Sathyadarsanam

നസ്രാണിപ്പട….

മലങ്കര മാർത്തോമ്മാ നസ്രാണികൾക്ക് ഉണ്ടായിരുന്ന സായുധസേന. മധ്യകാലഘട്ടത്തിലെ രേഖകള്‍ പ്രകാരം എല്ലാ നസ്രാണി പുരുഷന്മാരും ആയോധനകലയില്‍ പ്രാവീണ്യം നേടിയവരായിരുന്നു. അവരുടെ എല്ലാ കുടിയിരുപ്പുകളിലും സ്വന്തമായ ഓരോ സൈന്യവും ഉണ്ടായിരുന്നു. നൂറ്റാണ്ടുകളുടെ ചരിത്രത്തില്‍ ഒരിക്കലും രാഷ്ട്രീയ-ഭരണരംഗത്ത് പ്രവേശിക്കാത്ത നസ്രാണികള്‍ തങ്ങളുടെ വ്യാപാരത്തിന്റെയും ചരക്കുനീക്കത്തിന്റെയും അങ്ങാടികളുടെയും സംരക്ഷണത്തിനായാണ് ആയോധനകലയില്‍ പ്രാവീണ്യം നേടിയത്. നസ്രാണികളെക്കൂടാതെ ചില പ്രത്യേക ജാതികളില്‍പ്പെട്ടവരടങ്ങിയ ഒരു സ്ഥിരം സൈന്യവും അവര്‍ക്കുണ്ടായിരുന്നു.

നസ്രാണിപ്പടയുടെ ഉദ്ഭവം എന്നാണെന്നു വ്യക്തമല്ല. 9-ാം ശതകത്തിലെ തരിസാപ്പള്ളി ചെപ്പേടില്‍ തരിസാപ്പള്ളിയുടെയും അങ്ങാടിയുടെയും സംരക്ഷണം അറുനൂറ്റവര്‍ എന്ന സായുധസംഘത്തെയാണ് ഏല്‍പ്പിക്കുന്നത് എന്നതില്‍നിന്നും 9-ാം ശതകത്തിനുശേഷമാണ് നസ്രാണികള്‍ ആയുധ പരിശീലനത്തിലേക്കു തിരിഞ്ഞതെന്നു വ്യക്തമാകുന്നു. വ്യാപാര ശൃംഖലയുടെ വിപുലീകരണവും മധ്യകാലഘട്ടത്തില്‍ കേരളത്തില്‍ നിലനിന്ന അരക്ഷിതാവസ്ഥയുമാകാം നസ്രാണികളെ സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഒരു സൈന്യം രൂപീകരിക്കുന്നതിനു പ്രേരിപ്പിച്ചത്.

നായര്‍ പടയാളികളെപ്പോലെ ചിട്ടയായ ആയോധന പരിശീലനം നസ്രാണികള്‍ക്കുണ്ടായിരുന്നു. പരമ്പരാഗത കളരികളില്‍ പണിക്കര്‍മാരുടെ കീഴില്‍ 8 വയസ്സു മുതല്‍ 25 വയസ്സുവരെ കഠിനമായ പരിശീലനമാണ് അവര്‍ നടത്തിയിരുന്നത്. നായന്മാരും നസ്രാണികളും ഈ പരിശീലനത്തില്‍ പരസ്പരം സഹകരിച്ചിരുന്നു. നായര്‍ പണിക്കര്‍മാരുടെ കീഴില്‍ നസ്രാണികളും നസ്രാണി പണിക്കര്‍മാരുടെ കീഴില്‍ നായന്മാരും പരിശീലനം നേടുന്നത് സാധാരണമായിരുന്നു. ഉദയംപേരൂര്‍ സുന്നഹദോസിന്റെ കനോനകള്‍ ഈ വസ്തുത ശരിവയ്ക്കുന്നുണ്ട്. ഇന്നും സുറിയാനി ക്രിസ്ത്യാനികളുടെ വിവാഹാവസരത്തില്‍ മതഭേദം കൂടാതെ ആശാനെ നമസ്കരിച്ച് ദക്ഷിണ നല്കുന്നത് ഈ പാരമ്പര്യത്തിന്റെ ബാക്കിപത്രമാണ്.

