മരണത്തെക്കുറിച്ചും മരണാനന്തരജീവിതത്തെക്കുറിച്ചുമുള്ള ചിന്ത ആദിമകാലം മുതല്‍ മനുഷ്യനില്‍ അന്തര്‍ലീനമാണ്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം മിശിഹായുടെ ഉത്ഥാനമാണ് മരണാനന്തരജീവിതത്തെക്കുറിച്ചുള്ള വിശ്വാസത്തിന്റെ ആധാരശില (1 കോറി 15:12). ക്രിസ്തീയവിശ്വാസമാണ് നമ്മുടെ പ്രത്യാശയെ അനുദിനം ഊട്ടിയുറപ്പിക്കുന്നത്. ഉത്ഥാനത്തിലുള്ള പ്രത്യാശയും ക്രിസ്തീയജീവിതം ആവശ്യപ്പെടുന്ന കാര്യങ്ങളോടുള്ള പ്രതികരണവും തമ്മില്‍ വ്യക്തമായ ബന്ധം സഭയുടെ ആദ്യകാലംമുതല്‍ കാണുവാന്‍ സാധിക്കും. മരണത്തിലൂടെ മിശിഹായില്‍ എത്തിച്ചേരാമെന്നുള്ള ഉത്ഥാനപ്രതീക്ഷ പുലര്‍ത്തിയതു മൂലമാണ് രക്തസാക്ഷികള്‍ കുരിശിന്റെ മാര്‍ഗത്തിലൂടെ സഞ്ചരിക്കുവാന്‍ തയ്യാറായത്. ഇവരുടെ മാതൃക പിന്തുടര്‍ന്ന് മിശിഹായിലേക്കുള്ള തങ്ങളുടെ തീര്‍ത്ഥയാത്ര അനുസ്യൂതം തുടരുവാന്‍ ക്രൈസ്തവര്‍ വിളിക്കപ്പെട്ടിരിക്കുന്നു.
ആധുനികകാലഘട്ടത്തിൽ മരണാനന്തരജീവിതത്തെക്കുറിച്ച്ആളുകളുടെ ഇടയില്‍ ധാരാളം സംശയങ്ങള്‍ രൂപപ്പെട്ട് വരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍, യുഗാന്ത്യത്തെ സംബന്ധിച്ചുള്ള കാലികപ്രസക്തമായ ചില ചോദ്യങ്ങളെ വിശകലനം ചെയ്ത് അന്തര്‍ദേശീയദൈവശാസ്ത്രകമ്മീഷന്റെ നേതൃത്വത്തില്‍ ഒരു രേഖ പുറപ്പെടുവിച്ചു. ആ രേഖയെക്കുറിച്ചുള്ള സംക്ഷിപ്തപഠനമാണ് ലേഖനത്തിന്റെ ഉള്ളടക്കം.
മരണാനന്തരജീവിതവിശ്വാസം
ആധുനികലോകത്തിൽ
ക്രിസ്തീയപ്രതീക്ഷകള്ക്ക് മങ്ങലേല്പ്പിക്കുന്ന ധാരാളം വെല്ലുവിളികളുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭൗതികവാദം (Secularism). തന്മൂലം മരണാനന്തരജീവിതത്തെക്കുറിച്ച് പ്രത്യാശ പുലര്‍ത്തുവാന്‍ പലരും വിഷമിക്കുന്നു. ക്രിസ്തീയവിശ്വാസത്തെ ക്ഷതപ്പെടുത്തുന്ന ബാഹ്യശക്തികള്‍ക്കൊപ്പം ദൈവശാസ്ത്രപരമായ അന്ധതയും നമുക്കുചുറ്റും വ്യാപിക്കുന്നുണ്ട്. ക്രിസ്തീയവിശ്വാസസത്യങ്ങളെക്കുറിച്ചുള്ള ചില നവീനവ്യാഖ്യാനങ്ങള്‍, ക്രിസ്തുവിന്റെ ദൈവത്വത്തെയും ഉത്ഥാനത്തെയും ചോദ്യം ചെയ്യുന്നതാണ്. മരണാനന്തരജീവിതത്തെക്കുറിച്ചും അന്ത്യവിധിയെക്കുറിച്ചുമുള്ള ദൈവശാസ്ത്രപരമായ തര്‍ക്കവിതര്‍ക്കങ്ങള്‍ വിശ്വാസികളെ പലപ്പോഴും വിഷമസന്ധിയിലാക്കുന്നു.
ഭൗതികവാദം, ഭീകരവാദം, ഉപഭോഗസംസ്‌കാരം തുടങ്ങിയവയെല്ലാം മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ചിന്ത നമ്മില്‍നിന്നും അകറ്റിക്കളയുന്നവയാണ്. ദൈവശാസ്ത്രക്കുറിച്ചുള്ള അജ്ഞത (Theological obscurtiy) നമ്മെ പലപ്പോഴും നിസ്സംഗതയിലേക്കു നയിക്കുന്നു. സാമൂഹിക ഉത്തരവാദിത്വങ്ങള്‍ മറന്ന് ഭക്തിപ്രസ്ഥാനത്തില്‍ മുഴുകുന്നതും ഭാവിലോകത്തെക്കുറിച്ചുള്ള ചിന്തയില്ലാതെ ഭൗമിക കാര്യങ്ങളില്‍മാത്രം വ്യാപരിക്കുന്നതും ക്രൈസ്തവര്‍ക്ക് ഭൂഷണമല്ല. ഭൗമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനൊപ്പം തന്നെ യുഗാന്ത്യചിന്തയോടും കൂടി ജീവിക്കുകയെന്നതാണ് പ്രധാനം. ഉത്ഥിതന്റെ മക്കളായ നാം മഹത്വപൂര്‍ണ്ണമായ ഉത്ഥാനത്തെയും യുഗാന്ത്യത്തില്‍ മിശിഹായുള്ള കണ്ടുമുട്ടലിനെയും പ്രതീക്ഷിച്ച് ക്രിസ്തീയജീവിതം നയിക്കണമെന്ന് യുഗാന്ത്യത്തെ സംബന്ധിച്ചുള്ള രേഖ ഉദ്‌ബോധിപ്പിക്കുന്നു.
മിശിഹായുടെ ഉത്ഥാനവും നമ്മുടെ ഉത്ഥാനവും
”മിശിഹാ നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌ക്കരിക്കപ്പെടുകയുംഎഴുതപ്പെട്ടിരിക്കുന്നതുപോലെ മൂന്നാം നാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു”(1കോറി15:4). മിശിഹാ ഉയിര്‍ക്കുക മാത്രമല്ല അവന്‍ നമ്മുടെ ”ഉത്ഥാനവും ജീവനുമായി”(യോഹ 11 : 25) വര്‍ത്തിക്കുകയും ചെയ്തു. അതുകൊണ്ടാണ് ”വിശുദ്ധലിഖിതമനുസരിച്ച് മരിച്ചവരുടെ ഇടയില്‍നിന്ന് മൂന്നാം നാള്‍ ഉയിര്‍ക്കുകയും” എന്നതിനുശേഷം ”മരിച്ചവരുടെ ഉത്ഥാനത്തെ ഞങ്ങള്‍ നോക്കിപ്പാര്‍ക്കുകയും” ചെയ്യുന്നുവെന്ന് നിഖ്യാ കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണത്തില്‍ നമ്മള്‍ ഏറ്റുചൊല്ലുന്നത്. ”മിശിഹായില്‍ മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്ക്കുമെന്ന” (1തെസ.4:16) സന്ദേശമാണ് സഭയുടെ വിശ്വാസപ്രമാണത്തില്‍ പ്രതിധ്വനിക്കുന്നത്.
