Sathyadarsanam

മഹാപ്രളയവും ചങ്ങനാശ്ശേരി അതിരൂപതയുടെ കരുതലും

ആമുഖം

തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കമെന്ന് വായ്‌മൊഴിയായും വരമൊഴിയായും നമ്മുടെ ചരിത്രതാളുകളില്‍ ജീവിക്കുന്ന മഹാപ്രളയം ഈ അടുത്ത നാളുകള്‍വരെ മലയാളികള്‍ക്ക് കൗതുകമുണര്‍ത്തുന്ന സംഭവമായിരുന്നു. വെള്ളപ്പൊക്കം ആധാരമാക്കിയുള്ള സാഹിത്യകൃതികളില്‍ അത് വിതച്ച ദുരിതജീവിതത്തിന്റെ വിശദാംശങ്ങളുടെ വിവരണമുണ്ടായിരുന്നുവെങ്കിലും പിന്‍തലമുറ, ആ സംഭവത്തെ തങ്ങളുടെ പൂര്‍വ്വീകര്‍ക്ക് ഉല്ലാസ ഹേതുവായ കാര്യമായി കരുതി എന്നുവേണം അനുമാനിക്കാന്‍. വെള്ളപ്പൊക്കം ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്ന ഭൂവിഭാഗമാണല്ലോ കുട്ടനാട്.

വെള്ളപ്പൊക്കത്തിന്റെ വിവിധങ്ങളായ അവസ്ഥാന്തരങ്ങള്‍ കുട്ടനാട്ടുകാര്‍ക്കറിയാം. ഒരു പക്ഷേ ഓരോ വര്‍ഷവുമുണ്ടാകുന്ന ഏറിവന്നാല്‍ പത്തുദിവസം നീണ്ടു നില്‍ക്കുന്ന വെള്ളപ്പൊക്കം അവരുടെ ജീവിതക്രമത്തിന്റെ ഒരു താള ക്രമമായി നിലനിന്നിരുന്നു. വെള്ളം കയറിയിറങ്ങി നദികളിലും, തോടുകളിലും, കുളങ്ങളിലുമുള്ള മാലിന്യത്തെ നീക്കം ചെയ്ത്, കൃഷിയിടങ്ങളെ കൂടുതല്‍ ഫലപുഷ്ടമാക്കുന്ന പ്രകൃതിയുടെ സ്വാഭാവിക പ്രക്രിയയ്ക്ക് സമരസപ്പെട്ട്, കൃഷിയും ജീവിതചര്യകളും ക്രമീകരിച്ചിരിന്ന ഒരു ജനതയായിരുന്നു കുട്ടനാട്ടിലുണ്ടായിരുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ആധുനിക വികസനത്തിന്റെ പ്രതീകങ്ങള്‍ പ്രത്യേകിച്ച് റോഡുകളും, പാലങ്ങളും കുട്ടനാടിനു നെടുകയും കുറുകയും നിര്‍മ്മിക്കപ്പെടുന്നതുവരെ, വെള്ളപ്പൊക്കം ഈ ജനതയുടെ ജീവിത ക്രമത്തിന്റെ ഭാഗവും, അനുഗ്രഹവുമായിരുന്നു. പക്ഷേ, ‘വികസനം’ ഒരു ഭ്രാന്തമായി നമ്മെ ബാധിച്ചതിനുശേഷം ചെറിയ വെള്ളപ്പൊക്കങ്ങള്‍ പോലും ദുരിതങ്ങള്‍ സൃഷ്ടിച്ചു. പെയ്തുവെള്ളം ഒഴുകിയിറങ്ങാന്‍ വഴിയില്ലാതായി; മലവെള്ളപ്പാച്ചിലില്‍ കൂലംകുത്തി ഒഴുകിവന്ന ജലം പലയിടങ്ങളിലും പരന്നൊഴുകാന്‍ കഴിയാതെ ക്രമാതീതമായി ഉയരുകയും ചെയ്തു.

