഘടകങ്ങള്‍ ക്രമീകൃതമായി രൂപപ്പെട്ടിരിക്കുന്നതായി കാണാം. അവയില്‍ ചിലത്: നമ്മുടെ നക്ഷത്രക്കൂട്ടത്തില്‍ – ആകാശഗംഗ – സൗരയൂഥത്തിന്റെ സ്ഥാനം, സൂര്യന്റെ വലിപ്പവും പിണ്ഡവും, മറ്റ് ഗ്രഹങ്ങളുമായുള്ള അകലം, ഭൂമി കറങ്ങുന്നതിന്റെ വേഗത, അച്ചുതണ്ടിലെ ചരിവ്, കാന്തശക്തി, ഗുരുത്വാകര്‍ഷണം, സമുദ്രത്തിന്റെ വ്യാപ്തിയും ആഴവും, ജലത്തിന്റെ വിവിധ ഭാവങ്ങള്‍, സംയുക്തങ്ങള്‍ രൂപപ്പെടത്തക്ക പരിസ്ഥിതി, അന്തരീക്ഷ വാതകങ്ങളുടെ അളവ്, അന്തരീക്ഷതാപവും മര്‍ദവും ആദിയായവയില്‍ ഒരു ചെറിയ വ്യതിയാനം ഉണ്ടായാല്‍ ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്താന്‍ കഴിയാതെവരും. ഇവയൊക്കെ വളരെ ബുദ്ധിശാലിയായ ഒരു രൂപകല്പിതാവിലേക്ക് വിരല്‍ചൂണ്ടുന്നു. പ്രപഞ്ചത്തില്‍ കാണുന്ന കൃത്യതയുടെ ക്രമീകരണമെല്ലാം യാദൃശ്ചികമായി സംഭവിച്ചതെന്ന് ചിന്തിക്കുന്നത് മഠയത്തരമാണ്.
സൗരയൂഥത്തിന്റെ സവിശേഷതകള്‍
ഈ പ്രപഞ്ചത്തെ ഉണ്മയിലേക്ക് കൊണ്ടുവന്ന സ്രഷ്ടാവ് ബുദ്ധിയുള്ളവനും ശക്തനും കരുതലുള്ളവനും ലക്ഷ്യബോധത്തോടെ രൂപകല്‍പന ചെയ്യുന്നവനുമാണെന്നു പറയാതിരിക്കാന്‍ തരമില്ല. ബൈബിളിലൂടെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ സ്വഭാവത്തോടും സവിശേഷതകളോടും സമാനതയുള്ളവനാണ് ശാസ്ത്രത്തിലൂടെ വെളിപ്പെടുത്തപ്പെട്ട ‘ബുദ്ധിയുള്ളവനായ രൂപകല്പിതാവെ’ന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്ന സ്രഷ്ടാവ്.
നമ്മെ ഭയപ്പെടുത്തുന്ന പല പ്രതിഭാസങ്ങളും പ്രപഞ്ചത്തില്‍ ഉണ്ടാകാം. വാസ്തവത്തില്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവ് മുന്‍കാലങ്ങളിലെക്കാള്‍ അധികമായി ഇന്ന് നമുക്കുണ്ട്. അതേസമയം അറിവ് പരിമിതിമാണെന്നുകൂടി പറയാതിരിക്കാനാവില്ല. നാം ഉള്‍പ്പെട്ടുനില്‍ക്കുന്ന സൗരയൂഥം ഒരു നക്ഷത്രക്കൂട്ടത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ ലഭ്യമായിരിക്കുന്ന വിവരപ്രകാരം ഒരു ലക്ഷം കോടിയോളം നക്ഷത്രക്കൂട്ടങ്ങള്‍ ഉണ്ടെന്നാണ് കണക്കുകൂട്ടല്‍. ഓരോ നക്ഷത്രക്കൂട്ടത്തിലും ഏകദേശം പത്ത് കോടിയോളം നക്ഷത്രങ്ങള്‍ വീതം ഉണ്ടെന്നും പ്രസ്തുത കണക്കിന്‍പ്രകാരം വിവരം ലഭിക്കുന്നുണ്ട്. ഈ നക്ഷത്രക്കൂട്ടങ്ങള്‍ക്ക് ദൃശ്യമായ പ്രപഞ്ചം അഥവാ ദൃശ്യമായ ദ്രവ്യമെന്ന് പറയുന്നു. ഈ ദൃശ്യമായ പ്രപഞ്ചം ആകമാനസൃഷ്ടിയുടെ കേവലം അഞ്ച് ശതമാനം മാത്രമെന്നും 25 ശതമാനം ഇരുണ്ട ദ്രവ്യമെന്നും എഴുപത് ശതമാനം ഇരുണ്ട ഊര്‍ജം (ഉമൃസ ലിലൃഴ്യ) ആകുന്നുവെന്നും കേള്‍ക്കുമ്പോള്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവ് പരിമിതപ്പെട്ടതെന്ന കാര്യം മനസിലാകുന്നു.