മിശിഹായുടെ ഉത്ഥാനമെന്നത് നമ്മുടെ ഉത്ഥാനത്തിന്റെ മാതൃകയാണ്. നമ്മുടെ ഭാവി ഉത്ഥാനത്തില്‍ നമ്മള്‍ മിശിഹായുടെ ഉത്ഥാനത്തില്‍ പങ്കുചേരുമെന്ന് വിശ്വസിക്കുന്നു. മിശിഹായുടെ ഉത്ഥാനമാണ് നമ്മുടെ ഭാവി ഉത്ഥാനത്തിന്റെ അച്ചാരം. ”ഒരു മനുഷ്യന്‍ മൂലം മരണം ഉണ്ടായതുപോലെ ഒരു മനുഷ്യന്‍ വഴി പുനരുത്ഥാനവും ഉണ്ടായി” (1കൊറി15:21). മാമ്മോദീസാ വഴിയും പരിശുദ്ധാത്മാവുവഴിയും നമ്മള്‍ ഉത്ഥിതനായ മിശിഹായില്‍ കൗദാശികമായി ഉയിര്‍പ്പിക്കപ്പെടുന്നു (1കൊളോ 2:12). ശരീരത്തിന്റെ ഉയിര്‍പ്പിനെക്കുറിച്ചുള്ള സഭയുടെ അടിസ്ഥാനപരമായ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
0 വെളിപ്പെടുത്തപ്പെട്ട സത്യങ്ങളെ പൂര്‍ണ്ണമായും അംഗീകരിക്കുകയെന്നത് ദൈവശാസ്ത്രവിശദീകരണത്തിന്റെ സ്വഭാവമാണ്.
0 മിശിഹായുടെ ഉത്ഥാനത്തിലുള്ള വിശ്വാസം മരിച്ചവരുടെ ഉത്ഥാനത്തിലുള്ള വിശ്വാസത്തിന്റെ മൂലക്കല്ലാണ്.
0 ദൈവമാണ് എല്ലാ സൃഷ്ടികളുടെയും അവസാനം. അവനില്‍ എല്ലാ സൃഷ്ടികളും മരിക്കുകയും അവനിലും അവനുവേണ്ടിയും എല്ലാ സൃഷ്ടികളും ഉയിര്‍പ്പിക്കപ്പെടുകയും ചെയ്യും.
0 നാമിപ്പോള്‍ ജീവിക്കുന്ന ശരീരത്തിന്റെതന്നെ ഉത്ഥാനമാണ് സംഭവിക്കുകയെന്ന് സഭയുടെ വിശ്വാസപ്രമാണം സാക്ഷ്യപ്പെടുത്തുന്നു. തന്മൂലം നാമിപ്പോള്‍ ജീവിക്കുന്ന ശരീരവും അന്ത്യവിധിനാളില്‍ ഉയിര്‍ത്തെഴുന്നേല്ക്കുമെന്ന ശരീരവും ഒന്നുതന്നെയായിരിക്കും.
ആദിമക്രിസ്തുവിജ്ഞാനീയത്തില്‍ ഈ വിശ്വാസം സ്പഷ്ടമാണ്. അവസാന ഉത്ഥാനത്തില്‍ മര്‍ത്യവും നശിക്കുന്നതുമായ ശരീരം അമര്‍ത്യവും നശിക്കാത്തതുമായിത്തീരുന്ന രീതിയില്‍ ശരീരത്തിന് രൂപഭേദം സംഭവിക്കും. പക്ഷേ, ഉത്ഥാനം സംഭവിക്കുന്നത് മരണമടഞ്ഞ ശരീരത്തില്‍ത്തന്നെയായിരിക്കുമെന്ന് വിശുദ്ധ ഇരണേവൂസ് പ്രസ്താവിക്കുന്നു. ശാരീരികമായ തനിമയുടെ (bodily identtiy) അഭാവത്തില്‍ വ്യക്തിപരമായ തനിമ (pers onal identtiy) യെക്കുറിച്ച് വിശദീകരിക്കുവാന്‍ കഴിയുകയില്ലെന്ന് സഭാപിതാക്കന്മാര്‍ പഠിപ്പിക്കുന്നു.
നമ്മുടെ ഉയിര്‍പ്പ്
മരിച്ചവരുടെ ഉയിര്‍പ്പിന് നിശ്ചിതസമയമുള്ളതായി പുതിയനിയമത്തില്‍ കാണുവാന്‍ കഴിയും. ”ആദ്യം മിശിഹാ, പിന്നെ മിശിഹായുടെ ആഗമനത്തില്‍ അവനുള്ളവരും” (1കോറി15:23) എന്നാണല്ലോ പൗലോസ് ശ്ലീഹാ ഉദ്‌ബോധിപ്പിക്കുന്നത്. മഹത്വപൂര്‍ണനായ മിശിഹായുടെ ദ്വിതീയാഗമനത്തെയാണ് പരൂസിയ (Parousia)) എന്ന ഗ്രീക്കുവാക്ക് അര്‍ത്ഥമാക്കുന്നത് (തീത്തോ 2:13).
മരണസമയത്തുതന്നെയുള്ള ഉത്ഥാനം എന്ന നവീനസിദ്ധാന്തം മിശിഹായുടെ ദ്വിതീയാഗമനവേളയിലുള്ള ഉയിര്‍പ്പ് എന്ന പ്രബോധനത്തോട് ചേര്‍ന്നുപോവുകയില്ല.
പുതിയനിയമമനുസരിച്ച് പരൂസിയായെന്നത് ചരിത്രംതന്നെ പൂര്‍ത്തീകരിക്കപ്പെടുന്ന പ്രത്യേക സംഭവമാണ്. മരണത്തോടനുബന്ധിച്ച് ഒരു വ്യക്തി മിശിഹായുമായുള്ള കണ്ടുമുട്ടലായി പരൂസിയായെ ചുരുക്കുന്നത് ശരിയല്ല. അന്ത്യവിധിനാളില്‍ (യോഹ 6:54) മഹത്വപൂര്‍ണരായി ഉയിര്‍ത്തെഴുന്നേല്ക്കുമ്പോള്‍ അവര്‍ ഉത്ഥിതനുമായി പൂര്‍ണഐക്യത്തില്‍ എത്തിച്ചേരുമെന്നതാണ് പരൂസിയായെക്കുറിച്ചുള്ള വിശദീകരണം.
പുതിയനിയമ കാഴ്ചപ്പാട്
മിശിഹായുടെ ദ്വിതീയാഗമനത്തിനു മുമ്പ് തങ്ങളില്‍ ചിലര്‍ മരിച്ചുപോയേക്കുമെന്ന് ആദിമക്രിസ്ത്യാനികള്‍ ആശങ്കപ്പെട്ടിരുന്നു. മരിച്ചുപോയവരുടെ വിധിയെക്കുറിച്ച് ആശങ്കപ്പെടുന്നവരെ പൗലോസ്ശ്ലീഹാ ആശ്വസിപ്പിക്കുന്നതായി തെസ്സലോനിക്കാ ലേഖനം പ്രസ്താവിക്കുന്നു (1തെസ 4:16). മരണശേഷം ആത്മാക്കള്‍ എവിടെയാണ് വസിക്കുന്നതെന്ന ചോദ്യവും ഇത്തരുണത്തില്‍ പ്രസക്തമാണ്. മരിച്ചുപോയവര്‍ ഷീയോളിലാണ് (Sheol) വസിക്കുന്നതെന്ന് ഇസ്രായേല്ക്കാര്‍ വിശ്വസിച്ചിരുന്നു. മാത്രമല്ല, ഭൂമിക്കടിയിലാണ് ഷീയോളിന്റെ സ്ഥാനമെന്നും അവര്‍ കണക്കുകൂട്ടിയിരുന്നു (ഉത്പ 37:35, സങ്കീ 55:16).