ഈ അവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താനുളള ഗവേഷണങ്ങളിലും ചര്‍ച്ചകളിലും നമ്മുടെ സമൂഹം ഏര്‍പ്പെടാന്‍ തുടങ്ങിയിട്ട് മൂന്ന് ദശാബ്ദത്തിലധികമായി. പലപരീക്ഷണങ്ങളും നടത്തിനോക്കി, പക്ഷേ സ്ഥായിയായ പരിഹാരം ഉണ്ടായില്ല. നാള്‍ക്കുനാള്‍ കൂടുതല്‍ നെല്‍വയലുകള്‍ കിഴക്കന്‍ മണ്ണിട്ട് മൂടുകയും തോടുകള്‍ റോഡുകളായി രൂപാന്തരപ്പെടുകയും, ആറുകള്‍ (നദികള്‍) ക്ക് വീതി കുറയുകയുമൊക്കെ ചെയ്തു കൊണ്ടേയിരിക്കുന്നു. ഒരു അശാസ്ത്രീയത, വികസന പ്രവര്‍ത്തനങ്ങളുടെ കൂടപ്പിറപ്പായി നിലകൊള്ളുന്നു എന്നതാണ് ഒരു തമാശ.

സമാനസ്വഭാവമുള്ള ഭൂപ്രദേശങ്ങള്‍, വികസിത രാജ്യങ്ങളില്‍ എങ്ങനെ സംരക്ഷിക്കപ്പെടുന്നു എന്നത് ഒരു അതിശയമാണ്. അവര്‍ക്കിപ്രകാരമുള്ള ഭൂവിഭാഗങ്ങള്‍, ടൂറിസത്തിനും, ശാസ്ത്രീയ പഠനങ്ങള്‍ക്കും, ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിനും, സമ്പത്തിക ഉന്നമനത്തിനുമുള്ള സാധ്യതയായി മാറുന്നു. പ്രദേശത്തിന്റെ സ്വാഭാവിക സവിശേഷതകള്‍ക്ക് യാതൊരു തരത്തിലുമുള്ള പരുക്കുമേല്‍പ്പിക്കാതെ അവിടെ ജീവിക്കുന്നവര്‍ക്കും, സന്ദര്‍ശിക്കുന്നവര്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്നു. മഴയും മഞ്ഞും വേനലും ഓരോരോ സാധ്യതകള്‍ തുറന്നു നല്കുന്നു. അതേസമയം അടിയന്തിര സാഹചര്യങ്ങള്‍ (പ്രളയം, മണ്ണിടിച്ചില്‍, മഞ്ഞ് വീഴ്ച) നേരിടാനുള്ള പ്രാപ്തി ഓരോ പൗരനും നേടിക്കൊടുക്കാനും അവര്‍ പരിശ്രമിക്കുന്നു. നമ്മള്‍ തീര്‍ത്തും നിസ്സഹായരാണന്നോ ഇന്‍ഡ്യയ്ക്ക് പുറത്ത് എല്ലാം മെച്ചമാണന്നോ അല്ല. മറ്റുള്ളവരുടെ മാതൃകകള്‍ നമ്മള്‍ സ്വീകരിക്കുന്നില്ല എന്നതും, തന്മൂലം നിസ്സാരമായി പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ പോലും ദുരിതങ്ങളായി മാറുന്നു എന്നതുമാണ് പ്രശ്‌നം.

2018 ലെ വെള്ളപ്പൊക്കങ്ങള്‍

നാളിതുവരെ കാലാവസ്ഥാവ്യതിയാനം നമുക്കൊരു പ്രഹേളികയായിരുന്നു. ലോകത്തില്‍ മറ്റെവിടെയൊക്കെയോ സംഭവിക്കുന്ന കാര്യങ്ങള്‍ ! ‘പേമാരി, പ്രളയം, മഞ്ഞുരുകല്‍’ ഇതൊന്നും നമ്മെ ബാധിക്കല്ല എന്ന് ധരിച്ചു പോയിരുന്നു. ചിലവര്‍ഷങ്ങളില്‍ വെള്ളം പോങ്ങുന്നു. കുറേവര്‍ഷങ്ങളില്‍ വെള്ളം പൊങ്ങാതിരിക്കുന്നു. വെള്ളത്തിന്റെ സമൃദ്ധി നമ്മെ നിരുത്തരവാദികളായി തീര്‍ത്തു. പക്ഷേ, കഴിഞ്ഞ വര്‍ഷം നിനച്ചിരിയാതെ ഒന്നിനുപുറകെ ഒന്നായി വെള്ളപ്പൊക്കം ഉണ്ടാവുകയും ആഗസ്റ്റ് മാസം പ്രളയത്തില്‍ നമ്മുടെ നാട് മുങ്ങുകയും ചെയ്തു.

