ഡോ. ഡെയ്‌സണ്‍ പാണേങ്ങാടന്‍
1989-ല്‍ അര്‍മേനിയയിലുണ്ടായ മുപ്പതിനായിരം പേരുടെ ജീവനെടുത്ത ഭൂകമ്പത്തിനിടെ നടന്ന സംഭവമാണിത്: ഭൂകമ്പം നാശംവിതയ്ക്കുന്ന അവസരത്തില്‍ ഒരു പിതാവ് തന്റെ മകനെ തേടി അവന്‍ പഠിച്ചിരുന്ന സ്‌കൂള്‍ പരിസരത്തേക്കോടി. തകര്‍ന്ന് വീണുകിടക്കുന്ന സ്‌കൂള്‍കെട്ടിടമാണ് അയാള്‍ കണ്ടത്. അതിനുള്ളില്‍ എവിടെയോ തന്റെ മകനും ഞെരിഞ്ഞമര്‍ന്നിട്ടുണ്ടാകും എന്ന ചിന്ത ആ പിതാവിന്റെ ഹൃദയം തകര്‍ത്തെങ്കിലും പ്രതീക്ഷയോടെ അദ്ദേഹം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലേക്ക് നടന്നടുത്തു. മകന്റെ ശരീരമെങ്കിലും കണ്ടെത്താതെ അവിടെനിന്നും പിന്മാറില്ലെന്ന് രക്ഷാപ്രവര്‍ത്തകരുടെ വിലക്കുകള്‍ക്കിടയിലും അയാള്‍ ശഠിച്ചു. മകന്റെ ക്ലാസ്മുറി എവിടെയായിരുന്നുവെന്ന് കൃത്യമായറിയാവുന്നതുകൊണ്ട് മണ്‍വെട്ടിയെടുത്ത് ആ ഭാഗത്തുള്ള കല്ലും മണ്ണും കോണ്‍ക്രീറ്റുമൊക്കെ ആ പിതാവ് മാറ്റാന്‍ തുടങ്ങി. അയാളുടെ പ്രവൃത്തി കണ്ട് അവിടെ കൂടിനിന്ന പോലിസും രക്ഷാപ്രവര്‍ത്തകരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.
പക്ഷേ അയാള്‍ പിന്മാറിയില്ല. ‘എനിക്കെന്തപകടം സംഭവിച്ചാലും മകനെ കാണാതെ ഇവിടെനിന്ന് ഞാനെങ്ങോട്ടുമില്ല’ അയാള്‍ അവരോട് കയര്‍ത്തു. പോലിസും രക്ഷാപ്രവര്‍ത്തകരും അയാളുടെ ശാഠ്യത്തിനുമുന്നില്‍ തോറ്റു. അവരൊക്കെ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ സുരക്ഷിതമായ സങ്കേതങ്ങളിലേക്കോടി. ആരുടെയും സഹായമില്ലാതെ അയാള്‍ മകനുവേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നു. തിരച്ചില്‍ ഇരുപത്തിനാല് മണിക്കൂര്‍ നീണ്ടിട്ടും മകനെ കണ്ടെത്തുവാന്‍ സാധിച്ചില്ല. എങ്കിലും പ്രതീക്ഷ കൈവെടിയാതെ പ്രവൃത്തി തുടര്‍ന്നു. തിരച്ചില്‍ തുടങ്ങിയതിന്റെ മുപ്പത്തിയെട്ടാം മണിക്കൂറില്‍ ആ പിതാവ് തന്റെ മകന്റെ ശബ്ദം അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും കേട്ടു.
അയാള്‍ സ്‌നേഹവാത്സല്യങ്ങളോടെ മകനെ ഉറക്കെ വിളിച്ചു. ‘അര്‍മാന്‍ഡ്, അര്‍മാന്‍ഡ്!!’ ഉടനെ അര്‍മാന്‍ഡും ഉറക്കെ വിളിച്ചു: ‘ഡാഡീ… ഡാഡീ..’ ഏതാനും സമയത്തെ കഠിനപ്രയത്‌നത്തിനൊടുവില്‍ അയാള്‍ തന്റെ മകനും അവന്റെ ക്ലാസിലെ മറ്റ് പതിമൂന്ന് കൂട്ടുകാരും സുരക്ഷിതമായി കഴിഞ്ഞിരുന്ന സ്ഥലം അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തി. ഭൂകമ്പത്തില്‍ കെട്ടിടം തകര്‍ന്നു വീണപ്പോള്‍ ഒരു ത്രികോണത്തിന്റെ ആകൃതിയില്‍ കുറെ സ്ഥലം അവര്‍ക്ക് രക്ഷാസങ്കേതമായി ലഭിച്ചു. അങ്ങനെയാണ് അവനും പതിമൂന്ന് കൂട്ടുകാര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചത്.
പക്ഷേ സുരക്ഷാ പ്രവര്‍ത്തകര്‍ക്കും പോലിസിനും അപ്പോഴും ഒരു സംശയം ബാക്കിയായി. ഭൂകമ്പത്തില്‍പ്പെട്ട് മുപ്പത്തിയെട്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും അര്‍മാന്‍ഡിനും കൂട്ടുകാര്‍ക്കും എങ്ങനെയാണ് ഇത്രയും സമയം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്? വിശപ്പും ദാഹവും ഭയവും കാരണം ആ കുഞ്ഞുങ്ങള്‍ സ്വഭാവികമായും മരിച്ചുപോകേണ്ടതായിരുന്നില്ലേ? മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അര്‍മാന്‍ഡ് നല്‍കിയ ഉത്തരം ഇതായിരുന്നു: ”എന്റെ കൂട്ടുകാരോടൊക്കെ ധൈര്യമായിരിക്കാന്‍ ഞാന്‍ പറഞ്ഞു. നിങ്ങളാരും പേടിക്കണ്ട, എന്റെ ഡാഡി ജീവിച്ചിരിപ്പുണ്ടെങ്കില്‍ എന്നെ അന്വേഷിച്ചുവരുമെന്നും അപ്പോള്‍ നമുക്കെല്ലാവര്‍ക്കും രക്ഷപ്പെടാമെന്നും അവരോട് പറഞ്ഞു. എന്റെ ഡാഡിക്ക് എന്നോടുള്ള ഇഷ്ടം എത്ര വലുതാണെന്ന് മറ്റാരെയുംകാള്‍ എനിക്കറിയാമായിരുന്നു. എനിക്ക് ഉറപ്പുണ്ടായിരുന്നു, ഡാഡി എന്നെ രക്ഷിക്കുവാന്‍ എത്തുമെന്ന്.”
സൃഷ്ടിയുടെ പുസ്തകത്തിലും പിതൃ-പുത്ര ബന്ധത്തിന്റെ ഒരവിസ്മരണീയ മുഹൂര്‍ത്തം ആഖ്യാനം ചെയ്തിട്ടുണ്ട്. മോറിയാ മലയിലേക്ക് മകനായ ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ കൂട്ടിക്കൊണ്ടുപോയ അബ്രാഹത്തിന്റെ ഹൃദയഭേദകമായ അവസ്ഥയെ ഓര്‍മപ്പെടുത്തുന്ന സംഭവം. മലയിലേക്കുള്ള യാത്രയില്‍ അബ്രാഹത്തിനോട് ഇസഹാക്ക് പറയുന്നുണ്ട്: ”ബലിയര്‍പ്പിക്കാനുള്ള തീയും വിറകുമുണ്ട്; ബലിയര്‍പ്പണത്തിനുള്ള ആട്ടിന്‍കുട്ടി എവിടെ?” തന്റെ മകനാണ് ബലിവസ്തുവെന്ന് അറിയാമായിരുന്ന അബ്രാഹത്തിന്റെ കടുത്ത മാനസികവേദന കടിച്ചമര്‍ത്തിയുള്ള മറുപടി. ഏതൊരു പിതാവിനെയുംപോലെ വേദനാജനകമായിരുന്നു. ‘ബലിവസ്തു മലമുകളില്‍വച്ച് ദൈവം തരും.’ പക്ഷേ നിമിഷങ്ങള്‍ക്കകം ആ പിതാവിന്റെ രൂപവും ഭാവവും മാറി. തന്റെ പൊന്നുമകന്റെ പിഞ്ചുകൈകള്‍ അബ്രാഹം പുറകോട്ട് ചേര്‍ത്തുകെട്ടി. ഒരു പൂമൊട്ടിനെയെന്നവണ്ണം അപ്പന്‍ മകനെയെടുത്ത് ബലിവേദിയില്‍ കിടത്തി. അരക്കെട്ടില്‍നിന്നും കത്തിയെടുത്ത്, ആ കത്തി അരുമസുതന്റെ ശിരസിനെ ലക്ഷ്യമാക്കി ഉയര്‍ത്തി. പക്ഷേ സര്‍വശക്തനായ പിതാവ് ഇടപെട്ട് മുള്‍ച്ചെടികള്‍ക്കിടയില്‍ കൊമ്പുടക്കി കിടന്നിരുന്ന ആട്ടിന്‍കുട്ടിയെ ബലിയര്‍പ്പിക്കാന്‍ അബ്രാഹത്തിനോട് നിര്‍ദേശിച്ചു. തന്റെ മകനെ ബലിയര്‍പ്പിക്കുകയെന്ന പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോയപ്പോഴും വിശ്വാസത്തെപ്രതി ആ കടിനവേദനയെ നെഞ്ചിലമര്‍ത്തി ദൈവത്തോട് ചേര്‍ന്നുനിന്ന പൂര്‍വപിതാവായ അബ്രാഹം നല്‍കുന്ന മാതൃകയും ദൈവാശ്രയബോധമല്ലാതെ മറ്റൊന്നുമല്ല.
