Sathyadarsanam

കോടികളുടെ പള്ളിയില്‍ ക്രിസ്തു വസിക്കില്ല….

നോബിള്‍ തോമസ് പാറക്കല്‍

എട്ടുകോടിയുടെ പള്ളി പണിത വികാരി ഇടവകയിലെ ഇല്ലായ്മക്കാരനും വല്ലായ്മക്കാരനുമായ പൊറിഞ്ചുവിനെ പിഴിഞ്ഞെടുത്തുവെന്നാണ് കഥാകാരന്‍ പറയുന്നത്. പുതിയ കഥയൊന്നുമല്ല ഇത്. നിലവിലിരിക്കുന്ന പലവിധ ആക്ഷേപങ്ങളിലൊന്നിന്‍റെ പ്രതിഫലനം മാത്രമാണ്. എന്നാല്‍ എട്ടുകോടിയുടെ പള്ളിക്കും അതിന് പിന്നിലെ അദ്ധ്വാനങ്ങള്‍ക്കും പിന്നില്‍ എന്ത് യുക്തിയാണുള്ളത്. കോടികള്‍ മുടക്കി പണിയുന്ന പള്ളികളില്‍ ക്രിസ്തുവില്ലെന്നു പറയുന്ന ദൈവശാസ്ത്രചിന്ത എത്രത്തോളം ബലമുള്ളതാണ്. ചില വസ്തുതകളെ ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. ചിന്താശീലമുള്ളവര്‍ക്കും നല്ല ക്രൈസ്തവര്‍ക്കും സ്വാഗതം. ചില ചോദ്യാത്തരങ്ങളായി ഒന്നു പരിശോധിക്കാം.

1. ദരിദ്രനായി കാലിത്തൊഴുത്തില്‍ പിറന്ന ക്രിസ്തുവിന് കോടികളുടെ പള്ളി ആവശ്യമുണ്ടോ?

ദൈവാലയങ്ങള്‍ ദൈവത്തിന് വസിക്കാനായി നിര്‍മ്മിക്കപ്പെട്ടവയാണെന്ന് ചിന്തിക്കുന്നതില്‍ അല്പം അപാകതയുണ്ട്. അത് ദൈവത്തെ ആരാധിക്കാനായി മനുഷ്യര്‍ അവര്‍ക്കുവേണ്ടി നിര്‍മ്മിക്കുന്നതാണ്. കത്തോലിക്കാവിശ്വാസമനുസരിച്ച് ദൈവം എങ്ങും വ്യാപിച്ചിരിക്കുന്നവനാണ്. ദൈവത്തിന്‍റെ ലക്ഷണങ്ങളിലൊന്നായി നാം അത് ഏറ്റുപറയുന്നുണ്ടല്ലോ. എങ്ങും വ്യാപിച്ചിരിക്കുന്ന ദൈവത്തിന് ആലയങ്ങള്‍ എന്തിനുവേണ്ടിയാണ്. അവിടുന്ന് അശരീരിയുമല്ലേ. ആലയങ്ങള്‍ മനുഷ്യന് വേണ്ടിയാണ്. ശരീരമുള്ളവര്‍ക്ക് വന്നുചേരാനും വസിക്കാനും ഒന്നുചേര്‍ന്ന് ആരാധിക്കുന്നതിനും വേണ്ടിയാണ് ദൈവാലയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. തിരുസ്സഭയെ സംബന്ധിച്ചിടത്തോളം, അത് ദൈവജനത്തിന്‍റെ കൂട്ടായ്മാജീവിതത്തിന്‍റെ കേന്ദ്രമാണ്. ക്രൈസ്തവവിശ്വാസത്തിന്‍റെ അടിസ്ഥാനമായ പരിശുദ്ധ കൂദാശകളുടെ പരികര്‍മ്മവേദികളും ദേവാലയങ്ങളാണ്. യഥാര്‍ത്ഥത്തില്‍ തങ്ങളുടെ സ്രഷ്ടാവും രക്ഷകനും ജീവദാതാവുമായ ദൈവത്തെ ആരാധിക്കാനും അവിടുന്ന് നല്കുന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനും അവിടുത്തോട് പ്രര്‍ത്ഥിക്കാനും വേണ്ടി മനുഷ്യന്‍ അവന്‍റെ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് ദേവാലയങ്ങള്‍ പണിയുന്നത്. ദൈവപുത്രനായ ഈശോ കാലിത്തൊഴുത്തില്‍ പിറന്നുവെന്നതുകൊണ്ട് ദൈവത്തെ ആരാധിക്കാന്‍ മനുഷ്യര്‍ നിര്‍മ്മിക്കുന്ന ഇടങ്ങളും കാലിത്തൊഴുത്തിന് സമാനമായിരിക്കണമെന്ന് ശഠിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.