ജൂണ്‍-ജൂലൈ മാസങ്ങളിലെ വെള്ളപ്പൊക്കം

പതിവുപോലെ 2018 ജൂണ്‍ മാസത്തില്‍ വര്‍ഷകാലാരംഭത്തില്‍ തന്നെ ഒരു ചെറിയവെള്ളപ്പൊക്കമുണ്ടായി, വ്യാപകമായ കൃഷിനാശം സംഭവിക്കാതിരുന്നതുമൂലം, കുട്ടനാട്ടിലെ റോഡുകള്‍ പലതും സഞ്ചാരയോഗ്യമായിരുന്നു. രണ്ടാം കൃഷി ഇല്ലാതിരുന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം കുറെയൊക്കെ ദുരിതം സൃഷ്ടിച്ചു. ആ ദിവസങ്ങളില്‍ ചങ്ങനാശ്ശേരി അതിരൂപതയും കാരിത്താസ് ഇന്‍ഡ്യയും ചാസിലൂടെ പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ സഹായമെത്തിച്ചുകൊടുക്കുകയുണ്ടായി.

പിന്നീട് ജൂലൈ മാസത്തില്‍ ശക്തമായ പേമാരിയും വെള്ളപ്പൊക്കവുമുണ്ടായി. കുട്ടനാട്ടിലെ ഭൂരിപക്ഷം പാടശേഖരങ്ങളും മടവീണ് കൃഷിനശിക്കുകയും, അഇ റോഡ് ഉള്‍പ്പെടെയുള്ള പ്രധാനപാതകളിലൂടെയുള്ള ഗതാഗതം സ്തംഭിക്കുകയും ചെയ്തു. പതിനായിരക്കണക്കിനാളുകളെ വെള്ളപ്പൊക്കം ബാധിച്ചു. അടുത്ത കാലത്തൊന്നും ഇത്രയും വലിയ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ല. റോഡുകളിലൂടെയുള്ള ഗതാഗതം അസാധ്യമായതുമൂലം ഏറെ ക്ലേശങ്ങള്‍ സഹിച്ചു വേണമായിരുന്നു കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ ഭക്ഷണവും മറ്റുസഹായങ്ങളും എത്തിക്കേണ്ടിയിരുന്നത്. ചങ്ങനാശ്ശേരിയിലും പ്രാന്തപ്രദേശങ്ങളിലും ബോട്ടുകളും വള്ളങ്ങളും ഇല്ലാതിരുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.

കിടങ്ങറവരെ ബോട്ടില്‍ എത്തി അരയറ്റം വെള്ളത്തില്‍ കൂടി നീന്തി റോഡില്‍ ചെന്ന് മറ്റൊരു ബോട്ടില്‍ കയറി വേണമായിരുന്നു കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളിലേയ്ക്ക് സഞ്ചരിക്കാന്‍. കൃഷി വ്യാപകമായി നശിച്ചു. വീടുകളില്‍ വെള്ളം കയറി. പക്ഷേ ആളുകള്‍ ബഹുഭൂരിപക്ഷവും സ്വന്തം വീടുകളില്‍ തുടര്‍ന്നു. ബോട്ട് ജട്ടികളിലോ ഉയര്‍ന്ന ചിറകളിലോ, പാലങ്ങളിലോ അടുപ്പുകൂട്ടിയാണ് ആളുകള്‍ ഭക്ഷണം പാകം ചെയ്തിരുന്നത്. കന്നുകാലിളെയും ഒപ്പം കൂട്ടിയിരുന്നു. പൊതു അടുക്കള (commity kitchen) എന്ന ആശയം പലയിടങ്ങളിലും നടപ്പായി. പാരീഷ് ഹാളുകള്‍, സ്‌കൂളുകള്‍ എല്ലാം തന്നെ ദുരിതാശ്വാസക്യാമ്പുകളായി മാറി.