ഇവര്‍ നായര്‍ പടയാളികളെപ്പോലെ നെറ്റിയില്‍ കുറിധരിക്കുകയോ ദേഹത്ത് ഭസ്മം പൂശുകയോ ചെയ്തിരുന്നില്ല. എന്നാല്‍ തലയിലെ കുടുമയ്ക്കുള്ളില്‍ ഒരു കുരിശു ധരിക്കുകയും നെറ്റിയില്‍ ഒരു കുരിശു വരച്ചുവയ്ക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. വാളും പരിചയും, വേല്‍ അഥവാ കുന്തം, തോക്ക് ഇവയില്‍ ഏതെങ്കിലും ഒരു ആയുധം കൂടാതെ നസ്രാണികള്‍ സ്വന്തം വീട്ടില്‍നിന്നു പുറത്തിറങ്ങില്ലായിരുന്നു. എങ്കിലും പള്ളിക്കുള്ളില്‍ ആയുധങ്ങള്‍ പ്രവേശിപ്പിച്ചിരുന്നില്ല.

വ്യാപാരത്തിന്റെയും ചരക്കുനീക്കത്തിന്റെയും അങ്ങാടികളുടെയും സംരക്ഷണത്തിലുപരി മറ്റുചില ഉത്തരവാദിത്വങ്ങളും നസ്രാണിപ്പടയ്ക്കുണ്ടായിരുന്നു. തങ്ങള്‍ താമസിക്കുന്ന നാട്ടുരാജ്യത്തിനു വിദേശഭീഷണി ഉണ്ടാകുമ്പോള്‍ അതത് രാജാക്കന്മാരെ അവര്‍ സഹായിച്ചു. പലരും നാട്ടുരാജ്യങ്ങളിലെ സ്ഥിരം സേനകളില്‍ പിന്നീട് അംഗങ്ങളായി. നസ്രാണികളുടെ ജാതിപരമായ അവകാശങ്ങള്‍ക്ക് ഭീഷണിയുണ്ടാകുമ്പോള്‍ രാജ്യാതിര്‍ത്തികള്‍ക്കുപരിയായി നസ്രാണിപ്പട സംഘടിക്കുകയും അവകാശസംരക്ഷണത്തിനായി പോരാടുകയും ചെയ്തിരുന്നു. 16-ാം നൂറ്റാണ്ടില്‍ പറവൂര്‍ രാജാവ് നടത്തിയ ഒരു ജാത്യാവകാശ ലംഘനത്തിനെതിരായി നസ്രാണിപ്പട സംഘടിച്ചതായും അവകാശം നിലനിര്‍ത്തിയതായും രേഖകളുണ്ട്.

ജാതിക്കു തലവനായ അര്‍ക്കദ്യക്കോന്‍ ആയിരുന്നു രാജ്യസീമകള്‍ക്കുപരി നസ്രാണിപ്പടയുടെ തലവന്‍. മിശിഹാക്കാലം 1523-ല്‍ ഇപ്രകാരം 25,000 നസ്രാണിപ്പടയാളികള്‍ ജാതിക്കു തലവന്റെ കീഴിലുണ്ടായിരുന്നു.
ചെറുതും വലുതുമായ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് തിരുവിതാംകൂര്‍ രൂപീകരിക്കുന്ന പ്രക്രിയയില്‍ പുതുതായി പിടിച്ചടക്കിയ രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിനു നസ്രാണിപ്പടയാളികളെ മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂര്‍ സൈന്യത്തില്‍ച്ചേര്‍ത്തു. പിന്നീടുണ്ടായ മൈസൂര്‍ ആക്രമണകാലത്തും ഇവരുടെ സേവനം തിരുവിതാംകൂറിനു ലഭ്യമായി.

1809-ല്‍ കലാപത്തെത്തുടര്‍ന്ന് വേലുത്തമ്പി തിരുവിതാംകൂറിലെയും കൊച്ചിയിലെയും പട്ടാളത്തെ പിരിച്ചുവിട്ടതോടെ നസ്രാണിപ്പടയും ശിഥിലമായി. പരമ്പരാഗത ആയുധ പരിശീലനകേന്ദ്രങ്ങളായ കളരികളെയും ഈ പ്രക്രിയ ഇല്ലായ്മ ചെയ്തു. അതോടെ നസ്രാണികളുടെ ആയോധന പരിശീലനവും അവസാനിച്ചു. ഇതിനെത്തുടര്‍ന്ന് പട്ടാളസേവനത്തെ ആശ്രയിച്ചിരുന്ന നല്ലൊരുസംഖ്യ നസ്രാണികള്‍ മറ്റു തൊഴിലുകളിലേക്ക്-മുഖ്യമായും നെല്‍ക്കൃഷിയിലേക്ക് തിരിഞ്ഞു.

കടപ്പാട് : ഡോ. എം. കുര്യന്‍ തോമസ്

Leave a Reply

Your email address will not be published. Required fields are marked *