കാലക്രമത്തില്‍ ഷീയോളിന് രണ്ടു തലങ്ങളുണ്ടെന്നും ഒരു തലത്തില്‍ നീതിമാന്മാരും മറ്റൊരു തലത്തില്‍ ദുഷ്ടന്മാരുമാണ് വസിക്കുന്നതെന്ന ചിന്ത ക്രൈസ്തവരുടെ ഇടയില്‍ പ്രബലപ്പെട്ടു. അന്ത്യവിധിവരെ മാത്രമേ മരിച്ചവര്‍ ഷീയോളില്‍ കഴിയുകയുള്ളൂ.
നല്ല കള്ളന് ഈശോ പറുദീസാ വാഗ്ദാനം ചെയ്തതിന്റെ അര്‍ത്ഥം മരണാനന്തരം തന്റെ കൂട്ടായ്മയിലേക്ക് ഈശോ അവനെയും സ്വീകരിച്ചുവെന്നാണ്. ഈ പ്രത്യാശയാണ് കല്ലെറിയപ്പെട്ട എസ്താപ്പാനോസിന്റെ വാക്കുകളില്‍.”സ്വര്‍ഗ്ഗം തുറക്കപ്പെടുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലതുഭാഗത്ത് നില്ക്കുന്നതും ഞാന്‍ കണ്ടു” (അപ്പ 7:56). ”കര്‍ത്താവേ എന്റെ ആത്മാവിനെ സ്വീകരിക്കണമേ”(അപ്പ 7:59). മരണശേഷം ഉടന്‍തന്നെ മിശിഹായുമായി ഐക്യത്തിലാകാമെന്ന് അവന്‍ പ്രത്യാശിക്കുന്നു.
മരണംമൂലം ക്രിസ്തുശിഷ്യര്‍ മിശിഹായുമായി ഐക്യത്തിലാകുമെന്നാണ് ”എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്” (യോഹ 14:1-13) എന്ന ഈശോയുടെ പ്രബോധനത്തിന്റെയര്‍ത്ഥം. ഇതുതന്നെയാണ് ”ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണെന്ന്” പൗലോസ്ശ്ലീഹാ പറയുന്നതിലൂടെയും അര്‍ത്ഥമാക്കുന്നത് (ഫിലി1:21-24).
ഉത്ഥാന യാഥാര്‍ത്ഥ്യം
ഒരുവന്റെ മരണശേഷവും എന്നാല്‍ ലോകാവസാനത്തിനുമുമ്പുമായി അവനിലുള്ള ബോധഘടകം അഥവാ അവന്റെ ആത്മാവാണ് സമയത്തെ അതിജീവിച്ച് നിലനില്ക്കുന്നത് (ജ്ഞാനം 3:1, മത്താ 16:28). ലോകാവസാനവേളയില്‍ കര്‍ത്താവിന്റെ ദ്വിതീയാഗമനസമയത്ത് ക്രിസ്തുവിനുവേണ്ടിയുള്ളവര്‍ ഉയിര്‍പ്പിക്കപ്പെടും (1കോറി15:23). ആ സമയം മുതല്‍ ഉയിര്‍പ്പിക്കപ്പെട്ടവരുടെ ശാശ്വതമായ മഹത്വീകരണം സംഭവിക്കും. ഉത്ഥാനത്തിനു മുമ്പേയുള്ള ആത്മാവാണ് ജീവിച്ചിരിക്കുന്ന വ്യക്തിയും ഉയിര്‍പ്പിക്കപ്പെടാന്‍ പോകുന്ന വ്യക്തിയും തമ്മിലുള്ള തുടര്‍ച്ചയും അസ്തിത്വവും നിര്‍ണയിക്കുന്നത്.
ദൈവജനം ഉത്ഥാനത്തിലേക്ക്
മനുഷ്യന്‍ മറ്റു സൃഷ്ടികളെക്കാളും ഉന്നതനും ദൈവത്തെ പ്രാപിക്കാന്‍ കഴിവുള്ളവനുമാണ്. അമര്‍ത്യതയുടെ ആത്മാവ് മനുഷ്യനിലുള്ളതുകൊണ്ട് മരണത്തിനെതിരായി അവന്‍ നിരന്തരം പൊരുതുന്നു. പ്ലാറ്റോണിയന്‍ സിദ്ധാന്തമനുസരിച്ച് ശരീരമെന്നത് ആത്മാവ് വസിക്കുവാനുള്ള തടവറയാണ്. അവരെ സംബന്ധിച്ച് ഉത്ഥാനത്തിലുള്ള പ്രതീക്ഷ വ്യര്‍ത്ഥവുമാണ്.
പക്ഷേ ഉത്ഥാനത്തിലുള്ള പ്രത്യാശയാണ് പുതിയനിയമത്തിന്റെ കാതല്‍. ബെനഡിക്ട് പന്ത്രണ്ടാമന്റെ നിര്‍വ്വചനമനുസരിച്ച് വിശുദ്ധരുടെ ആത്മാക്കള്‍ മരണശേഷം ഉടന്‍തന്നെ പൂര്‍ണമായും വിശുദ്ധീകരിക്കപ്പെടുന്നു. അവര്‍ ദൈവികദര്‍ശനം അനുഭവിക്കുന്നു. അവസാന ഉത്ഥാനത്തിലുള്ള വ്യക്തിഗത ആത്മാക്കളുടെ ദൈവദര്‍ശനത്തിന് സഭാത്മകമാനമുണ്ട്. അന്ത്യനാളില്‍ ക്രിസ്തുവിനുള്ളവര്‍ അവരുടെ പൂര്‍ണതയില്‍ എത്തിച്ചേരുന്നു (വെളി 6:11). അപ്പോള്‍ സകല സൃഷ്ടികളും മിശിഹായ്ക്ക് അധീനമായിത്തീരും (1കോറി:27:28). അപ്പോള്‍ എല്ലാവരും നാശമടയുന്നതിനുള്ള അടിമത്തത്തില്‍നിന്നും സ്വതന്ത്രരാക്കപ്പെടും (റോമ 8:21).
ക്രിസ്തീയ മരണം
ക്രിസ്തീയവീക്ഷണമനുസരിച്ച് രക്ഷിക്കപ്പെടേണ്ട തടവറയോ ഊരിക്കളയേണ്ട വസ്ത്രമോ അല്ല ശരീരം. മരണം മനുഷ്യനില്‍ വേദനയുളവാക്കുന്നു. ഒരു വ്യക്തി ആത്മാവുമാത്രമല്ലാത്തതിനാലും ശരീരവും ആത്മാവും സത്താപരമായി ഐക്യപ്പെട്ടിരിക്കുന്നതിനാലും മരണം ഒരു വ്യക്തിയെ സമ്പൂര്‍ണമായി സ്വാധീനിക്കുന്നു.
മനുഷ്യന്‍ പാപം ചെയ്തിട്ടില്ലായിരുന്നുവെങ്കില്‍ ശാരീരികമരണത്തിന് അവനെ കീഴടക്കാന്‍ കഴിയുമായിരുന്നില്ല.”പാപത്തിന്റെ ശമ്പളം മരണം” എന്ന പൗലോസ്ശ്ലീഹായുടെ വാക്കുകളുടെ ഉള്‍പ്പൊരുള്‍ മനസ്സിലാക്കി (റോമ 6:23) ക്രിസ്ത്യാനികള്‍ മരണത്തെ പാപപരിഹാരാര്‍ത്ഥത്തില്‍ സ്വീകരിക്കണം. തങ്ങളുടെ പ്രിയപ്പെട്ടവര്‍ മരിക്കുമ്പോള്‍ ക്രിസ്ത്യാനികളും കരയുന്നത് സ്വഭാവികമാണ്. സുഹൃത്തായ ലാസര്‍ മരിച്ചപ്പോള്‍ ഈശോ കരഞ്ഞതായി യോഹന്നാന്‍ സുവിശേഷകന്‍ സാക്ഷ്യപ്പെടുത്തുന്നു (യോഹ 11:35).