ആദ്യഘട്ടത്തില്‍ ചങ്ങനാശ്ശേരി അതിരൂപതയും ചാസും സ്വന്തം നിലയില്‍ അരിയും പച്ചക്കറിയും പലചരക്കും ചങ്ങനാശ്ശേരി മാര്‍ക്കറ്റില്‍നിന്നും വാങ്ങി വെള്ളപ്പൊക്ക ബാധിതപ്രദേശങ്ങളില്‍ ഇടവകകളിലൂടെയും, ചാസ് യൂണിറ്റുകളിലൂടെയും എല്ലായിടങ്ങളിലും എത്തിക്കാന്‍ ഏറെ പരിശ്രമിച്ചു. പ്രധാന പ്രശ്‌നം ജലഗതാഗത മാര്‍ഗ്ഗങ്ങള്‍ തടസ്സപ്പെട്ടിരുന്നു എന്നതാണ്. വെള്ളപ്പൊക്കം രൂഷമായിരുന്നുവെങ്കിലും ആളുകള്‍ സ്വന്തം വീടുകളില്‍ തന്നെ തുടര്‍ന്നു. പക്ഷേ, വെള്ളപ്പൊക്കം സാധാരണയിലും അധിക ദിവസങ്ങള്‍ നീണ്ടുനിന്നു. സാമ്പത്തികമായി ഉയന്ന നിലയില്‍ നില്‍ക്കുന്നവര്‍പോലും എട്ട് പത്ത് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭക്ഷണവും ശുദ്ധജലവും ലഭിക്കുന്നതിനുവേണ്ടി കൈ നീട്ടേണ്ടിവന്നു.

അതിരൂപതക്ക് പുറത്തുനിന്ന് ഈ അവസരത്തില്‍ സഹായം ലഭിക്കുകയുണ്ടായി. ആദ്യമായി സഹായം ചാസില്‍ എത്തിയത് തലശ്ശേരി രൂപതയില്‍നിന്നാണ്. ഒരു ട്രക്ക് നിറയെ അരിയും പലവ്യഞ്ജനവുമായി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന ഡയറക്ടറും സംഘവും എത്തി. തുടര്‍ന്ന് പാലക്കാട് രൂപത ഒരു ലോഡ് പച്ചക്കറിയും എത്തിച്ചു. തുടര്‍ന്ന് തലശ്ശേരി, ഇടുക്കി, കോതമംഗലം, എറണാകുളം, കൊച്ചി, പാല, തിരുവനന്തപുരം, ത്രിശ്യൂര്‍, ഷംഷാബാദ്, തക്കല, കോട്ടാര്‍, തുടങ്ങിയ രൂപതകളും ഇടവകകളും സ്ഥാപനങ്ങളും സഹായവുമായി എത്തി. ഏതാണ്ട് നാലരക്കോടി രൂപയുടെ സഹായമാണ് ഇക്കാലയളവില്‍ ചാസിലൂടെ ചങ്ങനാശ്ശേരി അതിരൂപത ദുരിതാശ്വാസപ്രവര്‍ത്തനത്തിന് നല്‍കിയത്. സാധാരണയിലും അധികം കാലയളവില്‍ വെള്ളപ്പൊക്കം നീണ്ടുനിന്നത് ദുരിതത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചു.

ആഗസ്റ്റിലെ മഹാപ്രളയം

ജൂലൈ അവസാനത്തോടെയും ആഗസ്റ്റ് ആദ്യവാരത്തിലുമായി വെള്ളമിറങ്ങുകയും അഇ റോഡിലൂടെയും മറ്റും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. പിന്നീട് വിവിധ പുനരധിവാസ പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. 2018 ആഗസ്റ്റ് 13-ാം തീയതിയാണ് കുട്ടനാടന്‍ മേഖലയിലെ യൂണിറ്റു ഭാരവാഹികളുടെ മീറ്റിംഗ് ചാസില്‍ വിളിച്ചുകൂട്ടിയത്. പക്ഷേ ആഗസ്റ്റ് 9 മുതല്‍ തന്നെ ശക്തമായ മഴ വീണ്ടും ആരംഭിച്ചിരുന്നു. 13-ാം തീയതി മീറ്റിംഗ് നിശ്ചയിച്ചതിനും നേരത്തെ അവസാനിപ്പിക്കേണ്ടിവന്നു. കുട്ടനാട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുവെന്നും ഡാമുകള്‍ തുറന്നുവിട്ടിരിക്കാമെന്നുമുള്ള വാര്‍ത്തകള്‍ മീറ്റിംഗിന് എത്തിയവരെ ഏറെ പരിഭ്രാന്തരാക്കി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിലയ്ക്കാത്ത മഴയായിരുന്നു. ആഗസ്റ്റ് 15 ന് ഇടതോരാതെ അതിതീവ്രമായ മഴ തുടങ്ങുകയും വൈകുന്നേരത്തോടെ അഇ റോഡും തിരുവല്ല അമ്പലപ്പുഴ റോഡും മറ്റെല്ലാവഴികളും അടയ്ക്കുകയും ചെയ്തു. എന്ത് ചെയ്യണമെന്ന് ഒരു ഊഹവും ഇല്ലാതെ ഏവരും പകച്ചുപോയി. 16-ാം തീയതി മുതല്‍ പലായനം ആരംഭിച്ചു. വീടിനുള്ളില്‍തന്നെ അരയറ്റമോ കഴുത്തറ്റമോ വെള്ളം ഉയര്‍ന്നു. രണ്ടാം നിലയില്‍ വരെ വെള്ളം കയറുമെന്ന പ്രതീതി എല്ലാം നഷ്ടപ്പെടുമെന്ന സാഹചര്യം. ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടിലായി ആളുകള്‍. തുടര്‍ന്ന് നടന്ന് കുട്ടനാടിന്റെ ചരിത്രത്തിലതുവരെ കണ്ടിട്ടില്ലാത്ത ഒരു പലായനമായിരുന്നു.

അതിരൂപതയുടെ ചങ്ങനാശ്ശേരിമുതല്‍ കിഴക്കോട്ടുള്ള എല്ലാസ്ഥാപനങ്ങളും, പള്ളി ഹാളുകളും ദുരിതാശ്വാസ ക്യാമ്പിനായി തുറന്നിടാന്‍ അഭിവന്ദ്യ പിതാവ് നിര്‍ദ്ദേശം നല്കി. ചങ്ങനാശ്ശേരി ചന്തക്കടവില്‍ ബോട്ടിലും വള്ളത്തിലുമായി കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളില്‍നിന്നും ആളുകളെ പ്രധാനമായും ബഹുമാനപ്പെട്ട വൈദികരുടെ നേതൃത്വത്തില്‍ എത്തിക്കാന്‍ തുടങ്ങി. പിറ്റേന്നു മുതലാണ് മറ്റുപലരും രംഗത്തെത്തിയത്. വലിയ ടോറസ് വണ്ടികളില്‍ ആളുകളെ എത്തിക്കാന്‍ ആരംഭിച്ചു. മാര്‍ക്കറ്റ് കടവ്, പെരുന്ന, മുളയ്ക്കാംതുരുത്തി എന്നിവിടങ്ങളില്‍ പതിനായിരങ്ങളാണ് വന്നിറങ്ങിയത്. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ കടപ്പുറങ്ങളില്‍നിന്ന് മത്സ്യതൊഴിലാളികള്‍ വള്ളവുമായി എത്തി. അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം പിതാവ് തിരുവനന്തപുരം, കെല്ലം, ആലപ്പുഴ രൂപതകളിലെ അഭിനവന്ദ്യ പിതാക്കന്മാരോട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന്

സഹായിക്കാന്‍ ആളുകള്‍ കൂടുതലായി എത്തിച്ചേര്‍ന്നു. തീരദേശമേഖലയില്‍ ആളുകള്‍ ബഹുമാനപ്പെട്ട അച്ചന്മാരുടെ നിര്‍ദ്ദേശാനുസരണമാണ് കാര്യങ്ങള്‍ ചെയ്യാന്‍ ഇറങ്ങുക. ഈ ലേഖകന്‍ തന്നെ അന്ന് ശക്തികുളത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട റൊമാന്‍സ് ആന്റണി അച്ചനേയും, ആലപ്പുഴ രൂപത സോഷ്യല്‍ സര്‍വ്വീസ് ഡയറക്ടര്‍ ബഹുമാനപ്പെട്ട സേവ്യര്‍ കുടിയാംശേരി അച്ചനേയും ആഗസ്റ്റ് 16-ാം തീയതി വെളുപ്പിന് 3 മണിക്ക് വിളിച്ചെഴുന്നേല്‍പ്പിച്ച് വള്ളക്കാരെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ടത് ഇപ്പോള്‍ ഓര്‍ക്കുന്നു. ആലപ്പുഴയില്‍നിന്ന് സേവ്യര്‍ അച്ചന്‍ അയച്ച വള്ളങ്ങള്‍ അന്നു രാവിലെ തന്നെ പള്ളാത്തുരുത്തി, പുളിംകുന്ന്, നെടുമുടി, ചമ്പക്കുളം പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.

