മാര്‍ തോമസ് തറയില്‍
1. നിര്‍ബ്ബന്ധത്തിന്റെ പേരിലാണ് പലരും വൈദികരും സന്ന്യസ്തരും ആകുന്നത്!
പ്രചരിപ്പിക്കപ്പെട്ട തെറ്റിദ്ധാരണയാണ് ഇത്. ആരെങ്കിലും തങ്ങളുടെ ജീവിതത്തില്‍ 100% ബോദ്ധ്യപ്പെട്ട് എന്തെങ്കിലും തീരുമാനം എടുക്കുന്നുണ്ടോ എന്ന് സംശയമാണ്. വിവാഹിതരായ എത്രപേര്‍ക്ക് പറയാന്‍ പറ്റും ഞങ്ങള്‍ 100% തൃപ്തരാണെന്ന്. ഓരോ ജീവിതത്തിലും അതിന്റേതായ വെല്ലുവിളികള്‍ ഉണ്ട്. ഒരു പുരുഷന്‍ സഭയില്‍ സമര്‍പ്പിതജീവിതത്തിനു തീരുമാനമെടുക്കുമ്പോള്‍ ഏതാണ്ട് 25 വയസ്സാകും. ഒരു സ്ത്രീയാണെങ്കില്‍ അവള്‍ നിത്യവൃതം എടുക്കുമ്പോഴേക്കും 25-നും 30-നും ഇടയ്ക്ക് പ്രായമാകും. ഇക്കാലമത്രയും പരിശീലനത്തിലൂടെ കടന്നുപോകുമ്പോള്‍ സ്വതന്ത്ര തീരുമാനമെടുക്കുവാന്‍ നിരന്തരമായ പ്രചോദനമാണ് അവര്‍ക്ക് ലഭിക്കുന്നത്. ജീവിതത്തില്‍ എന്നെങ്കിലും വൃത ബദ്ധമായ ജീവിതം നയിക്കാന്‍ ആവുന്നില്ലെങ്കില്‍ ജീവിതാന്തസ്സ് മാറ്റാനും സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടുതന്നെ വ്യക്തികളുടെ കുറവുകള്‍ക്ക് സഭാ സംവിധാനങ്ങളെ പഴിക്കുന്നതില്‍ അര്‍ത്ഥമില്ല. നിര്‍ബ്ബന്ധത്തിന്റെ പേരില്‍ എന്ത് തീരുമാനം എടുത്താലും അത് അസംതൃപ്തിയിലേ അവസാനിക്കുകയുള്ളൂ.
2. സന്ന്യാസം അടിമത്തമാണ്!
ആന്തരിക സ്വാതന്ത്ര്യം ഉള്ളവര്‍ക്ക് മാത്രമേ സന്ന്യാസത്തില്‍ വളരാന്‍ സാധിക്കൂ. അത്തരം സ്വാതന്ത്ര്യം ജീവിക്കുന്നതുകൊണ്ടാണ് സന്ന്യാസിനീ-സന്ന്യാസികള്‍ക്ക് സമൂഹത്തിലും നിസ്തുലമായ ശുശ്രൂഷകള്‍ സാധിക്കുന്നത്. അവരുടെ ഇടയില്‍ കോളേജ്, സ്‌കൂള്‍ അദ്ധ്യാപകരും പ്രിന്‍സിപ്പല്‍മാരും ഉണ്ട്. സാമൂഹ്യ പ്രവര്‍ത്തകരും അഭിഭാഷകരും ഉണ്ട്. കാരുണ്യപ്രവര്‍ത്തകരുമുണ്ട്. അടിമകള്‍ക്ക് ചിന്തിക്കാന്‍ ആവുന്ന ശുശ്രൂഷകള്‍ ആണോ സന്ന്യാസിനികള്‍ സമൂഹത്തിന് ചെയ്തുകൊണ്ടിരിക്കുന്നത്? അവര്‍ ജോലി ചെയ്ത് ലഭിക്കുന്ന പ്രതിഫലം സമൂഹത്തിന് നല്‍കുന്നത് അവരെടുക്കുന്ന ദാരിദ്ര്യത്തിന്റെ ഭാഗമാണ്. ”തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം അവര്‍ പൊതുവായി കരുതി” എന്ന ആദിമ ക്രൈസ്തവസമൂഹത്തിന്റെ ചൈതന്യമാണ് അത്. ദാരിദ്ര്യ വൃതം എടുക്കാത്ത ബ്രഹ്മചാരികള്‍ക്ക് സ്വകാര്യസ്വത്ത് സൂക്ഷിക്കുവാന്‍ അവകാശം ഉണ്ട് താനും.
