Sathyadarsanam

മാർ ശെമ്ഓൻ ബർ സബാ (ܡܪܝ ܫܡܥܘܢ ܒܪܨܒܥܐ‎) യുടെയും സഹ സഹദാമാരുടെയും ദുക്‌റാന…

കൈത്താകാലം ആറാം വെള്ളി 6th Friday of Qaita.

പൗരസ്ത്യ സുറിയാനി സഭയിലെ ഒരു സഹദായാണ്‌ മാർ ശെമ്ഓൻ ബർ സബാ. പേർഷ്യയിൽ പൗരസ്ത്യ സുറിയാനി സഭയുടെ കേന്ദ്രമായിരുന്ന സെലൂഷ്യ-സ്റ്റെസിഫോണിൽ സഭയെ നയിച്ച മാർ പാപ്പാ ബർ ഗഗായിക്ക് ശേഷം പൗരസ്ത്യ സുറിയാനി സഭയുടെ കാതോലിക്കായായിരുന്നു മാർ ശെമ്ഒാൻ.ഇറാനിലെ ശാപ്പുർ രണ്ടാമൻ രാജാവിന്റെ ഭരണകാലത്ത് എ.ഡി. 345 ലെ മതമർദ്ദന വേളയിൽ അദ്ദേഹം രക്തസാക്ഷിയായി. രാജകല്പന അനുസരിച്ച് സൊരാസ്ത്രിയൻ മതവിശ്വാസം സ്വീകരിക്കാൻ വിസമ്മതിച്ചതിനാൽ അനേകം മെത്രാന്മാരും പുരോഹിതന്മാരും ഉൾപ്പടെ പതിനാറായിരത്തോളം വിശ്വാസികൾ അന്ന് കൊല്ലപ്പെട്ടു എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.ഈ സംഭവം നടന്നത് ഒരു ദുഃഖവെള്ളിയാഴ്ച ദിവസം ആയിരുന്നു .
ഉയിർപ്പ് തിരുനാൾ കഴിഞ്ഞ് വരുന്ന വെള്ളിയാഴ്ച പൗരസ്ത്യ സുറിയാനി പാരമ്പര്യം അനുസരിച്ച് സകല വിശുദ്ധരുടെയും തിരുനാൾ ആചരിക്കുന്നത് ഇവരുടെ ഓർമ്മ അനുസ്മരിക്കുന്നതിന് വേണ്ടിയാണ്. ദുഃഖവെള്ളിയാഴ്ച കർത്താവിന്റെ തിരുനാൾ ദിവസം ആയതിനാൽ നാം അന്നേദിനം മറ്റ് തിരുനാളുകൾ ആചരിക്കാറില്ല,അതിനാൽ അവരുടെ ഓർമ്മ സകല വിശുദ്ധരുടെയും തിരുനാളായി ഉയിർപ്പ് ഞായർ കഴിഞ്ഞ് വരുന്ന അടുത്ത വെള്ളിയാഴ്ച ആചരിക്കുന്നു.
സീറോ മലബാർ സഭയിൽ മാർ ശെമ്ഓൻ ബർ സബായുടെയും സഹ സഹദാമാരുടെയും തിരുനാൾ കൈത്താക്കാലം ആറാം വെള്ളിയാഴ്ച ആചരിക്കുന്നു.
സീറോ മലബാർ സഭയിൽ ഈ തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടുന്ന ഏക ദൈവാലയം കോതമംഗലം രൂപതയിലെ ആരക്കുഴ മർത്ത് മറിയം പള്ളിയാണ്.

-ഫെബിൻ ജോർജ്ജ് മൂക്കംതടത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *