Sathyadarsanam

എന്തുകൊണ്ടാണ് ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത്?

ഫാ. ജോഷി മയ്യാറ്റില്

പ്രാവിന്‍റെ നിഷ്കളങ്കത വെളിപ്പെട്ട ദിനങ്ങളാണ് കടന്നുപോയത്! ക്രൈസ്തവരുടെ സ്നേഹവും ക്ഷമയും ഉത്തരവാദിത്വബോധവും ഒരിക്കല്‍ക്കൂടി ലോകത്തിനു ബോധ്യപ്പെട്ടു. തങ്ങളോടു ചെയ്യപ്പെട്ട കൊടുംക്രൂരതയുടെ നിമിഷങ്ങളില്‍ സഭ പതിവുപോലെ വലിയ ആത്മസംയമനം പാലിച്ചു. കര്‍ദിനാള്‍ മാല്‍കം രഞ്ജിത് ശ്രീലങ്കയില്‍ മതങ്ങള്‍ തമ്മിലുണ്ടാകേണ്ട സമാധാന പൂര്‍ണമായ സഹവര്‍ത്തിത്വത്തിന്‍റെ ആവശ്യകത ഓര്‍മിപ്പിച്ച് ഏവരെയും ശാന്തതയിലേക്കും ക്ഷമയിലേക്കും ആഹ്വാനംചെയ്തു. ദേവാലയങ്ങളില്‍ ഞായറാഴ്ചക്കുര്‍ബാന ഒഴിവാക്കി ടിവിയിലൂടെ ദിവ്യബലിയില്‍ സംബന്ധിക്കാന്‍ അനുവാദം നല്കി. തീവ്രവാദികള്‍ക്ക് ഇസ്ലാമുമായി ബന്ധമില്ല എന്നുവരെ പത്രസമ്മേളനത്തില്‍ പറയാന്‍ അദ്ദേഹം തയ്യാറായി. സ്നേഹത്തിന്‍റെയും ക്ഷമയുടെയും നന്മയുടെയും മൂര്‍ത്തരൂപമായ യേശുക്രിസ്തുവിന്‍റെ ശിഷ്യരില്‍നിന്ന് ദൈവവും ലോകവും പ്രതീക്ഷിക്കുന്ന പ്രതികരണം ഇതുതന്നെയാണ്.

ഞെട്ടിക്കുന്ന കണക്കുകള്‍!

സമകാലീനലോകത്തില്‍ ഏറ്റവും കൂടുതല്‍ മതപീഡനം അനുഭവിക്കുന്നത് ക്രൈസ്തവരാണെന്നത് അവിതര്‍ക്കിതമായ യാഥാര്‍ത്ഥ്യമാണ്. ക്രൈസ്തവവിശ്വാസത്തിന്‍റെ പേരില്‍മാത്രം ഓരോ വര്‍ഷവും ലോകമാസകലം ഒരു ലക്ഷം പേര്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് 2013 മെയ്മാസം 27-ാം തീയതി ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലിന്‍റെ 23-ാം യോഗത്തില്‍ ഐക്യരാഷ്ട്രസംഘടനയ്ക്കുള്ള പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി കൃത്യമായ കണക്കുകള്‍ നിരത്തി വ്യക്തമാക്കിയത്. അതായത്, ഓരോ മണിക്കൂറിലും 11 ക്രൈസ്തവര്‍ കൊല്ലപ്പെടുന്നു! ഗാസായിലെ ഇസ്രായേലിന്‍റെ ബോംബിടലോ ഉക്രയിനിലെ റഷ്യന്‍ കൈകടത്തലുകളോ ലോകത്തിലുണര്‍ത്തുന്ന പ്രതിഷേധത്തിന്‍റെ ചെറിയൊരംശംപോലും ഇക്കാര്യത്തില്‍ ഉണ്ടാകാത്തത് അന്താരാഷ്ട്രനേതാക്കന്മാരുടെയും സംഘടനകളുടെയും സാസ്കാരികനേതാക്കന്മാരുടെയും ഇരട്ടത്താപ്പിന്‍റെ തെളിവല്ലേ? റൂപര്‍ട്ട് ഷോര്‍ട്ടിന്‍റെ ക്രിസ്റ്റ്യാനോഫോബിയ (christianophobia), ജോണ്‍ എല്‍ അലന്‍ ജൂനിയറുടെ ദ ഗ്ലോബല്‍ വാര്‍ ഓണ്‍ ക്രിസ്റ്റ്യന്‍സ് (Global War on Christians) എന്നീ ഗ്രന്ഥങ്ങള്‍ ഈ വിഷയങ്ങളെ ആഴത്തില്‍ പഠിച്ച് വിശകലനം ചെയ്യുന്നുണ്ട്.

അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച് ലോകജനസംഖ്യയുടെ 33% വരുന്ന ക്രൈസ്തവരാണ് മതത്തിന്‍റെ പേരിലുള്ള വിവേചനത്തിന്‍റെ 80 ശതമാനവും അനുഭവിക്കുന്നത്! എല്ലാ വര്‍ഷവും ഓപ്പണ്‍ ഡോര്‍സ് എന്ന സംഘടന ‘വേള്‍ഡ് വാച്ച് ലിസ്റ്റ്’ പ്രസിദ്ധീകരിക്കാറുണ്ട്. ക്രൈസ്തവര്‍ക്ക് ഏറ്റവും അപകടകരമായ 50 രാജ്യങ്ങളുടെ ലിസ്റ്റാണത്. അവയില്‍ 43-ഉം ഇസ്ലാമികരാജ്യങ്ങളാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 2018-ല്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ആദ്യത്തെ 10 സ്ഥാനത്തുള്ള രാജ്യങ്ങള്‍ ഉത്തര കൊറിയ, അഫ്ഗാനിസ്ഥാന്‍, സൊമാലിയ, സുഡാന്‍, പാക്കിസ്ഥാന്‍, എറിത്രേയ, ലിബിയ, ഇറാഖ്, യെമന്‍, ഇറാന്‍ എന്നിവയാണ്.

ചോദിക്കേണ്ട ചില ചോദ്യങ്ങള്‍!

ഈ പശ്ചാത്തലത്തില്‍ ക്രൈസ്തവര്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളാകേണ്ടത് എങ്ങനെയാണ്? തീവ്രവാദികളുടെ ആക്രമണത്തിനും അടിച്ചമര്‍ത്തലിനും തുടരെത്തുടരെ ഇരകളാകുമ്പോള്‍ മെഴുകുതിരി കത്തിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ദേവാലയത്തില്‍ പ്രാര്‍ത്ഥന നടത്തിയും സമാധാന സമ്മേളനങ്ങള്‍ സംഘടിപ്പിച്ചും അനുശോചനങ്ങള്‍ കൈമാറിയും കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിച്ചും സംതൃപ്തിയടയുന്നതു ശരിയാണോ?

“എന്താണ് യഥാര്‍ത്ഥ പ്രശ്നം” എന്ന ചോദ്യം ഉച്ചത്തില്‍ ചോദിക്കാതെയും വിശകലനം ചെയ്യാതെയും ഒരാളും യഥാര്‍ത്ഥ പരിഹാരം തേടുന്നില്ല. അജ്ഞതയും പട്ടിണിയുമാണ് തീവ്രവാദത്തിനു കാരണം എന്ന പഴഞ്ചന്‍ പല്ലവി ആവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ? നല്ല വിദ്യാഭ്യാസവും സാമ്പത്തിക ചുറ്റുപാടും ഉള്ളവരാണല്ലോ ശ്രീലങ്കയില്‍ ഈ അരുംകൊല നടത്തിയത്. മേല്‍പറഞ്ഞ ചോദ്യം മാര്‍പാപ്പായും കര്‍ദിനാളന്മാരും മെത്രാന്മാരുമുള്‍പ്പെടുന്ന ക്രൈസ്തവര്‍ മാത്രമല്ല ചോദിക്കണ്ടത്, ലോകരാഷ്ട്രത്തലവന്മാരും ഐക്യരാഷ്ട്രസംഘടനയും സാംസ്കാരികനായകന്മാരും മതനേതാക്കളുമാണ്. ഈ ചോദ്യം വിശകലനം ചെയ്യാന്‍ സഹായകമായ ഏതാനും ഉപചോദ്യങ്ങള്‍ കുറിക്കുന്നു:

1.ക്രിസ്ത്യാനികള്‍ എന്നു പേരെടുത്തു പറഞ്ഞിരിക്കുന്ന ഏതെങ്കിലും മതഗ്രന്ഥമുണ്ടോ?
2.അതില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ പരാമര്‍ശങ്ങളുണ്ടോ?
3.ഒളിഞ്ഞോ നേരിട്ടോ ഉള്ള ആക്രമണങ്ങള്‍ക്ക് അത്
ആഹ്വാനം ചെയ്യുന്നുണ്ടോ?
4.ഉണ്ടെങ്കില്‍, ഈ ഭാഗങ്ങളെ എങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്?
5.’വിശുദ്ധയുദ്ധ’ത്തിനുള്ള ആഹ്വാനങ്ങള്‍ തീവ്രവാദപരമായി പ്രബോധിപ്പിക്കപ്പെടുന്നില്ലെന്നും ഉപയോഗിക്കപ്പെടുന്നില്ലെന്നും ഉറപ്പുവരുത്താന്‍ എന്തു സംവിധാനമാണ് നിലവിലുള്ളത്?
6.ശ്രീലങ്കയിലേതുപോലെ ഒരു മഹാദുരന്തം കേരളത്തില്‍ അസംഭവ്യമാണോ?

ലോകമനഃസാക്ഷി ഉണരണം

മനുഷ്യത്വത്തെയും ലോകസംസ്കാരത്തെയും നിലവിലുള്ള നിയമങ്ങളെയും തൃണവത്കരിക്കുന്ന ഭീകരര്‍ക്കെതിരേ ലോകമനസ്സാക്ഷി ഉണരണം. കഴുത്തറുക്കാനും കുരിശില്‍ തറയ്ക്കാനും തോക്കിനിരയാക്കാനും ബോംബിനുമുമ്പില്‍ ചിതറിക്കാനുമുള്ളതാണോ ക്രൈസ്തവരുടെ ജീവിതങ്ങള്‍? എത്രയെത്ര ക്രൈസ്തവര്‍ എത്രയിടങ്ങളില്‍നിന്നു പലായനം ചെയ്യേണ്ടിവന്നു! എത്രയെത്ര സ്ത്രീജനങ്ങള്‍ ഇതിനകം മാനഭംഗത്തിനിരയായി! എത്രയെത്ര കുഞ്ഞുങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലായി! എത്രയെത്ര ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു!

ജറുസലേമിലെ കത്തോലിക്കാ പാത്രിയാര്‍ക്കീസ് ഫൂവാദ് ത്വാലിന്‍റെ കണ്ണീരില്‍ ചാലിച്ച വാക്കുകള്‍ ലോകരാഷ്ട്രങ്ങളുടെയും ലോകനേതാക്കളുടെയും സന്മനസ്സുള്ള മനുഷ്യരുടെയും ബധിരകര്‍ണങ്ങളിലാണോ പതിക്കുന്നത്: “ആരെങ്കിലും ഞങ്ങളുടെ നിലവിളി കേള്‍ക്കുന്നുണ്ടോ? ഞങ്ങള്‍ എന്തുമാത്രം തകര്‍ന്നടിഞ്ഞുകഴിഞ്ഞാലാണ് ആരെങ്കിലും എവിടെയെങ്കിലും ഞങ്ങളുടെ സഹായത്തിനു വരാനിരിക്കുന്നത്?!!!”

Leave a Reply

Your email address will not be published. Required fields are marked *