വിശ്വാസവും ശരണവും മരണത്തിന്റെ മറ്റൊരുമുഖം നമ്മെ പഠിപ്പിക്കുന്നു. പിതാവിന്റെ തിരുവിഷ്ടത്തിന്റെ വെളിച്ചത്തില്‍ ഈശോ മരണഭയത്തെ അഭിമുഖീകരിക്കുകയുണ്ടായി (മര്‍ക്കോ 14:36). മരണംവഴി ശരീരത്തില്‍നിന്നും നമ്മള്‍ അകന്നുപോകുന്നുവെങ്കിലും മരണത്തെ നല്ല മനസ്സോടെ സ്വീകരിക്കുവാന്‍ ക്രിസ്തീയവിശ്വാസം നമ്മെ പ്രേരിപ്പിക്കുന്നു.
കാരണം മരണത്തിന്റെ ആഗമനംവഴി ക്രിസ്തുവിനോടുകൂടി ഭവനത്തില്‍ എത്തിച്ചേരുമെന്ന് (2കോറി.5:8) നമ്മള്‍ പ്രത്യാശിക്കുന്നു. മരണശേഷം മിശിഹായുമായി ഐക്യപ്പെടാനുള്ള ആത്മീയ ആഗ്രഹം വിശുദ്ധരുടെ ജീവിതത്തില്‍ കാണുവാന്‍ കഴിയും. അവര്‍ മരണത്തെ കണ്ടത് ദൈവവുമായി ഐക്യപ്പെടാനുള്ള വേളയായിട്ടാണ്.
മഹത്വപൂര്‍ണ്ണമായ ഭാവി ഉത്ഥാനത്തിനുള്ള വഴിയും വ്യവസ്ഥയുമായിട്ടാണ് പൗരസ്ത്യപാരമ്പര്യം മരണത്തെ വീക്ഷിക്കുന്നത്. തന്റെ മരണോത്ഥാനത്തിലൂടെ ഉത്ഥാനമെന്ന യാഥാര്‍ഥ്യത്തിന് ഈശോ ഉറപ്പുനല്കി. അപ്രകാരം കുരിശുവഴിമരണമെന്ന സൂര്യാസ്തമയത്തെ മിശിഹാ ഉത്ഥാനമെന്ന സൂര്യോദയമാക്കി രൂപാന്തരപ്പെടുത്തി. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം രോഗവും മരണവുമെല്ലാം മിശിഹായുടെ സഹനത്തില്‍ പങ്കുചേരുവാനുള്ള അവസരങ്ങളാണ്.
മരണശേഷം മിശിഹായുമായുള്ള കൂട്ടായ്മയിലേക്ക് എത്തിച്ചേരത്തക്കവിധമാണ് മനുഷ്യജീവിതം ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍, വിശുദ്ധജീവിതംവഴി മരണവും പാപവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നു. വാസ്തവത്തില്‍ ഭാഗ്യമുള്ള മരണംവഴി നമ്മള്‍ മിശിഹായുടെ രക്ഷാകരരഹസ്യങ്ങളില്‍ പങ്കുചേരുന്നു. കൂദാശകള്‍ വിശുദ്ധമായ മരണത്തിന് എപ്പോഴും നമ്മെ ഒരുക്കുന്നു. മാമ്മോദീസാവഴി നമ്മള്‍ മിശിഹായുടെ മരണത്തിലും ഉത്ഥാനത്തിലും പങ്കുചേരുന്നതായി പൗലോസ്ശ്ലീഹാ ഉദ്‌ബോധിപ്പിക്കുന്നു (റോമ 6:3-7). അമര്‍ത്യതയുടെ ഔഷധമായ വിശുദ്ധ കുര്‍ബാനയുടെ സ്വീകരണംവഴി നമ്മള്‍ മിശിഹായുടെ ഉത്ഥാനത്തില്‍ പങ്കുകാരാകുന്നു.
ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍










Anonymous
5