2. ദരിദ്രരായവര്‍ ധാരാളമായി ചുറ്റുപാടുകളിലുള്ളപ്പോള്‍ പള്ളിപണിയില്‍ ആഡംബരം കാട്ടേണ്ടതുണ്ടോ

ഒരു ആരാധനാസമൂഹമാണ് ദൈവാലയം പണിയുന്നത്. അതിന്‍റെ ഉദ്ദേശങ്ങള്‍ പറഞ്ഞുകഴിഞ്ഞു. എന്നാല്‍ ദേവാലയനിര്‍മ്മാണം ഒരു വൈദികന്‍റെ മാത്രം തീരുമാനമായി ദുരുദ്ദേശത്തോടെ അവതരിപ്പിക്കുന്നവര്‍ക്കാണ്ഇന്ന് സ്വരം കൂടുതല്‍. നിയമവശങ്ങള്‍ തുടര്‍ന്ന് പറയുന്നതാണ്. ഇവിടെ ചോദ്യം ചുറ്റുപാടുകളിലുള്ള ദരിദ്രരാണ്. ദാരിദ്ര്യം അനുഭവിക്കുന്ന ധാരാളം മനുഷ്യര്‍ എല്ലാ സമൂഹങ്ങളിലുമുണ്ട്. എന്നാല്‍ അവരുടെ ദാരിദ്ര്യം നിമിത്തം സാമൂഹികമായ ആവശ്യങ്ങള്‍ മാറ്റിവെക്കാം എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോയെന്ന് സംശയമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വേണ്ടെന്ന് വെക്കാനാകുമോ, ആശുപത്രികള്‍ വേണ്ടെന്ന് വെക്കാനാകുമോ, ഭരണസ്ഥാപനങ്ങള്‍ വേണ്ടെന്ന് വെക്കാനാകുമോ അങ്ങനെ എന്തെല്ലാം… ആരാധനാലയവും ഒരു സാമൂഹികാവശ്യമാണ്. അതിനാല്‍ ദരിദ്രരുടെ പേര് പറഞ്ഞ് അവയെ ഒഴിവാക്കുക സാധ്യമല്ല. എന്നാല്‍ കത്തോലിക്കാസഭ ദേവാലയനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ ഒന്ന് ഒരു ഇടവകയില്‍ ദൈവാലയം നിര്‍മ്മിക്കുമ്പോള്‍ അവിടെ വീടില്ലാത്തവരെക്കൂടി പരിഗണിക്കണം എന്നതാണ്. ഒപ്പം ഇടവകദേവാലയം ലളിതമായി നിര്‍വ്വഹിക്കണം എന്നും പറഞ്ഞിട്ടുണ്ട്. ചിലപ്പോഴെങ്കിലും ഇടവകാസമൂഹത്തിന്‍റെ ശക്തിപ്രകടനത്തിന്‍റെ വേദിയായി ദേവാലയനിര്‍മ്മാണം മാറിത്തീരുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യവുമാണ്. ദേവാലയം ലളിതമായിരിക്കണം എന്ന് പറയുമ്പോള്‍ത്തന്നെ അതിന്‍റെ മാനദണ്ഡമെന്താണെന്ന് തീരുമാനിക്കാന്‍ സാധിക്കുകയുമില്ല. അതിസമ്പന്നരും ഇടത്താരുമായ 1000 പേര്‍ വസിക്കുന്ന ഇടവകയുടെ ലാളിത്യം സാധാരണക്കാരും പാവപ്പെട്ടവരുമായ 100 പേരുടെ ഇടവകക്ക് അതീവ ആഡംബരമായിരിക്കും. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ദേവാലയനിര്‍മ്മാണങ്ങളിലെ ആഡംബരം അവസാനിപ്പിക്കണം എന്ന് സീറോ മലബാര്‍ സിനഡ് അടുത്ത കാലത്ത് നല്കിയ നിര്‍ദ്ദേശം ഗൗരവമായെടുക്കാന്‍ എല്ലാ ഇടവകാംഗങ്ങളും തയ്യാറാകേണ്ടതുമുണ്ട്.