സൗരയൂഥത്തെക്കുറിച്ചുള്ള അറിവും പരിമിതപ്പെട്ടതാണല്ലോ. ചില ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായപ്രകാരം സൗരയൂഥവും അതില്‍ ഉള്‍പ്പെട്ട ഗ്രഹങ്ങളും ഒന്നുചേര്‍ന്ന് ഇരുണ്ട ദ്രവ്യമാകാന്‍ സാധ്യതയുണ്ടെന്നാണ്. ഇരുണ്ട ദ്രവ്യത്തെ ദൃശ്യമല്ലെങ്കിലും അതിന്റെ സാന്നിധ്യം മനസിലാക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. അടുത്ത കാലത്ത് വര്‍ത്തമാന കടലാസില്‍ ഇരുണ്ട ദ്രവ്യത്തിന്റെ പടം എടുത്തതിന്റെ കാര്യം വായിക്കാനിടയായി. സാധാരണയായി ദൃശ്യമല്ലാത്തവയുടെ പടം പ്രസിദ്ധീകരിച്ചതിന്റെ പിന്നിലെ സാങ്കേതികവിദ്യയെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. ഈവക വിവരങ്ങള്‍ ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയത് ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ത്തന്നെ ലോകാന്ത്യത്തിന്റെ സാധ്യതയെ സമര്‍ത്ഥിക്കാനാണ്. ആരംഭമുള്ള ഈ പ്രപഞ്ചത്തിന് അവസാനവുമുണ്ട്.
മരണാനന്തരജീവിതം
നമ്മുടെ കര്‍ത്താവ് നേരത്തെ പറഞ്ഞിട്ടുള്ളതുപോലെ (മത്താ. 24:35; ലൂക്കാ 21:33)യും വിശുദ്ധ പത്രോസ് (2 പത്രോസ് 3:7-10) അറിയിച്ചതുപോലെയും ഏശയ്യാ (34:4) മുന്‍കൂട്ടി പ്രവചിച്ചതുപോലെയും ലോകാന്ത്യത്തെക്കുറിച്ച് ബൈബിളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ലോകാന്ത്യത്തോടെ എല്ലാം നശിക്കുമെന്ന ചിന്തയല്ല, പന്നെയോ മനുഷ്യന്റെ പുതുക്കപ്പെടലിന്റെയും (2 കോറിന്തോസ് 5:17) ദൈവം സകലവും പുതുതാക്കുന്നതിന്റെയും സന്ദേശമാണ്. പഴയനിയമ പുസ്തകങ്ങളിലും (ഏശയ്യാ 66:22) പുതിയ ആകാശത്തെയും പുതിയ ഭൂമിയെയുംകുറിച്ച് പ്രവചിച്ചിട്ടുണ്ട്.