അബ്രാഹത്തിന്റെ പുത്രനെ വെറുതെ വിട്ട ദൈവം സ്വന്തം പുത്രന് ആ കാസ മാറ്റിക്കൊടുത്തില്ല. കാല്‍വരിയില്‍ ആ ശബ്ദം മാറ്റൊലികൊണ്ടു, ‘എന്റെ പിതാവേ, എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു’വെന്ന മനുഷ്യസഹജമായ പ്രതാപാദ്യത്തോടൊപ്പം ‘എങ്കിലും പിതാവേ, എന്റെ ഇഷ്ടമല്ല അങ്ങയുടെ തിരുഹിതം നിറവേറട്ടെ’ എന്ന ദൈവസഹജമായ സഹനത്തിലൂടെ യേശുക്രിസ്തു തിരുഹിത പൂര്‍ത്തീകരണത്തിനായി നിലകൊണ്ടു. അങ്ങനെ ജറെമിയായുടെ പുസ്തകത്തില്‍ പറയുന്നതുപോലെ വ്യവസ്ഥാപിത ഉടമ്പടിയും വ്യവസ്ഥകളില്ലാത്ത ഉടമ്പടിയും യേശുവില്‍ പൂര്‍ത്തിയായി.
മനുഷ്യന്‍ മനുഷ്യനെതിരെ വിഭാവനം ചെയ്തതില്‍ ഏറ്റവും വലിയ പീഡനമായിരുന്നു ക്രൂശിക്കല്‍. കാല്‍വരിയിലെ ബലിപീഠത്തിലായിരുന്നു മുഴുവന്‍ അധിക്ഷേപങ്ങളുടെയും അരങ്ങേറ്റം. കുരിശില്‍ പിടയുന്നവന്‍ സകലതിനെയും തള്ളിപ്പറയും, അലമുറയിടും, ആര്‍ത്തനാദം പുറപ്പെടുവിക്കും തുടങ്ങിയ വ്യവസ്ഥാപിത രീതികളൊന്നും ക്രിസ്തുവിന്റെ കുരിശുമരണത്തില്‍ കാണുന്നില്ല.
നമ്മെയൊന്ന് സ്വയം വിലയിരുത്തുക. നമുക്ക് രോഗങ്ങളുണ്ടാകുമ്പോള്‍, മാനസിക സമ്മര്‍ദങ്ങളുണ്ടാകുമ്പോള്‍, സാമ്പത്തിക പ്രതിസന്ധികളുണ്ടാകുമ്പോള്‍, മറ്റുള്ളവര്‍ നമ്മെ ദ്രോഹിക്കുമ്പോള്‍ വിശ്വാസത്തെ തള്ളിപ്പറയാതെ രക്ഷകനായ ദൈവത്തെ മുറുകെ പിടിക്കാന്‍ സാധിച്ചാലേ യഥാര്‍ത്ഥ ക്രിസ്ത്യാനികളാകൂ എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. അതിന് വേണ്ടത് ദൈവാശ്രയബോധവും പ്രവര്‍ത്തനങ്ങളില്‍ ദൈവസാന്നിധ്യ സ്മരണയുമാണ്. തളര്‍ച്ചകളിലും തകര്‍ച്ചകളിലും ഉത്ഥിതനായ ക്രിസ്തുവിന്റെ സ്മരണയുണ്ടാകുമ്പോഴാണ് നന്മയില്‍ നിലനില്‍ക്കാനാകുക. പിറുപിറുക്കാതെ, ദൈവത്തെ തള്ളിപ്പറയാതെ നിലനില്‍ക്കണമെങ്കില്‍ ദൈവത്തോടുചേര്‍ന്ന് ചിന്തിക്കുന്നതിനുള്ള മാനസികാവസ്ഥയിലേക്ക് നാം ഉയരേണ്ടിയിരിക്കുന്നു. രക്ഷകനായ ദൈവത്തോടുചേര്‍ന്ന് നന്മകളുണ്ടാകട്ടെ. എന്നും ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിനെ നമുക്ക് പുല്‍കാം.
കടപ്പാട്- സണ്‍ഡേ ശാലോം










Leave a Reply