Sathyadarsanam

ശ്ലൈഹികപാരമ്പര്യം മെസയാനിക (ക്രിസ്തീയ) വെളിപാടിന്റെ കലവറ

ഫാ. സെബാസ്ററ്യൻ ചാമക്കാല

ആമുഖം

“ഇനിമേൽ നിങ്ങൾ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്. ശ്ലീഹന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേൽ പണിതുയർത്തപ്പെട്ടവരാണ് നിങ്ങൾ; ഈ അടിത്തറയുടെ മൂലക്കല്ല് മിശിഹായാണ്. മിശിഹായിൽ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കർത്താവിൽ പരിശുദ്ധമായ ആലയമായി അതു വളർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.” (എഫേ 2:19).

അടിസ്ഥാനമുറപ്പിക്കപ്പെട്ട നാൾമുതൽ ‘കർത്താവിൽ പരിശുദ്ധ ആലയമായി വളർന്നുകൊണ്ടിരിക്കുന്ന’ സഭ അവിടുത്തെ രണ്ടാമത്തെ ആഗമനം വരെ സജീവമായ ഒരു തുടർച്ചയാണ്. സഭ ശ്ലൈഹികസഭ ആയിരിക്കുന്നത് മിശിഹാ നിശ്ചയിച്ച ശ്ലൈഹിക അടിത്തറമേൽ ‘പരിശുദ്ധ റൂഹയിൽ ദൈവത്തിന്റെ വാസസ്ഥലമായി മിശിഹായിൽ പണിയപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ’ ( cf.എഫേ 2: 22) കൂട്ടായ്മ ആയതിനാലാണ്. ശ്ലൈഹികപാരമ്പര്യം കേവലം മാനുഷികമല്ല; മറിച്ച് അത് സുവിശേഷ കൈമാറ്റവുമായി ബന്ധപ്പെട്ടതും ശ്ലൈഹിക പിൻതുടർച്ചയുടെ അടിസ്ഥാനവുമാണ്. ഇന്നു സഭയിൽ മാമോദീസാ സ്വീകരിക്കുന്നയാളും സഭയുടെ ആരംഭംമുതലുള്ള ആ പാരമ്പര്യത്തിന്റെ ഭാഗമാകുകയാണ്.

പാരമ്പര്യം എന്നത് വളരെ സങ്കീർണമായ ഒരു വിഷയമാണ്; വിശ്വാസവിഷയത്തിൽ പ്രത്യേകിച്ചും. എന്താണ് പാരമ്പര്യം? ഒരു വിശ്വാസമോ ആചാരമോ, ഭൂതകാലത്തിലുള്ള അതിന്റെ ഉത്ഭവത്തിനു പ്രതീകാത്മക അർത്ഥമോ പ്രത്യേക പ്രാധാന്യമോ നൽകിക്കൊണ്ട് ഒരു കൂട്ടായ്മയുടെയോ സമൂഹത്തിന്റെയോ ഉള്ളിൽ താഴെ തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിനെയാണ് പാരമ്പര്യം എന്നതുകൊണ്ട് സാധാരണയായി അർത്ഥമാക്കുന്നത്. എന്നാൽ ഈ നിർവ്വചനമോ വിലയിരുത്തലോ പൂർണ്ണമല്ല; കാരണം പാരമ്പര്യത്തിന് രണ്ടു തലങ്ങളുണ്ട്; വസ്തുനിഷ്ഠതലവും (objective tradition) ക്രിയാത്മകതലവും (active tradition) (cf. George Agius, Tradition and The Church, 1928).