തങ്ങള്‍ക്കുള്ള ഭക്ഷണം പേലും സ്വംയം കരുതിക്കൊണ്ട് ഇന്ധനവും സ്വന്തം നിലയില്‍ നിറച്ചാണ് ബഹു ഭൂരിപക്ഷം മത്സ്യതൊഴിലാളുകളും എത്തിയത്. തിരുവനന്തപുരം ആര്‍ച്ചുബിഷപ്പിന്റെ നിര്‍ദ്ദേശാനുസരണം റാന്നി, ചെങ്ങന്നൂര്‍ മേഖലകളില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ നേരെ കുട്ടനാട്ടിലേയ്ക്ക് എത്തിയതോര്‍ക്കുന്നു. എടത്വാ, മുട്ടാര്‍ പ്രദേശങ്ങളില്‍ എത്തിയത് ശക്തികുളങ്ങര, നീണ്ടകര, കൊല്ലം തീരമേഖലകളില്‍ നിന്നുള്ളവരാണ്.
അഭിവന്ദ്യ പിതാവ് നേരിട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ദുരിതാശ്വാസക്യാമ്പുകളില്‍ ഭക്ഷണവും വസ്ത്രവും ചികിത്സാ സൗകര്യങ്ങളും ഏവരുടെയും സഹകരണത്തോടെ ക്രമീകരിച്ചു. എല്ലാ സ്ഥാപനങ്ങളും കിഴക്കന്‍ മേഖലയിലെ ഇടവകകളിലെ വീടുകളും കുട്ടനാട്ടില്‍ നിന്നെത്തിയവര്‍ക്ക് താമസിക്കാനായി വിട്ടുകൊടുത്തു. ആലപ്പുഴ ഫൊറോനാ പ്രദേശത്തും ഇതേരീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ബഹുമാനപ്പെട്ട അച്ചന്മാരുടെ നേതൃത്വത്തില്‍ ക്രമീകരിച്ചു.

ആഗസ്റ്റിലെ മഹാപ്രളയദിനങ്ങളില്‍ ചാസ് സമാഹരിച്ച സ്ഥിതിവിവര കണക്കനുസരിച്ച് ചങ്ങനാശ്ശേരി അതിരൂപത വിവിധ ഇടവകകളുടെയും സന്ന്യാസ സമൂഹങ്ങളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അതിരൂപതയ്ക്ക് പുറത്തുനിന്നുളള രൂപതകളുടെയും സഹകരണത്തോടെ ദുരിതാശ്വാസക്യാമ്പുകളില്‍ ഭക്ഷണവും മരുന്നും പാലും വീട്ടുസാധനങ്ങളുമായി ഇരുപത്തിയൊന്നുകോടി അറുപത്തിയാറുലക്ഷം രൂപയുടെ സഹായം എത്തിച്ചു. ആയതിന്റെ കൃത്യമായ സ്ഥിതിവിവരം ചാസില്‍ ലഭ്യമാണ്. തമിഴ് നാട്ടില്‍നിന്നുള്ള കോട്ടാര്‍, കുഴിത്തുറൈ, തക്കല രൂപതകളുടെ സഹായം എടുത്തുപറയേണ്ടതാണ്. സുമനസ്സുകളായ വ്യക്തികള്‍ ഏറെസഹായം നേരിട്ടും ചാസ് മുഖാന്തിരവും എത്തിച്ചത് നിറഞ്ഞ മനസ്സോടെ ഓര്‍ക്കുന്നു. വെള്ളം ഇറങ്ങാനാരംഭിച്ചത് ആഗസ്റ്റ് 19 ഞായറാഴ്ച ഉച്ചമുതലാണ് പിറ്റേന്ന് മുതല്‍ തന്നെ ആളുകള്‍ വീട് ക്ലീന്‍ ചെയ്യുന്ന തിനും മറ്റുമായി തിരികെ പോകാന്‍ ആരംഭിച്ചു. വളരെയധികം പേര്‍ക്ക് വീടുകള്‍ വാസയോഗ്യമല്ലാതായി ഏറെപ്പേരുടെ വീട്ടുപകരണങ്ങള്‍ പൂര്‍ണ്ണമായും നശിച്ചു.