മരണാനന്തര ജീവിതത്തെക്കുറിച്ചും കര്‍ത്താവിന്റെ പുനരാഗമനത്തെക്കുറിച്ചും കര്‍ത്താവിനോടുകൂടെ എന്നേക്കും ആയിരിക്കുന്നതിന്റെ ഉറപ്പും ബൈബിളിലെ വെളിപ്പെടുത്തലാണ് (അപ്പ. പ്രവ. 1:11, 1 തെസ. 4:16-17). മാത്രമല്ല, ഈലോക ജീവിതത്തെ അര്‍ത്ഥവത്താക്കുന്നതിനും സംതൃപ്തമായ ജീവിതം ആസ്വദിക്കുന്നതിനും ആവശ്യമായ പ്രബോധനങ്ങള്‍ നമുക്ക് നല്‍കിയിട്ടുണ്ട്. നേട്ടങ്ങള്‍ കൈവരിക്കാനും പ്രയോജനകരമായ സേവനങ്ങള്‍ ചെയ്യുന്നതിനും നമ്മെ പ്രാപ്തരാക്കുന്നതിനുതകത്തക്ക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. ധന്യമായ ജീവിതം നയിച്ചാലും മരണമെന്ന തിരശീലയുടെ മുമ്പില്‍ എല്ലാവരും കീഴ്‌പ്പെടണമെന്നത് യാഥാര്‍ത്ഥ്യമാണ്. ഈ ലോകത്തില്‍ മരണത്തെ ഒരു ദിനം നേരിടണമെന്നത് നമ്മെ നിരാശപ്പെടുത്തുകയാണെങ്കില്‍ ജീവിതകാലത്തെ അര്‍ത്ഥവത്തായി ജീവിച്ചുവെന്ന് പറയുവാന്‍ കഴിയില്ല.
നമ്മുടെ ഹൃദയത്തുടിപ്പ് നിലയ്ക്കുമ്പോള്‍ അത് ശരീരത്തിന്റെ അന്ത്യമാണ്. എന്നാല്‍ നമ്മുടെ അന്ത്യമല്ല. കാരണം മനുഷ്യന്‍ ഒരു ആത്മീയസത്തയാണ്. അതിനാല്‍ മരണമെന്ന തിരശീലയെ അഭിമുഖീകരിച്ചശേഷവും തുടര്‍ന്ന് നാം നിലനില്‍ക്കുന്നു. പല കാര്യങ്ങളിലും വ്യക്തത കുറവാണെങ്കിലും മരണാനന്തര ജീവിതത്തെ സംബന്ധിച്ച ഉറപ്പ് നമുക്ക് ലഭ്യമാണ്. നമ്മുടെ കര്‍ത്താവ്, മരണത്തിന് നമ്മുടെമേലുള്ള ശക്തി നടപ്പിലാക്കാന്‍ കഴിയാത്തവിധം, മരണഭീതി നീക്കിത്തന്നു. മരണത്തിന്റെ ദംശനം (വിഷമുള്ള്) കര്‍ത്താവ് തന്റെ ശരീരത്തില്‍ ഏല്‍ക്കാന്‍ അനുവദിച്ചതിനാല്‍ ഇനിയും മരണത്തിന് നമ്മുടെമേല്‍ ആധിപത്യം നടത്താന്‍ കഴിയില്ല (1 കോറിന്തോസ് 15:53-55).
ഈ ആയുസില്‍ ഏതെല്ലാം സ്ഥാനങ്ങള്‍ അലങ്കരിച്ചാലും നമ്മുടെ പ്രധാന ലക്ഷ്യം നിത്യതയില്‍ കര്‍ത്താവിനോടുകൂടി എപ്പോഴും ആയിരിക്കുമെന്നതാകണം. ഞാന്‍തന്നെ വഴിയും സത്യവും ജീവനുമാകുന്നു എന്നു പറഞ്ഞ കര്‍ത്താവ് ഒരുക്കിത്തന്ന പാതയിലൂടെ നമുക്ക് വിശ്വാസത്താല്‍ നിത്യതയിലേക്ക് പ്രവേശിക്കാം. പ്രസ്തുത വിശ്വാസം അന്ധവിശ്വാസമല്ല, പിന്നെയോ വസ്തുനിഷ്ടമായവയില്‍ രൂഢമൂലമായ വിശ്വാസമാണ്. കുലുക്കങ്ങള്‍ ഏല്‍ക്കുന്ന വേളയില്‍ ഒരിക്കലും അടര്‍ന്നുവീഴാത്തതില്‍ മുറുകെ പിടിച്ചുകൊണ്ട് വിശ്വാസജീവിതം നയിക്കാം.
ഡോ. ജോര്‍ജ് സാമുവല്‍
കടപ്പാട്- സണ്‍ഡേ ശാലോം










Leave a Reply