വസ്തുനിഷ്ഠപരമായ പരിഗണനയിൽ പാരമ്പര്യം, പങ്കുവയ്ക്കപ്പെടുന്നന്നത് അല്ലെങ്കിൽ കൈമാറ്റം ചെയ്യപ്പെടുന്നത് എന്തോ അതാണ് (The Thing Transmitted). ഇവിടെ പങ്കുവയ്ക്കപ്പെടുന്ന പ്രക്രീയയും അതിൽ ഉൾപ്പെടുന്ന ഘടകങ്ങളും (The Act of Transmitting) ചർച്ച ചെയ്യപ്പെടുന്നില്ല. ‘ ഒരു പാരമ്പര്യത്തെ അതു പങ്കുവയ്ക്കുന്ന ‘ക്രിയാത്മക പാരമ്പര്യം’ (Active Tradition) കൂടാതെ, വസ്തുനിഷ്ഠപരമായി മാത്രം പരിഗണിക്കപ്പെട്ടാൽ, ആ പാരമ്പര്യത്തിന് അതിന്റെ മൂല്യം നഷ്ടമാകുന്നു. ആ പാരമ്പര്യത്തിന്റെ ഉറവിടം, കൈമാറ്റപ്രക്രീയ, നമ്മിലേക്ക് എത്തിയ എത്തിയ വഴിയും വിവിധമാർഗ്ഗങ്ങളും എന്നിവ അറിയാതെ നമുക്ക് ഒരു പാരമ്പര്യത്തെ വിശദീകരിക്കാനോ മനസ്സിലാക്കാനോ സാധിക്കില്ല. (“A tradition considered in its object, loses its value without the active tradition, that delivers it. We can neither explain nor understand it without knowing the source, the act, the way and the means through which it has reached us” (ibid. George Agius).

ശ്ലൈഹികപാരമ്പര്യം എന്നാൽ വിശ്വാസത്തിന്റെ പാരമ്പര്യം (Tradition of Faith)

“… സഹോദരരേ, ഞങ്ങൾ വചനം മുഖേനയോ കത്തു മുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും അവയിൽ ഉറച്ചു നിൽക്കുകയും ചെയ്യുവിൻ” (“… brothers and sisters, stand firm and hold fast to the traditions that you were taught by us, either by word of mouth or by our letter” 2 Thess 2:15).

ഈശോമിശിഹായുടെ അനുഗാമികൾ മുറുകെപ്പിടിക്കുന്നതിനും ഉറച്ചുനിൽക്കുന്നതിനുമായി, അവിടുത്തെ ശ്ലീഹന്മാർ – അവരുടെ അടുത്ത അനുയായികൾ – അവരെ വാക്കുകളിലൂടെയും (word of mouth) എഴുത്തുകളിലൂടെയും (letters) പഠിപ്പിച്ചിട്ടുള്ളതും സഭയുടെ ജീവിതത്തിൽ ഇടമുറിയാതെ തുടരുന്നതുമായ മെസായാനികജീവിത (Messianic Life = Christian Life) സംബന്ധിയായ പ്രബോധനവും അനുഷ്ഠാനങ്ങളും(objective tradition) അവയുടെ കൈമാറ്റപ്രക്രീയയുമാണ് (active tradition) ശ്ലൈഹികപാരമ്പര്യം അഥവാ അപ്പസ്തോലികപാരമ്പര്യം എന്നറിയപ്പെടുന്നത്.

കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗർ (പോപ്പ് ബനഡിക്ട് XVI) അതിനെ ‘വിശ്വാസത്തിന്റെ പാരമ്പര്യം’ (Tradition of Faith) എന്നാണ് വിശേഷിപ്പിക്കുന്നത്. “മാർപ്പാപ്പയുടെ അധികാരം പോലും – ആരാധനാക്രമത്തിന്റെ കാര്യത്തിലുൾപ്പെടെ – വിശ്വാസത്തിന്റെ പാരമ്പര്യത്തോടു കടപ്പെട്ടിരിക്കുന്നു. ഇത് (വിശ്വാസത്തിന്റെ പാരമ്പര്യം) അധികാരസ്ഥാനങ്ങളുടെ നിർമ്മിതിയല്ല. മാർപ്പാപ്പയ്ക്കുപോലും അതിന്റെ നിയമാനുസൃത വികാസത്തിന്റെയും നിലനിൽക്കുന്ന സമഗ്രതയുടെയും തനിമയുടെയും എളിയ ശുശ്രൂഷകനായിരിക്കാൻ മാത്രമേ സാധിക്കൂ” (The Pope’s authority is bound to the Tradition of faith, and that also applies to the liturgy. It is not ‘manufactured’ by the authorities. Even the Pope can only be a humble servant of its lawful development and abiding integrity and identity” (Joseph Cardinal Ratzinger, Spirit of Liturgy, 2014, p.166). ശ്ലൈഹിക പാരമ്പര്യത്തെ ശ്ലീഹന്മാരുടെ കാലഘട്ടത്തിൽ മാത്രം അംഗീകരിക്കപ്പെട്ട പ്രബോധനമായോ നിലനിന്ന ആചാരമായോ മാത്രമല്ല, മറിച്ച് ആ പ്രബോധനമോ ആചാരമോ കാലത്തിലൂടെ കടന്നുവന്ന വഴിയും രീതികളുമായിക്കൂടി മനസ്സിലാക്കണം.