3. പള്ളി പണിയണമെന്ന് തീരുമാനിക്കുന്നതാരാണ്?

പള്ളിപണിയെക്കുറിച്ച് തീരുമാനിക്കുന്നത് ഇടവകയിലെ വികാരി ഏകപക്ഷീയമായിട്ടാണെന്നാണല്ല പലരുടെയും വ്യാഖ്യാനങ്ങള്‍. എന്നാല്‍ തിരുസ്സഭയുടെ നിയമങ്ങള്‍ പ്രകാരം ഇത് ഒരിക്കലും സാദ്ധ്യമല്ല. ഇടവകയെന്ന നൈയ്യാമികവ്യക്തി അതിന്‍റെ പൊതുയോഗത്തിലൂടെയാണ് ഈ തീരുമാനം എടുക്കുന്നത്. നിലവിലുള്ള ദേവാലയം കാലപ്പഴക്കം കൊണ്ട് ദുര്‍ബലപ്പെടുകയോ ആള്‍പ്പെരുപ്പം കൊണ്ട് സൗകര്യമില്ലാതാവുകയോ ചെയ്യുമ്പോഴാണ് സാധാരണയായി ദേവാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ ആരംഭിക്കുക. പലപ്പോഴും വലിയൊരു ഉത്തരവാദിത്വമായതിനാല്‍ പല വൈദികരും ഇതിന് നേതൃത്വം കൊടുക്കാന്‍ തയ്യാറാകാറുമില്ല എന്നതാണ് സത്യം. ഇടവകയില്‍ നിന്ന് പ്രത്യേക അഭ്യര്‍ത്ഥനപ്രകാരം ദേവാലയനിര്‍മ്മാണത്തിന് വേണ്ടിത്തന്നെ പ്രഗത്ഭരായ വൈദികരെ അവിടേക്ക് നിയമിക്കുന്നത് സര്‍വ്വസാധാരണമാണ്. ഇടവകയുടെ പൊതുയോഗം ദേവാലയനിര്‍മ്മാണം തീരുമാനിക്കുകയും അതിനാവശ്യമായ ബജറ്റ് തീരുമാനിക്കുകയും തുടര്‍ന്ന് അതിനായി അല്മായരുടെ കമ്മറ്റികള്‍ രൂപീകരിക്കുകയുമൊക്കെ ചെയ്താണ് സംഭവം മുമ്പോട്ട് നീങ്ങുന്നത്. ചിലരെങ്കിലും കരുതുന്നതുപോലെ ഒരു വികാരി തന്നെ തീരുമാനിച്ചാലൊന്നും ഒരിടത്തും ദേവാലയനിര്‍മ്മാണം സാദ്ധ്യമല്ല. ഇതിലെല്ലാമുപരി, വിശ്വാസത്തിന്‍റെ കാഴ്ചപ്പാടില്‍ ദൈവം ആഗ്രഹിക്കുകയും അനുവദിക്കുകയും ചെയ്യാത്ത ഒരു ദൈവാലയനിര്‍മ്മാണവും ഗുണപ്രദമാവില്ല എന്നതു തന്നെയാണ് സത്യവും. ഇടവകയുടെ എല്ലാ കുടുംബങ്ങള്‍ക്കും പ്രാതിനിധ്യാവകാശമുള്ള പൊതുയോഗം വേണ്ടാ എന്ന് പറയുന്നിടത്ത് ദേവാലയനിര്‍മ്മാണം നടക്കില്ല എന്നത് നിയമപരമായ ഒരു സാദ്ധ്യതയായിരിക്കേ ദേവാലയനിര്‍മ്മാണം ഇടവകവൈദികന്‍റെ മാത്രം തീരുമാനമാണെന്ന് സ്ഥാപിക്കുന്നത് എത്രയോ ആക്ഷേപാര്‍ഹമാണ്.

4. പണം കണ്ടെത്തേണ്ടത് എങ്ങനെയാണ് – തീരുമാനങ്ങള്‍ ആരുടേതാണ്?