ജീവനോപാധികള്‍ നഷ്ടപ്പെട്ടു. കൃഷി പൂര്‍ണ്ണമായും നശിച്ചു. വീടുകളും പരിസരവും വൃത്തിയാക്കുന്നതിന് ഏറെ ക്ലേശിക്കേണ്ടിവന്നു. ഏതാണ്ട് മൂന്ന് ആഴ്ചകളോളമെടുത്തു വെള്ളം പൂര്‍ണ്ണമായും ഇറങ്ങാന്‍. ഈ സന്ദര്‍ഭത്തിലാണ് UNICEF പോലുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ സഹായവുമായി എത്തിയത്. കാരിത്താസ് ഇന്‍ഡ്യയും വളരെ പിന്തുണ ഈ സന്ദര്‍ഭത്തില്‍ നല്‍കിയതോര്‍ക്കുന്നു. പ്രളയാഘാതം സൃഷ്ടിക്കാത്ത ഇടവകകളില്‍നിന്നും മലബാറിലെ പല പള്ളികളില്‍നിന്നും വിവിധ സെമിനാരികളില്‍നിന്നും നൂറുകണക്കിനാളുകളാണ് ശുചീകരണ പ്രക്രിയയില്‍ സന്നദ്ധ സേവകരായി പങ്കാളികളായത്. പാരീഷ് ഹാളുകളില്‍ കിടന്നുറങ്ങിയും പകലന്തിയോളം ഉത്തരവാദിത്വത്തോടെയും ഈ സന്നദ്ധ സേവകര്‍ പങ്കുചേര്‍ന്നു. KCYM, Jesus youth സംഘടനകളിലെ ചെറുപ്പക്കാരുടെ സമര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനം ഏറെ ശ്ലാഖനിയമാണ്.

പുനരധിവാസ പദ്ധതികള്‍

എല്ലാം നഷ്ടപ്പെട്ട ഒരു സമൂഹത്തെ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കികൊണ്ടുവരാനുള്ള യജ്ഞമായിരുന്നു തുടര്‍ന്ന്. ഭരണകൂടത്തോടും പൊതുസമൂഹത്തോടും സഹകരിച്ചുകൊണ്ട് ഭവനനിര്‍മ്മാണം അറ്റകുറ്റപണികള്‍, ശൗചാലയനിര്‍മ്മാണം, ശുദ്ധജലവിതരണം, ജീവനോപാധികള്‍ സംലഭ്യാമാക്കന്‍ വിദ്യാഭ്യാസ സഹായം, ചികിത്സാസഹായങ്ങള്‍ (മെഡിക്കല്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെ), എന്നീ മേഖലകളില്‍ ചങ്ങനാശ്ശേരി അതിരൂപത വ്യക്തമായ കാഴ്ചപ്പാടും ദിശാബോധവും യാഥാര്‍ത്ഥ്യബോധവുമുള്ള ഒരു പുനരധിവാസ പദ്ധതി പ്രഖാപിച്ചു. ഇടവകകള്‍, സന്യാസസമൂഹങ്ങള്‍, പ്രസ്ഥാനങ്ങള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ അതിരൂപതയ്ക്ക് പുറത്തുള്ള രൂപതകള്‍ മറ്റുസംവിധാനങ്ങള്‍, വ്യക്തികള്‍ ദേശീയ അന്തര്‍ദേശീയതലത്തിലുള്ള സന്നദ്ധസംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ ഭവനനിര്‍മ്മാണം, ശൗചാലയനിര്‍മ്മാണം, ശുദ്ധജലസംലഭ്യത, വിദ്യാഭ്യാസം, ചികിത്സ, ജീവനോപാധികള്‍ എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികളാണ് വിഭാവനം ചെയ്തത്. അതിരൂപതയുടെ കിഴക്കന്‍ മേഖലയിലെ ഇടവകകള്‍, കുട്ടനാട്ടിലെ വിവിധ ഇടവകകളെ ദത്തെടുത്തുകൊണ്ട് പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു. അയ്യായിരത്തോളെ കര്‍ഷകര്‍ക്കും ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്കും സാമ്പത്തിക സഹായം ചെയ്യാന്‍ കഴിഞ്ഞു. മറ്റുതലങ്ങളിലായി ഇതിനോടകം ഇരുപത്തിയൊന്നുകോടി രൂപയുടെ പുനരധിവാസപ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

പദ്ധതി                                                                                  ഗുണഭോക്താക്കള്‍             തുക