ശ്ലൈഹികപാരമ്പര്യം – ലിഖിതവും അലിഖിതവുമായ – ദൈവിക വെളിപാടിന്റെ ഏകനിക്ഷേപം

ശ്ലൈഹികപാരമ്പര്യം ദൈവികവെളിപാടിന്റെ ഏക നിക്ഷേപാലയമാണ്. ആ നിക്ഷേപാലയത്തിൽ സംവഹിക്കപ്പെട്ട, സകലജനപദങ്ങൾക്കുമുള്ള ‘ഏക സുവിശേഷമായ’ ഈശോമിശിഹായുടെ ജീവിതവും സന്ദേശവും രണ്ടു കൈവഴികളിലൂടെ മാനവചരിത്രത്തിലേക്ക് ഒഴുകി. ദൈവികവെളിപാടിന്റെ യഥാർത്ഥ ഉറവിടം ‘ദൈവവചനമാണ്’; എഴുതപ്പെട്ടതും ‘എഴുതപ്പെടാത്തതു’മായ ദൈവവചനം. എഴുതപ്പെട്ടവ ബൈബിളിൽ ഉൾക്കൊള്ളുന്നു; എഴുതപ്പെടാത്തവ പാരമ്പര്യത്തിലും (“The proper source of revelation is the word of God, which is both written and unwritten. The written is contained in the Scriptures; the unwritten in Tradition” (George Agius, Ibid). വിശുദ്ധ പാരമ്പര്യവും വിശുദ്ധ ലിഖിതവും സഭയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന ദൈവവചനത്തിന്റെ ഏക വിശുദ്ധനിക്ഷേപമായിരിക്കുന്നു.” (cf.രണ്ടാം വത്തിക്കാൻ കൗൺസിൽ, ദൈവാവിഷ്കരണം 10). വിശുദ്ധ പാരമ്പര്യവും വിശുദ്ധ ലിഖിതവും ഒന്നുചേർന്നിരിക്കുന്ന ഈ ഏകനിക്ഷേപത്തെ ‘അപ്പസ്തോലിക പാരമ്പര്യം’ എന്നു നമുക്കു വിശേഷിപ്പിക്കാം.

ലിഖിതവും അലിഖിതവുമായ വിശുദ്ധ പാരമ്പര്യങ്ങളുടെ സമ്മേളനമാണ് ‘അപ്പസ്തോലിക പാരമ്പര്യം’. ലിഖിതം എന്നതുകൊണ്ട് ബൈബിളിൽ ഉൾപ്പെട്ട അപ്പസ്തോലിക പാരമ്പര്യത്തെയാണ് വിവക്ഷിക്കുന്നത്. അലിഖിതം എന്നതുകൊണ്ട് ബൈബിളിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ലിഖിതവും അലിഖിതവുമായ അപ്പസ്തോലിക പാരമ്പര്യത്തെയും. അലിഖിതം എന്നതിൽ കേവലം വാചികകൈമാറ്റം (oral transmission of tradition) മാത്രമല്ല; അപ്പോസ്തോലിക കാലഘട്ടത്തിൽ ജീവിച്ചിരുന്നവരും അപ്പസ്തോലന്മാരുടെ അടുത്ത ശിഷ്യന്മാരുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരും തുടങ്ങിയുള്ള ആദിമസഭാപിതാക്കന്മാരുടെ എഴുതപ്പെട്ട പ്രബോധനങ്ങളും സഭയുടെ സജീവമായ ജീവിതചര്യയിലൂടെ അഥവാ അനുഷ്ഠാനങ്ങളിലൂടെ ഇന്നോളം കൈമാറ്റം ചെയ്തുവരുന്ന അലിഖിത പാരമ്പര്യങ്ങളും ഉൾക്കൊള്ളുന്നു.