ദൈവാലയനിര്‍മ്മാണത്തിന് ആവശ്യമായ പണം എത്രയെന്ന് തീരുമാനിക്കുന്നതും അത് കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ നിശ്ചയിക്കുന്നതും പൊതുയോഗത്തിലോ പൊതുയോഗം നിശ്ചയിച്ച കമ്മറ്റികളിലോ ആണ്. അതിനുപയോഗിക്കുന്ന പലവിധ മാര്‍ഗ്ഗങ്ങളില്‍ ഒന്നു മാത്രമാണ് ഓരോ കുടുംബത്തിന്‍റെയും വീതം. പിരിവുകള്‍ നിശ്ചയിക്കുന്നത് പലപ്പോഴും അവരോട് തന്നെ ചോദിച്ചിട്ടാണ്. പലവിധ മനുഷ്യരുള്ളതിനാല്‍ ചിലരോട് നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടേണ്ടതായും വരും. എന്തൊക്കെയായാലും മനുഷ്യത്വരഹിതമായ രീതിയില്‍ ഒരു കുടുംബത്തിന് താങ്ങാനാവുന്നതിലുമധികം തുക അവരുടെ മേല്‍ അടിച്ചേല്പിക്കപ്പെടുന്നുണ്ട് എന്ന് തോന്നുന്നില്ല. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ അത് ക്രൈസ്തവമല്ല താനും. ആയിരക്കണക്കിന് ക്രൈസ്തവദേവാലയങ്ങള്‍ ഇപ്രകാരം പാവങ്ങളെ പിഴിഞ്ഞെടുത്താണ് നിര്‍മ്മിച്ചതെന്ന് പറയുവാന്‍ ആര്‍ക്ക് സാധിക്കും.

5. കോടികള്‍ കൊണ്ടു പണിത ദേവാലയങ്ങളില്‍ ക്രിസ്തു വസിക്കുമോ?

കോടികള്‍ കൊണ്ടു പണിതുവെന്ന് ആക്ഷേപാര്‍ത്ഥത്തില്‍ പറയുന്ന വലിയ പള്ളികളില്‍ നിന്ന് ക്രിസ്തു കുടിയിറങ്ങിപ്പോയെന്നും അവന്‍ പാവപ്പെട്ടവന്‍റെ കൂരകളിലാണ് അന്തിയുറങ്ങുന്നതെന്നും പറയുന്ന വിപ്ലവാത്മകമായ ദൈവചിന്ത തീരെ സമഗ്രതയില്ലാത്തതാണ്. ദേവാലയം എന്താണെന്ന തിരിച്ചറിവില്ലാത്തവന്‍റെ ജല്പനങ്ങള്‍ മാത്രമാണ് അത്. ഒരു ഇടവകയില്‍ ദേവാലയത്തിന് മുമ്പേ ഉണ്ടാകേണ്ട ഒന്നുണ്ട് – അത് ദൈവജനത്തിന്‍റെ കൂട്ടായ്മയാണ്. ആ കൂട്ടായ്മയിലാണ് ക്രിസ്തുവുള്ളത്. ആ കൂട്ടായ്മയുടെ ബലവും സൗന്ദര്യവുമാണ് അവര്‍ ദൈവാരാധനക്കായി നിര്‍മ്മിക്കുന്ന ദൈവാലയത്തിനുമുണ്ടാകുന്നത്.മനോഹരമായ ഒരു ദേവാലയം കാണുമ്പോള്‍ ആ ഇടവകസമൂഹത്തിന്‍റെ അതിമനോഹരമായ കൂട്ടായ്മയാണ് നാമോര്‍ക്കേണ്ടത്. അത്തരം കൂട്ടായ്മകളില്ലാത്തിടത്ത് ദേവാലയമുണ്ടാവുക അസാദ്ധ്യമാണ്. കൂട്ടായ്മകളുടെ ശക്തിയും വലിപ്പവുമനുസരിച്ച് ചിലപ്പോള്‍ അവരുടെ ദേവാലയത്തിനും പ്രൗഢി വര്‍ദ്ധിച്ചേക്കാം. അത്തരം കൂട്ടായ്മകള്‍ക്ക് പുറത്തു നിന്നുകൊണ്ട് പാവപ്പെട്ടവന്‍റെ കണ്ണീരിനെയും ഇല്ലായ്മയെയും കുറിച്ചുള്ള വാദം സോഷ്യലിസത്തിന്‍റെ മുഖം മൂടി ധരിച്ച സഭാവിരോധം മാത്രമാണ്. അവരുടെ ദരിദ്രസ്നേഹം തികച്ചും കപടനാട്യമാണ്. ഇത്തരം വാദങ്ങളുന്നയിക്കുന്നവര്‍ സ്വന്തം ഭവനം പണിയുന്നതിന് മുമ്പ് അയല്‍ക്കാരന്‍റെ ചോര്‍ന്നൊലിക്കുന്ന കൂരക്ക് വേണ്ടി എന്ത് ചെയ്തുവെന്ന് പരിശോധിക്കുന്നതും ചിന്തിക്കുന്നതും നല്ലതായിരിക്കും.