ര. സഭയിലെ അനീതിക്കെതിരേ പോരാടേണ്ടേ?

മാര്‍ തോമസ് തറയില്‍
സഭയില്‍ അനീതിയും അക്രമവും ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ സഭയില്‍ തന്നെ ധാരാളം സംവിധാനങ്ങളുണ്ട് എന്നതാണ് വാസ്തവം. സഭ നടപടിയെടുത്തില്ല എന്ന് സമീപകാലത്ത് ആരോപണം ഉന്നയിക്കപ്പെട്ട കേസില്‍ ന്യായമായ അധികാരികളുടെ അടുത്ത് ഒരു പരാതിയും നല്‍കിയിരുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്. പരാതിപ്പെട്ടെന്ന് പറയുന്നിടത്തും പോലീസിന് നല്‍കിയ ആരോപണമുന്നയിച്ചിരുന്നില്ലതാനും. ഇതു വ്യക്തമായി അറിഞ്ഞിട്ടും സഭയിലെ വൈദികര്‍ പോലും സഭാധികാരികളെ കുറ്റപ്പെടുത്തുമ്പോള്‍ വസ്തുതകളെക്കാള്‍ തോന്നലുകളാണ് ജനപ്രിയത എന്ന മാധ്യമ തത്ത്വത്തില്‍ അവരും വിശ്വസിക്കുന്നുണ്ട് എന്ന് തോന്നുന്നു. സന്ന്യാസികളും മെത്രാനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ സി ആര്‍ ഐ പോലെയുള്ള സമിതികള്‍ ഇടപെടും. അതുമല്ലങ്കില്‍ ഉന്നത അധികാരികള്‍ക്ക് പരാതി കൊടുക്കാം. ഗൗരവമായ വൃത ലംഘനം പോലെയുള്ള പരാതികളില്‍ ചൂഷണം തടയാനുള്ള നടപടികള്‍ താമസംവിനാ ഉണ്ടാകുന്നു എന്നതാണ് അനുഭവം. പരാതികളുടെ വാസ്തവം അന്വേഷിക്കുവാനുള്ള സാവകാശം സഭാധികാരികള്‍ക്കും നല്‍കണം. പരാതികള്‍ക്ക് പരിഹാരം തേടി ലോകത്തിന്റെ വഴികളില്‍ പോകുന്ന സന്ന്യാസികളും പുരോഹിതരും തങ്ങളുടെ സമര്‍പ്പിത ജീവിതത്തെ തന്നെ ജനമധ്യത്തില്‍ പരിഹാസ്യമാക്കുന്നു.
മിശിഹായുടെ സഭ പരിഹസിക്കപ്പെടുന്നു
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സമര്‍പ്പിതര്‍ തെരുവിലിറങ്ങുകയും സഭയുടെ തണലില്‍ വളര്‍ന്നവര്‍ ‘നീതി’യുടെ വിപ്ലവം നയിക്കുകയും ചെയ്യുമ്പോള്‍ തെരുവില്‍ കല്ലെറിയപ്പെടുന്നത് മിശിഹായുടെ സഭ മുഴുവനുമാണ്. വ്യക്തികളുടെ കുറവുകളെ സഭാ സംവിധാനങ്ങളുടെ മുഴുവന്‍ കുറ്റങ്ങളായി പ്രചരിപ്പിച്ചാല്‍ മാധ്യമങ്ങള്‍ക്ക് അവര്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കും. അതുകൊണ്ടാണ് ഒറ്റപ്പെട്ട കേസിലെ ആരോപണങ്ങളെ കുമ്പസാരമെന്ന കൂദാശയെയും, സന്ന്യസ്തരുടെയും പുരോഹിതരുടെയും ഒറ്റപ്പെട്ട അവിശ്വസ്തതകളെ സന്ന്യാസ പൗരോഹിത്യ ജീവിതങ്ങളെയും, ഒറ്റപ്പെട്ട അധാര്‍മ്മിക പ്രശ്‌നങ്ങളെ സഭയുടെ ധാര്‍മ്മികതയും ആക്രമിക്കാനായി തല്‍പരകക്ഷികള്‍ ഉപയോഗിക്കുന്നത്. ഇവിടെ സാത്താന്റെ കൈയിലെ ഉപകരണം ആകുന്നത് സഭ പരിശീലിപ്പിച്ചുവിട്ടവര്‍ തന്നെയാണെന്ന വൈരുധ്യം നിലനില്‍ക്കുന്നു. ഒറ്റപ്പെട്ട പ്രശ്‌നങ്ങളെ സാമാന്യവത്കരിക്കുമ്പോള്‍ സഭാ സംവിധാനങ്ങളുടെ വിശ്വസ്തതയെ ക്രൈസ്തവര്‍ തന്നെ തകര്‍ക്കുകയാണ്. സഭയ്ക്ക് ഇന്നും ലോകത്തില്‍ വലിയ കരുണയുടെയും സ്‌നേഹത്തിന്റെയും സാന്നിധ്യമാകാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് സഭാ സ്ഥാപനങ്ങളും സമര്‍പ്പിതര്‍ നല്‍കുന്ന നേതൃത്വവും ഒക്കെയാണ്. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ഇവ അപമാനിക്കപ്പെടുമ്പോള്‍ സഭയുടെ ശുശ്രൂഷാ വേദികളാണ് ചുരുങ്ങുന്നത് എന്ന് നാം തിരിച്ചറിയണം. സമര്‍പ്പിതരും പുരോഹിതരും നല്‍കുന്ന നേതൃത്വമാണ് സഭയുടെ കെട്ടുറപ്പിനു ഉപകരണമായി മാറുന്നത് എന്നതുകൊണ്ടുതന്നെ അവരുടെ എണ്ണം കുറയ്‌ക്കേണ്ടത് സാത്താന്റെ വലിയ ലക്ഷ്യമാണ്. സമര്‍പ്പിത ജീവിതങ്ങളെക്കുറിച്ച് ഈ കാലഘട്ടത്തില്‍ ചാനലുകളില്‍ വന്നചര്‍ച്ചകളുടെ ഫലം നല്ല ദൈവവിളിയുടെ ജ്വാല ഉള്ളവരെ പോലും നിരുത്സാഹപ്പെടുത്തുന്നതില്‍ സാത്താന്‍ വിജയിച്ചു തുടങ്ങിയെന്ന് തോന്നുന്നു.
യൂറോപ്പിന്റെ സാമൂഹിക വളര്‍ച്ചയ്ക്കും സംസ്‌കാര രൂപീകരണത്തിനും അടിസ്ഥാനമായി നിലകൊണ്ട ക്രൈസ്തവസഭ ഇന്നവിടെ ചരച്ചചെയ്യപ്പെടുന്നത് ബാലപീഡനങ്ങളുടെ പേരില്‍ മാത്രം ആകുമ്പോള്‍ അത് വ്യക്തമായ അജണ്ടയുടെ ഭാഗമാണ് എന്നുകൂടി നാം തിരിച്ചറിയണം. ബാലപീഡന കുറ്റങ്ങളില്‍ ചെറിയൊരു ശതമാനം മാത്രമാണ് സഭയോട് ബന്ധപ്പെട്ട് നില്‍ക്കുന്നതെങ്കിലും ചര്‍ച്ചകളെല്ലാം സഭയെക്കുറിച്ച് മാത്രമായി ചുരുങ്ങി. ബാലപീഡനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ സഭയില്‍ മാത്രമേ പ്രാബല്യത്തില്‍ ആയിട്ടുള്ളൂ. മറ്റിടങ്ങളില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും ചര്‍ച്ചാ വിഷയം പോലുമല്ല. സഭയുടെ നന്മകള്‍ മുഴുവന്‍ ഒറ്റപ്പെട്ട തിന്മകളുടെ നിഴലില്‍ ആക്കാനുള്ള സാത്താന്റെ തന്ത്രം വിജയിക്കുന്നു.
സഭയെ നവീകരിക്കാന്‍ എന്ന് പറഞ്ഞുതുടങ്ങിയ ചില പരിശ്രമങ്ങള്‍ എങ്കിലും വ്യക്തികളുടെ പ്രാമാണ്യത്തിലേക്കും സഭയുടെ തകര്‍ച്ചയിലേക്കും നയിച്ചതിനുള്ള ഉദാഹരണങ്ങള്‍ നമ്മുടെ കണ്‍മുമ്പിലുണ്ട്. നീതിക്കുവേണ്ടിയുള്ള ചില പടയോട്ടങ്ങള്‍ സഭയോടുള്ള അനീതിയായി മാറാം എന്ന തിരിച്ചറിവ് നമ്മെ കൂടുതല്‍ പക്വമായ പ്രതികരണങ്ങളിലേക്ക് നയിക്കേണ്ടതാണ്.










Leave a Reply