ഇതൾവിരിയുന്ന ശ്ലൈഹികത

“…നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ.” (മർക്കോ 16:15) എന്നുള്ള കർത്താവിന്റെ കല്പനയോട് വിശ്വസ്തകാട്ടിയ ശ്ലീഹന്മാർ, ആ സുവിശേഷം രണ്ടു രീതിയിലാണ് കൈമാറിയത്: വാചികമായും (orally) എഴുത്തുകളിലൂടെയും (in writing) (cf.CCC 76). വാചികമായും എഴുത്തുകളിലൂടെയുമുള്ള ‘ദൈവവചനത്തിന്റെ’ ആധികാരികത ശ്ലീഹന്മാരുടെ ‘മിശിഹാനുഭവ’മായിരുന്നു. ആ മിശിഹാനുവത്തിന്റെ പങ്കുവയ്പ്പിലൂടെയാണ് സഭ വളരുന്നത്: “ആദിമുതൽ ഉണ്ടായിരുന്നതും ഞങ്ങൾ കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ടു സ്പർശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങൾ അറിയിക്കുന്നു…. ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്തതു നിങ്ങളെയും ഞങ്ങൾ അറിയിക്കുന്നു. ഞങ്ങളുമായി നിങ്ങൾക്കും കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ് ഞങ്ങൾ ഇതു പ്രഘോഷിക്കുന്നത്” (1 യോഹ 1:1, 3).

ഈ പ്രഘോഷണം ഭൂതകാലത്തിന്റെ വെറും ഓർമ്മയാകാതെ ജീവനുള്ള അനുഭവമാകേണ്ടതിനും ഈശോമിശിഹാ വിഭാവനം ചെയ്ത വിധത്തിലുള്ള സാർവ്വത്രികതയും പിൻതുടർച്ചയും അതിന് ഉണ്ടാകേണ്ടതിനുമായി ശ്ലീഹന്മാർ കൈവയ്പ് നൽകി അവരുടെ പിൻഗാമികളിലൂടെ ശ്ലൈഹിക പിൻതുടർച്ചയും അതുവഴി ശ്ലൈഹികപാരമ്പര്യത്തിന്റെ തനിമയും സമഗ്രതയുമുള്ള കൈമാറ്റവും സാധ്യമാക്കി. ശ്ലൈഹിക പങ്കുവയ്ക്കലിൽ തലമുറകൾക്കിപ്പുറം പങ്കുചേരുന്നവർക്കും അതേ ശ്ലൈഹികകൂട്ടായ്മയുടെ ഭാഗവും അതേ പാരമ്പര്യത്തിന്റെ സഹകാരികളുമാകാൻ സാധിക്കുന്നുവെന്നതാണ് ശ്ലൈഹിക പാരമ്പര്യത്തിലൂടെ കൈവരുന്ന നന്മ.

ശ്ലൈഹികപിന്തുടർച്ചയും (Apostolic Succession) ശ്ലൈഹികപാരമ്പര്യവും

ശ്ലൈഹികപാരമ്പര്യം വിശദീകരിക്കുമ്പോൾ ‘കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം (CCC 75) ഉദ്ധരിക്കുന്നത് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനമാണ്. “അത്യുന്നതദൈവത്തിന്റെ വെളിപാടുമുഴുവൻ തന്നിൽ പൂർത്തീകരിച്ച മിശിഹാനാഥൻ (2 കോറി 1:30; 3:16; 4:6) എല്ലാ രക്ഷണീയ സത്യങ്ങളുടെയും ധാർമ്മികപ്രബോധനങ്ങളുടെയും ഉറവിടമായ ‘സദ്വാർത്ത’ സകലമനുഷ്യരോടും പ്രസംഗിക്കാനും അങ്ങനെ അവർക്ക് ദൈവദാനങ്ങൾ നൽകാനും അപ്പോസ്തോലന്മാരെ അധികാരപ്പെടുത്തുകയുണ്ടായി… അപ്പസ്തോലന്മാർ ഈ ദൗത്യം, മിശിഹായുടെ അധരങ്ങളിൽനിന്നും അവനോടൊപ്പമുള്ള ജീവിതത്തിൽനിന്നും അവിടുത്തെ ചെയ്തികളിൽനിന്നും സ്വീകരിച്ചതും പരിശുദ്ധ റൂഹായുടെ നിവേശനത്താൽ ഗ്രഹിച്ചതുമായ കാര്യങ്ങളെ തങ്ങളുടെ വാചിക പ്രഘോഷണം, മാതൃക, ജീവിതചര്യ എന്നിവ വഴി കൈമാറിക്കൊണ്ട് വിശ്വസ്തയോടെ നിറവേറ്റി. അതേ പരിശുദ്ധ റൂഹയുടെ പ്രചോദനത്താൽ രക്ഷയുടെ സന്ദേശത്തിനു ലിഖിതരൂപം നൽകിയ അപ്പസ്തോലന്മാരിലൂടെയും അപ്പസ്തോലിക മനുഷ്യരിലൂടെയും ഇതേദൗത്യം പൂർത്തീകരിക്കപ്പെട്ടു… എന്നാൽ സഭയിൽ ഈ സദ്‌വാർത്ത പൂർണ്ണമായും സജീവമായും സൂക്ഷിക്കേണ്ടതിന് ‘തങ്ങളുടേതായ സ്ഥലങ്ങളിൽ പഠിപ്പിക്കുന്നതിനുള്ള അധികാരം’ കൈവയ്പ്പിലൂടെ നൽകിക്കൊണ്ട് ശ്ലീഹന്മാർ മെത്രാന്മാരെയും അവരുടെ പിൻഗാമികളെയും നിയമിച്ചു ” (cf. രണ്ടാം വത്തിക്കാൻ കൗൺസിൽ, ദൈവാവിഷ്കരണം – 7).

ദൈവികവെളിപാടിന്റെ അലിഖിതവും ലിഖിതവുമായ കൈമാറ്റത്തിൽ അപ്പസ്തോലന്മാർക്കും അവരുടെ പിൻഗാമികൾക്കുമുള്ള നിർണ്ണായകസ്ഥാനത്തെ സഭ എക്കാലവും പ്രഖ്യാപിക്കുന്നു. വിവിധകാലഘട്ടങ്ങളിലൂടെ ഇന്നും തുടരുന്ന ഈ അപ്പസ്തോലിക പിൻതുടർച്ചയിലൂടെയാണ് ‘അപ്പസ്തോലിക അഥവാ ശ്ലൈഹികപാരമ്പര്യം’ സഭയിൽ നിലനിൽക്കുന്നത്. “ശ്ലീഹന്മാർ കൈമാറിയവയിൽ (ലിഖിത-അലിഖിത പാരമ്പര്യങ്ങൾ cf. 2 തെസ്സ 2:15) ദൈവജനത്തിന്റെ ജീവിതവിശുദ്ധിയ്ക്കും വിശ്വാസവർദ്ധനവിനും ഉപകരിക്കുന്നവയെല്ലാം ഉൾക്കൊണ്ടിരിക്കുന്നു. ഇപ്രകാരം സഭ, തന്റെ പ്രബോധനത്തിലും ജീവിതത്തിലും ആരാധനയിലും ആരാധനയിലും അവളെയും – അവൾ ആയിരിക്കുന്ന നിലയിൽ മുഴുവനായും – അവൾ വിശ്വസിക്കുന്ന എല്ലാറ്റിനെയും എന്നേയ്ക്കുമായി നിലനിർത്തുകയും എല്ലാ തലമുറകളിലേയ്ക്കുമായി കൈമാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.” (cf. ദൈവാവിഷ്കരണം- 8)

