Sathyadarsanam

വിശുദ്ധമായ വിശ്വാസസംരക്ഷണം

ഫാ. മാത്യു ഇല്ലത്തുപ്പറമ്പില്‍

ക്രൈസ്തവവിശ്വാസത്തിന്‍റെ ഉള്ളടക്കം ചിലപ്പോഴും അതിന്‍റെ ജീവിതചര്യകള്‍ അതിലധികമായും വെല്ലുവിളിക്കപ്പെടുന്നുണ്ട്. ക്രൈസ്തവസഭയുടെ തുടക്കം മുതല്‍ ഇതു സംഭവിച്ചിട്ടുണ്ട്. വിശ്വാസത്തിന്‍റെ ഉള്ളടക്കം വെല്ലുവിളിക്കപ്പെട്ടപ്പോള്‍ ദൈവശാസ്ത്രപരമായ കൂടുതല്‍ വ്യക്തതയും ജീവിതചര്യ ആക്ഷേപവിധേയമായപ്പോള്‍ ക്രൈസ്തവജീവിതക്രമത്തിന്‍റെ നവീകരണവും സഭയില്‍ വന്നിട്ടുണ്ട്. വിശ്വാസം വെല്ലുവിളിക്കപ്പെടുന്നത് ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമല്ല. വിശുദ്ധ പത്രോസ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു: നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന എല്ലാവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍. എന്നാല്‍ അത് ശാന്തതയോടെയും ബഹുമാനത്തോടെയും കൂടെ ആയിരിക്കട്ടെ ( 1പത്രോ 3:15-16). വിശ്വാസവിഷയങ്ങളില്‍ മറുപടി പറയുന്നവരുടെ പുതിയനിയമ പാരമ്പര്യം വിശുദ്ധനാടായ പൗലോസില്‍ ആരംഭിച്ചു.

വിശ്വാസസമര്‍ത്ഥനം നടത്തേണ്ട വേദികള്‍
സഭയ്ക്കകത്തുനിന്നും, നിരീശ്വരവാദികള്‍, സഭാവിരോധികള്‍, വിശ്വാസ വിരുദ്ധര്‍ എന്നിവരില്‍ നിന്നുമെല്ലാം ഉണ്ടാകാറുണ്ട്. ക്രൈസ്തവ വിശ്വാസസമര്‍ത്ഥനം നടത്തുന്ന അനേകംപേര്‍ സഭയിലുണ്ട്. പലവിധ മാധ്യമങ്ങളും വേദികളും അതിനായി ഉപയോഗിക്കുന്നവരുമുണ്ട്. ഇതെല്ലാം നല്ലവ തന്നെ. എന്നാല്‍ വിശ്വാസസമര്‍ത്ഥന കാര്യത്തില്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്. അവയില്‍ ഒന്നിനെക്കുറിച്ച് പറയേണ്ട സാഹചര്യം നമ്മുടെ നാട്ടിലുണ്ട്. അതായത്, ക്രിസ്തീയമൂല്യങ്ങള്‍ അട്ടിമറിച്ചുകൊണ്ട് ക്രിസ്തീയവിശ്വാസം അവികലമായി പരിരക്ഷിക്കാം എന്ന് വിചാരിക്കരുത്.

സഭയ്ക്കെതിരെ ഏതെങ്കിലും തരത്തില്‍ നിലപാടെടുക്കുന്നവരെ ഭര്‍ത്സിച്ചും തെറിയഭിഷേകം നടത്തിയും മ്ലേച്ഛപദങ്ങള്‍ കൊണ്ട് ആറാട്ടു നടത്തിയും സഭയെ പ്രതിരോധിക്കുന്നത് ക്രൈസ്തവചൈതന്യത്തിനു വിരുദ്ധമാണ്. വിശ്വാസപരമായ കാര്യങ്ങളിലോ ആചാരങ്ങളിലോ വ്യത്യസ്തത പുലര്‍ത്തുന്ന വിശ്വാസികള്‍ക്കെതിരെ വെടിമരുന്ന് നിറച്ച പദാവലികള്‍ കൊണ്ട് ന്യായവാദം നടത്തുന്നത് സുവിശേഷവിരുദ്ധമാണ്. കരിസ്മാറ്റിക് ശുശ്രൂഷകരെ പ്രതിരോധിക്കാന്‍ വേണ്ടി കേട്ടാലറയ്ക്കുന്ന തെറിയെഴുതി എതിരാളികളെ നിഷ്പ്രഭരാക്കുന്നവര്‍ സാമൂഹികമാധ്യമങ്ങളില്‍ വന്നുപോകാറുണ്ട്. ശരിക്കുള്ള കരിസ്മാറ്റിക് ശുശ്രൂഷകര്‍ ഈ ആഭാസം അംഗീകരിക്കും എന്നു കരുതുന്നില്ല. തങ്ങള്‍ സ്വയം സഭയാണെന്ന് കരുതുന്നവരാണ് എതിര്‍പ്പുള്ളവരെയെല്ലാം സാമൂഹികമാധ്യമങ്ങളിലിരുന്ന് മഹറോന്‍ ചൊല്ലുന്നത്.

വിശ്വാസസമര്‍ത്ഥന രംഗത്ത് ആദിമസഭയില്‍ തന്നെ രണ്ടു കൈവഴികള്‍ കാണുന്നുണ്ട്. ഒന്ന്, തെര്‍ത്തുല്യന്‍ (155-240) തുടങ്ങിവച്ചത്; എതിരാളികളെ ആശയപരമായി തറപറ്റിക്കാന്‍ തക്കവിധം വാദമുഖങ്ങള്‍ ഉയര്‍ത്തുന്ന രീതി. തെര്‍ത്തുല്യന്‍റെ ഈ രംഗത്തെ സംഭാവനകള്‍ ചെറുതല്ല. മറ്റൊരു പാരമ്പര്യം രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്‍ (100-165) തുടങ്ങിവച്ചതാണ്. എതിരാളിയെ നേരിട്ട് ആക്രമിക്കാതെ അയാളുമായി സംവാദത്തില്‍ ഏര്‍പ്പെടുന്ന രീതിയില്‍ സ്വന്തം നിലപാടുകള്‍ വ്യക്തമാക്കുന്ന ശൈലി. രണ്ടാം നൂറ്റാണ്ടില്‍ യഹൂദര്‍ ക്രൈസ്തവവിശ്വാസത്തിനെതിരെ വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ തെര്‍ത്തുല്യന്‍ എഴുതിയതാണ് യഹൂദര്‍ക്കെതിരെ (അറ്ലൃൗെെ ഖൗറമലീെ) എന്ന ഗ്രന്ഥം; ഇതേ വിഷയത്തില്‍ ജസ്റ്റിന്‍ എഴുതിയതാണ് ട്രിഫോ എന്ന യഹൂദനുമായുള്ള സംവാദം (ഉശമഹീഴൗല ംശവേ ഠൃ്യുവീ വേല ഖലം). ഒരേ ലഷ്യം; പക്ഷേ, രണ്ടു ശൈലികള്‍. ചരിത്രത്തില്‍ തെര്‍ത്തുല്യനാണ് കൂടുതല്‍ അനുഗാമികളുണ്ടായത് എന്നത് സത്യമാണ്. പക്ഷേ, കാലം മാറി. വിശ്വാസകാര്യങ്ങളിലെ ആക്രമണശൈലി സ്വന്തം നിലപാടുകളില്‍ ഒരുവനുള്ള വിശ്വാസക്കുറവായേ ഇന്ന് മനുഷ്യര്‍ മനസ്സിലാക്കൂ.

ക്രിസ്തുവിനെയും സഭയെയും പ്രതിരോധിക്കാനിറങ്ങുന്നവര്‍ക്ക് ക്രിസ്തുവിന്‍റെ ശൈലി വേണം. വാക്കുകളുടെ അസ്ത്രപ്രയോഗം ആരെയെങ്കിലും മാനസാന്തരപ്പെടുത്തുമെന്നോ അറപ്പുളവാക്കുന്ന ശൈലി വിശ്വാസകാര്യങ്ങളില്‍ എതിരാളികളെ കീഴ്പ്പെടുത്തുമെന്നോ വിചാരിക്കുന്നത് മൗഢ്യമാണ്. ക്രിസ്തുവിനു ക്രിസ്തുവിരുദ്ധ ശൈലികളുടെ പ്രതിരോധം ആവശ്യമില്ല. സഭയ്ക്കു സുവിശേഷ വിരുദ്ധമായ നീക്കങ്ങളുടെ കാവല്‍പ്പുരകളും ആവശ്യമില്ല. അസാധാരണമായ ജീവിതവിശുദ്ധിയും പരിശുദ്ധാത്മാവ് പ്രസാദിച്ച ജ്ഞാനവും രക്തസാക്ഷിയായി മരിക്കാനുള്ള സന്നദ്ധതയും ഉള്ളവരായിരുന്നു സഭയെ പ്രതിരോധിക്കാനിറങ്ങിയ വിശ്വാസസമര്‍ത്ഥകര്‍. വിശ്വാസ-ധാര്‍മ്മിക നിലപാടുകളില്‍ ജയിക്കാനും സ്വന്തം കാര്യത്തില്‍ തോറ്റു കൊടുക്കാനും മനസ്സുള്ളവരായിരുന്നു അവര്‍. ഇത്തരക്കാര്‍ മാത്രമേ സത്യവിശ്വാസത്തിനും സത്യസഭയ്ക്കും ജീവല്‍സാക്ഷികളുടെ കവചമൊരുക്കുന്നുള്ളൂ. അല്ലാത്തവര്‍ സ്വയം സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവരാണ്; സ്വാര്‍ത്ഥലക്ഷ്യങ്ങളുടെ ഒളിസേവ നടത്തുന്നവരാണ്. വിശ്വാസസമര്‍ത്ഥകര്‍ക്ക് ഉന്നതമായ ക്രിസ്തീയ മൂല്യവിചാരവും സംശുദ്ധമായ ജീവിതവും വേണം. തെര്‍ത്തുല്യന്‍ നല്കുന്ന ഒരു ഉപദേശം ഉദാഹരണമാക്കാം: ഒരുവന്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ കേള്‍ക്കാനും പാടില്ല. എന്തുമാത്രം ശ്രദ്ധിച്ചാലാണ് നാം പറഞ്ഞു കൂടാത്ത കാര്യങ്ങള്‍ കേള്‍ക്കാതിരിക്കാനും കഴിയുന്നത്?

Leave a Reply

Your email address will not be published. Required fields are marked *