6. പള്ളി കുടിശികയും കൂദാശകളുടെ പരികര്‍മ്മവും തമ്മില്‍ ബന്ധമുണ്ടോ?

യാതൊരു ബന്ധവുമില്ല. കൂദാശകള്‍ക്ക് സാമ്പത്തികകാര്യങ്ങളുമായി യാതൊരു ബന്ധവുമില്ല. പള്ളിയില്‍ പോവുകയും കൂദാശകളില്‍ പങ്കെടുക്കുകയും ചെയ്യുന്നവര്‍ക്ക് അത് വ്യക്തമായി മനസ്സിലാകും. എന്നാല്‍ അതേസമയം, ദേവാലയത്തിന്‍റെ പലവിധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് യാതൊരു രീതിയില്‍ സഹകരിക്കാത്തവരും മറ്റും കൂദാശകള്‍ വലിയ ആഘോഷങ്ങളായി നടത്താന്‍ ഇടവകദേവാലയത്തെ സമീപിക്കുമ്പോള്‍ ഇടവക ഭരണസമിതി അവരുടെ കുടിശിഖയായി നില്‍ക്കുന്ന പണം അടക്കാന്‍ ആവശ്യപ്പെടാറുണ്ട്. അത് ഇടവകാകൂട്ടായ്മയുടെ ആകമാനമുള്ള അവകാശമാണ്, അതേസമയം, അത്താഴപ്പട്ടിണിക്കാരന്‍റെ മേല്‍ നടത്തുന്ന ബലപ്രയോഗമല്ല. ഈ മേഖലകളിലെല്ലാം ഇടവകയുടെ ഭരണസമിതിക്ക് കൃത്യമായ തീരുമാനങ്ങളെടുക്കാവുന്നതുമാ
ണ്. മൂന്ന് വര്‍ഷം കൂടുമ്പോള്‍ ഇടവകകള്‍ മാറിമാറിപ്പോകുന്ന ഇടവകാവൈദികന് ഇതിലെന്താണ് പ്രത്യേകഭാഗധേയം എന്ന് കൂടി ആലോചിച്ചാല്‍ നല്ലത്.