ശ്ലൈഹികസഭ: സത്യത്തിന്റെ തൂണും കോട്ടയും

മിശിഹായുടെ സ്വർഗ്ഗാരോഹണത്തിനും പന്തക്കുസ്തായ്ക്കും ശേഷം ‘ദൈവിക വെളിപാടിനെ അപ്പസ്തോലന്മാരിലൂടെയും അവരുടെ പിൻഗാമികളിലൂടെയും സംവഹിക്കുകയും ‘ആവശ്യാനുസരണം’ അതിൽ അത്യാവശ്യമായവയ്ക്ക് – അവയ്ക്കുമാത്രം- ലിഖിതരൂപം പകരുകയും മറ്റുള്ളവയെ തന്റെ സജീവപാരമ്പര്യത്തിലൂടെ കൈമാറുകയും അവയെ സംരക്ഷിക്കുകയും ആധികാരികമായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന ‘സത്യത്തിന്റെ തൂണും കോട്ടയുമായ; ദൈവഭവനമായ, ജീവിക്കുന്ന ദൈവത്തിന്റെ സഭ’യാണ് (cf. 1 തിമോ 3:15) ക്രിസ്തീയജീവിത നിയമങ്ങളുടെ നിർദ്ദേശക. അതിനാൽ അപ്പസ്തോലിക സഭകളുടെ കാഴ്ചപ്പാടിൽ ക്രിസ്തീയജീവിതപ്രമാണം ലിഖിതവും അലിഖിതവുമായ ദൈവവചനത്തിന്റെ നിക്ഷേപമായ അപ്പസ്തോലികപാരമ്പര്യത്തെ ആധാരമാക്കി സഭ നിർണ്ണയിക്കേണ്ടതാണ്; എക്കാലത്തും അപ്രകാരമായിരുന്നുതാനും.

ഉപസംഹാരം

അപ്പസ്തോലികപാരമ്പര്യം മിശിഹാനുഭവത്തിന്റെ അഥവാ വിശ്വാസത്തിന്റെ പാരമ്പര്യമാണ്. അതിനെ നിഷേധിച്ചാൽ വിശ്വാസം അപ്രസക്തമാകും. ‘ബൈബിൾ മാത്രം’ എന്ന വ്യാജതത്വത്തിന്റെ പ്രചാരകരാണ് അപ്പസ്തോലിക പാരമ്പര്യത്തെ ആദ്യം നിഷേധിച്ചത്. അപ്പസ്തോലിക പാരമ്പര്യം, ‘പാരമ്പര്യത്തെ’ സംബന്ധിച്ച് സാധാരണ മനസ്സിലാക്കുംവിധമുള്ള കുലമഹിമാ സംബന്ധിയായ ഒന്നല്ല. അത് തികച്ചും മിശിഹാനുഭവബദ്ധമാണ്; വിശ്വാസാധിഷ്ഠിതമാണ്. അടിത്തറയിൽ ഉറച്ചു വളർന്നുകൊണ്ടിരിക്കുന്ന വിശ്വാസത്തിന്റെ പാരമ്പര്യമാണ്. ശ്ലീഹമാരുടെ മിശിഹാനുഭവം ഈ കാലയളവിൽ വി. ലിഖിതങ്ങളിലൂടെയും വി. പാരമ്പര്യങ്ങളിലൂടെയും നമുക്കു സംലഭ്യമാക്കുന്ന ആ ശ്ലൈഹികപാരമ്പര്യം സഭയ്ക്കു ഈശോമിശിഹായുടെ രണ്ടാമത്തെ ആഗമനംവരെ മെസയാനിക (ക്രിസ്തീയ) വെളിപാടിന്റെ കലവറയാണ്.

Leave a Reply

Your email address will not be published. Required fields are marked *