1. ഭവനനിര്‍മ്മാണം (ഭാഗീകം/പൂര്‍ണ്ണം)                     1245                                       16,37,61,134
2. ശൗചാലയം                                                                           225                                            42,10,000
3. ശുദ്ധജലവിതരണ സംവിധാനങ്ങള്‍                      1459                                            20,96,000
4. സ്വയം തൊഴില്‍ സംരംഭങ്ങള്‍                                  1438                                            86,35,500
5. നെല്‍കൃഷി                                                                        4042                                             47,39,697
6. വിദ്യാഭ്യാസം                                                                         201                                          60,35,000
7. അടിസ്ഥാന സൗകര്യവികസനം (സ്‌കൂളുകള്‍)                                                   1,19,27,735
8. വീട്ടുപകരണങ്ങള്‍                                                              811                                          82,20,000

ലഭ്യമായ കണക്കുകള്‍ പ്രകാരം ഏകദേശം 46 കോടി അന്‍പത് ലക്ഷം രൂപയുടെ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ 2018 ജൂണ്‍ മുതല്‍ ചങ്ങനാശ്ശേരി അതിരൂപത, സഭാസംവിധാനങ്ങളുടെ സഹകരണത്തോടെ നാളിതുവരെ നടത്തികഴിഞ്ഞു. അതിരൂപത നേരിട്ടുനടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നത് അതിരൂപതയുടെ സാമൂഹ്യ ശുശ്രൂഷാ സംവിധാനമായ ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (ചാസ്) യാണ്.

HDFC യുടെ സഹായത്തോടെ 50 വീടുകളുടെ നിര്‍മ്മാണം പുളിംകുന്ന്, കാവാലം, നെടുമുടി, കൈനകരി പഞ്ചായത്തുകളില്‍ പുരോഗമിക്കുന്നു. കാരിത്താസ് ഇന്‍ഡ്യപോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ സഹകരണം പുനരധിവാസ പദ്ധതികള്‍ക്ക് ഏറെ പിന്തുണയാകുന്നു. ഷംഷാബാദ്, കല്യാണ്‍ രൂപതകള്‍ ചങ്ങനാശ്ശേരി അതിരൂപതയോട് സഹകരിച്ച് ഭവനനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. കൂടാതെ റേഡിയോ മീഡിയാ വില്ലേജ് പ്രവാസി അപ്പോസ്തലേറ്റ് മറ്റ് ഭക്തസംഘടനകള്‍ എന്നിവയും വിപുലമായരീതിയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ അതിരൂപതയോട് ചേര്‍ന്ന് സഹകരിക്കുന്നു. മൂന്ന് വര്‍ഷംകൊണ്ട് പൂര്‍ത്തിയാവുന്ന 100 കോടി രൂപയുടെ പുനരധിവാസ പദ്ധതികളാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

ഉപസംഹാരം

സര്‍ക്കാരും മറ്റ് സമുദായസംഘടനകളും പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം വിവിധ പുനരധിവാസ പദ്ധതികളില്‍ പരസ്പരം സഹകരിച്ചും സ്വന്തം നിലയിലും കണ്ണിചേരുന്നു എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ ചങ്ങനാശ്ശേരി അതിരൂപതയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിവരിക്കാന്‍ പരിശ്രമിക്കുകയായിരുന്നു. അതിരൂപതാംഗങ്ങളോ ക്രൈസ്തവ സമുദായമോ മാത്രമല്ല അതിരൂപതയുടെ പദ്ധതികളുടെ ഗുണഭോക്താക്കള്‍. ജാതിമത രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി എല്ലാവരും ഒരേ ദൈവത്തിന്റെ മക്കളാണെന്ന ക്രൈസ്തവ ബോധ്യത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് അര്‍ഹരായ ആളുകളെ കണ്ടെത്തി സഹായിക്കുകയെന്നതാണ് കത്തോലിക്കാ സഭയുടെയും ചങ്ങനാശ്ശേരി അതിരൂപതയുടെയും നിലപാട്. അതിരൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ആത്യന്തികമായി നമ്മുടെ സംസ്ഥാനത്തിന്റെ പുനരധിവാസ പൊതുപ്രവര്‍ത്തനങ്ങളിലുള്ള ചങ്ങനാശ്ശേരി അതിരൂപതയുടെ സംഭാവനയാണ് എന്നുള്ളത് ഏറെ ചാരിതാര്‍ത്ഥ്യവും സംതൃപ്തിയും നല്‍കുന്ന കാര്യമാണ്.

ഫാ. ജോസഫ് കളരിക്കല്‍
ഡയറക്ടര്‍

Leave a Reply

Your email address will not be published. Required fields are marked *