സമാപനം

കോടികളുടെ പള്ളിയില്‍ ക്രിസ്തുവുണ്ടാവില്ല എന്നത് പള്ളിയെന്താണെന്നും, ക്രിസ്തുവാരാണെന്നും, സഭയെന്താണെന്നുമറിയാത്തവരുട ഭാവന മാത്രമാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ ഇടവകാസമൂഹത്തിന്‍റെ കൂട്ടായ്മയാണ് അവര്‍ നിര്‍മ്മിക്കുന്ന ദേവാലയത്തിന്‍റെ സൗന്ദര്യവും വലിപ്പവും. ആ കൂട്ടായ്മയില്‍ പാവപ്പെട്ടവര്‍ പ്രത്യേകമാം വിധത്തില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. പാവപ്പെട്ടവര്‍ക്ക് പരിഗണന നല്കാത്ത ഇടവകാകൂട്ടായ്മകള്‍ക്ക് അവരെത്രവലിയ ദേവാലയം പണിതാലും അതിന് ബലവും സൗന്ദര്യവും ഇല്ലെന്ന് പറയേണ്ടി വരും. കൂട്ടായ്മകളില്ലാത്തിടത്ത് ക്രിസ്തുവുമുണ്ടാവില്ല. എന്നാല്‍ തിരുസ്സഭ പാവപ്പെട്ടവരുടെ അഭയകേന്ദ്രവും ആശ്രയവുമാണ് എന്ന സത്യം ചരിത്രത്തിലേക്ക് നോക്കിയാല്‍ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയും. കഴിഞ്ഞ പ്രളയകാലത്ത് 300 കോടിയോളം രൂപയാണ് പലവിധ ദുരിതാശ്വാസപ്രവര്‍ത്തനങ്ങക്കായി കേരളസഭ സമാഹരിച്ച് ചിലവഴിച്ചത്. മാനന്തവാടി രൂപതയുടെ കാര്യം മാത്രം ഒന്നു പറയാം . . . കഴിഞ്ഞ പ്രളയ കാലത്ത് 258 വീടുകള്‍ക്ക് 1 ലക്ഷം രൂപ വീതവും 430 വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് ഭാഗികമായ സഹായവും ഏഴു കുടുംബങ്ങള്‍ക്ക് 10 സെന്‍റ് വീതം 70 സെന്‍റ് സ്ഥലവും നല്കുകയുണ്ടായി. ദേശീയ-അന്തര്‍ദേശീയ ഏജന്‍സികളുടെ സഹായത്തോടെ 12 വീടുകള്‍ മുഴുവനായും മറ്റ് ഏജന്‍സികള്‍ രൂപതയുമായി ബന്ധപ്പെട്ട അമ്പതോളവും വീടുകള്‍ നിര്‍മ്മിച്ചു. രൂപതയുടെ സാമൂഹികസേവനവിഭാഗം പലവിധത്തിലും വിഭാഗങ്ങളിലുമായി 7.45 കോടി രൂപ പ്രളയപുനരധിവാസപ്രവര്‍ത്തനങള്‍ക്ക് ചിലവഴിച്ചിട്ടുണ്ട്. സാമ്പത്തികമുള്ള ഇടവകകള്‍, മറ്റ് രൂപതകള്‍ എന്നിവ ചെയ്തതിന്‍റെ കണക്കെടുത്താല്‍ അത് അതിഭീമമാണ്. പാവപ്പെട്ടവര്‍ അവഗണിക്കപ്പെടുന്നുവെന്ന വിലാപം അതിനാല്‍ത്തന്നെ ഒരു ഇല്ലാക്കഥയാണ്. ഇതോടൊപ്പം തന്നെ പള്ളിപണിയുമായി നേരിട്ട് ബന്ധപ്പെട്ട് പറയട്ടെ, മാനന്തവാടി കത്തീഡ്രല്‍ ദേവാലയം പണിതപ്പോള്‍ 10 വീടുകളുടെ നിര്‍മ്മാണ-പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പ്രാദേശികമായി ഇടവകകള്‍ ചെയ്തവയെന്തെന്ന് പരിശോധിച്ചാല്‍ ഇത്തരം സത്യങ്ങളും മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ ചിലയിടങ്ങളിലെങ്കിലും മാനുഷികവും സാങ്കേതികവുമായ പിഴവുകളും സംഭവിക്കാറുണ്ട് എന്നത് സമ്മതിക്കുകയും ചെയ്യുന്നു. എല്ലാം പൂര്‍ണ്ണതയില്‍ പൂര്‍ത്തിയാക്കാന്‍ ദൈവം നേരിട്ട് എടുക്കുന്ന കോണ്‍ട്രാക്ട് പണികളല്ല ഇടവകകളില്‍ നടക്കുന്നത്, മറിച്ച് ദുര്‍ബലരും പലവിധ സ്വഭാവരീതികളുള്ളവരുമായ മനുഷ്യരാണ്. കുറവുകളെ സദാപരിഹരിക്കുന്ന ദൈവത്തിലാശ്രയിച്ച് എല്ലാം മുമ്പോട്ട് പോകുന്നു.

പണിയുന്നവനില്ലാത്ത വേവലാതി കാഴ്ചക്കാരനുണ്ടാകുന്നതിലെ അനൗചിത്യമാണ് ഈ ചിന്തയിലെ ഹാസ്യം.

നന്ദി!

Leave a Reply

Your email address will not be published. Required fields are marked *